ബാർബർ ഷോപ്പ് ലൈസൻസ് പുതുക്കൽ: മുടിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണം
Mail This Article
തിരുവനന്തപുരം ∙ അംഗീകൃത ഏജൻസികൾക്ക് മുടിമാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കിയാൽ മാത്രമേ അടുത്ത സാമ്പത്തികവർഷം മുതൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഉൾപ്പെടെ സലൂൺ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകൂ എന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ, മുടിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നെന്ന് ഉറപ്പാക്കണമെന്നു നിർദേശിച്ച മന്ത്രി, സംസ്ഥാനത്ത് ലൈസൻസുള്ള 27,690 സ്ഥാപനങ്ങളിൽ എണ്ണായിരത്തോളം മാത്രമാണ് ഇതിനു തയാറാകുന്നതെന്നും ചൂണ്ടിക്കാട്ടി.
എല്ലാ ഷോപ്പുകളും സർക്കാർ അംഗീകരിച്ച ഏജൻസികൾക്കു മാത്രമേ മാലിന്യം കൈമാറുകയുള്ളൂവെന്ന് സംഘടനകൾ മന്ത്രിക്ക് ഉറപ്പു നൽകി. സംസ്കരണ പ്ലാന്റുകളുണ്ടെന്നും കൃത്യമായി പ്രവർത്തനം നടത്തുന്നുവെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും ശുചിത്വ മിഷനും നേരിട്ടു വിലയിരുത്തിയാണ് ഏജൻസികൾക്ക് അംഗീകാരം നൽകുന്നതെന്നു മന്ത്രി പറഞ്ഞു. ബ്ലേഡ്, പ്ലാസ്റ്റിക്, ഏപ്രൺ, കോട്ടൺ, ടിഷ്യു തുടങ്ങിയവയും ഇതേ ഏജൻസികൾ ശേഖരിക്കും. കടകളിലെ എല്ലാ അജൈവ മാലിന്യവും ഏജൻസികൾ വഴി ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം, ഹരിതകർമ സേനയുടെ യൂസർ ഫീയിൽനിന്ന് ഇത്തരം കടകളെ ഒഴിവാക്കും. ഭക്ഷണവും സാനിറ്ററിയും അടങ്ങുന്ന മാലിന്യം ഉണ്ടെങ്കിൽ ഹരിതകർമ സേനയ്ക്കു പണം നൽകണമെന്നും യോഗത്തിൽ ധാരണയായി. ഏജൻസികളുടെ ഫീസ് ഉയർന്നതാണെന്ന സംഘടനകളുടെ പരാതി പരിശോധിക്കാൻ ശുചിത്വ മിഷനെ മന്ത്രി ചുമതലപ്പെടുത്തി.
പ്രതിവർഷം 900 ടൺ മുടിമാലിന്യം
പ്രതിവർഷം 900 ടൺ മുടിമാലിന്യം ഉണ്ടാകുന്നതായാണ് ഏകദേശ കണക്ക്. രണ്ടു വർഷം കൊണ്ടാണ് ഇവ മണ്ണിലേക്കു വിഘടിച്ചു ചേരുന്നത്. ജലസ്രോതസ്സുകളിലും പൊതു ഇടങ്ങളിലും ഇവ തള്ളുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മുടിമാലിന്യം കത്തിച്ചാൽ അമോണിയ, ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡയോക്സൈഡ് പോലുള്ള വിഷവാതകങ്ങൾ ഉണ്ടാകുന്നു.
സൗന്ദര്യവർധക, ഫാഷൻ മേഖലകളിൽ ഹെയർ എക്സ്റ്റൻഷൻ, വിഗ്, കൺപീലി, മീശ, താടി തുടങ്ങിയവയ്ക്കും ഷാംപു, എണ്ണ, കണ്ടിഷനർ, ചായങ്ങൾ മുതലായവയുടെ ഗുണനിലവാരം പരീക്ഷിക്കാനും റീസൈക്കിൾ ചെയ്ത മുടി ഉപയോഗിക്കുന്നു. അല്ലാത്തവ വളമാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ കേരളത്തിൽ ഉപയോഗിക്കുന്നുണ്ട്.