ചുമച്ച് ചോര തുപ്പി, ചുവപ്പ് നിറഞ്ഞ കണ്ണുകൾ; ജീവശ്വാസം മുട്ടി ഒരു നഗരം
Mail This Article
ബാങ്കോക്ക്∙ കൂടി വരുന്ന അന്തരീക്ഷ മലിനീകരണത്തിലും പുകമഞ്ഞിലും വലഞ്ഞ് തായ്‍ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ജനങ്ങൾ. അന്തരീക്ഷ വായുവിന്റെ നിലവാരം അപകടകരമാം വിധം താഴ്ന്നതോടെ നഗരത്തിൽനിന്നു ഭയപ്പെടുത്തുന്ന ചിത്രങ്ങളാണു പുറത്തുവരുന്നത്. ആളുകൾ ചുമച്ച് ചുമച്ച് ചോര തുപ്പുന്നതും ചുവപ്പു നിറത്തിലുള്ള കണ്ണുകളുടെയും ചിത്രങ്ങൾ ഇതിനകം തന്നെ ചർച്ചാ വിഷയമായിക്കഴിഞ്ഞു.
രാജ്യ തലസ്ഥാനത്തെ 41 ഇടങ്ങളില്‍ നടത്തിയ പരിശോധനയിൽ അന്തരീക്ഷത്തിലെ മലിന കണങ്ങളുടെ അളവ് അപകടകരമായ നിലയിലാണ്. അന്തരീക്ഷവായു മലിനമാക്കുന്ന സൂക്ഷ്മഘടകങ്ങളായ പിഎം (പര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 2.5-ന്റെ അളവു ഗണ്യമായി വർധിച്ചു. മുഖത്തു മാസ്കുകൾ ധരിച്ചല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണു നിര്‍ദേശം. സമൂഹ മാധ്യമങ്ങളിൽ മലിനീകരണം കുറയ്ക്കുന്നതിനായി ഹാഷ്ടാഗ് ക്യാംപെയ്നുകളും ആരംഭിച്ചിട്ടുണ്ട്.
മോശം വായു ശ്വസിച്ചു ആരോഗ്യനില വഷളായതായും ചുമയ്ക്കുമ്പോൾ ചോര പുറത്തേക്കുവരുന്നതായും പറയുന്ന തായ് പൗരന്റെ ദൃശ്യങ്ങളും അതിനിടെ പുറത്തുവന്നു. ഇത് ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തിൽ അധികൃതർ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നു. നഗരത്തിലെ സ്കൂളുകളെല്ലാം ഒരാഴ്ചത്തേക്ക് അടച്ചു. ഡീസൽ കാറുകൾക്കു നിരോധനം ഏർപ്പെടുത്തി. ബാങ്കോക്കിൽ എന്തെങ്കിലും കത്തിക്കുന്നതിനും വിലക്കുണ്ട്.
കൃത്രിമ മഴ പെയ്യിക്കുന്നതിനായി ക്ലൗഡ് സീഡിങ്ങ് നടത്തുന്നുണ്ട്. ചൈനീസ് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി സുഗന്ധ ദ്രവ്യങ്ങൾ കത്തിക്കരുതെന്നാണു നിർദേശം. ബാങ്കോക്കിലെ ഫാക്ടറികളിൽ സേനാ വിഭാഗങ്ങളുടെ പരിശോധന തുടരുകയാണ്. എന്നാൽ ഈ ശ്രമങ്ങളെല്ലാം തുടരുന്നതിനിടെയും നഗരത്തിലെ മലിനീകരണ തോതു മുകളിലേക്കാണ്. കഴിഞ്ഞ ബുധനാഴ്ച എയർവിഷ്വൽ ഡോട്ട്. കോം പുറത്തുവിട്ട കണക്കിൽ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ബാങ്കോക്ക്. തലസ്ഥാനത്തിന്റെ ദുരവസ്ഥ തായ്‍ലൻഡിലെ വിനോദ സഞ്ചാര മേഖലയ്ക്കും തിരിച്ചടിയാകുമെന്നാണു കരുതുന്നത്.