ADVERTISEMENT

കൊച്ചി∙ ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണി കൊച്ചിയിൽ നടത്താനിരുന്ന ‘വാലന്റൈൻസ് ഡേ നൈറ്റ്’ പരിപാടി മാറ്റിവയ്ക്കാൻ കാരണമായത് ചില സാങ്കേതിക തടസങ്ങൾ കാരണമെന്നു സംഘാടകർ.

സ്റ്റേജ് ഒരുക്കുന്നതിന് അവർ ആവശ്യപ്പെട്ട സംവിധാനങ്ങൾ മുംബൈയിൽ നിന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ച് ഒരുക്കാൻ സാധിക്കില്ല എന്നു വന്നതിനാലാണ് പരിപാടി ഉപേക്ഷിക്കേണ്ടി വന്നതെന്നു സയോൺ ക്രിയേഷൻ ഡയറക്ടർ മൻസൂർ അലി മനോരമ ഓൺലൈനോടു പറഞ്ഞു. 

‘‘സ്റ്റേജിനു വേണ്ട സംവിധാനങ്ങൾ കാണിച്ച് അവർ രണ്ടാമത് അയച്ച മെയിൽ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഒരുക്കങ്ങൾ പരിശോധിക്കാനെത്തിയവർ പറഞ്ഞപ്പോഴാണ് ഇത് ശ്രദ്ധയിൽ പെട്ടത്. എന്നാൽ മുംബൈയിൽ നിന്നും മറ്റും എത്തിക്കേണ്ട സംവിധാനങ്ങൾ ഒറ്റദിവസം കൊണ്ട് ഒരുക്കാനാവില്ല എന്നറിയിച്ചതിനാലാണ് അവർ പരിപാടിയിൽ നിന്ന് പിൻമാറിയത്. പരിപാടിയുടെ ജിഎസ്ടിയുമായി ബന്ധപ്പെട്ട തർക്കങ്ങളും പരിപാടി പിൻവലിക്കാൻ കാരണമായി.’’ – അദ്ദേഹം പറയുന്നു.

അങ്കമാലി അഡ്‍ലക്സ് കൺവൻഷൻ സെന്ററിൽ വാലന്റൈൻസ് ദിനത്തിൽ നടക്കാനിരുന്ന പരിപാടിയുടെ ടിക്കറ്റുകൾ കാര്യമായി വിറ്റു പോയിട്ടില്ല എന്നും സംഘാടകർ പറയുന്നു. ജോബോയി ആപ്പ് വഴി 80 ടിക്കറ്റുകളും ബുക് മൈ ഷോ ആപ്പ് വഴി 80 ടിക്കറ്റുകളും നേരിട്ട് 30 ടിക്കറ്റുകളുമാണ് ആകെ വിറ്റു പോയത്. കുറെ കോംപ്ലിമെന്ററി ടിക്കറ്റുകളും വിതരണം ചെയ്തിരുന്നു. ഇത് സാമ്പത്തികമായി പ്രതിസന്ധിയുണ്ടാക്കി. എന്നാൽ പരിപാടി ഉപേക്ഷിച്ചിട്ടില്ലെന്നും അവരുടെ മറ്റൊരു തീയതി ലഭിച്ചാൽ പരിപാടി സംഘടിപ്പിക്കുമെന്നും മൻസൂർ അലി പറഞ്ഞു. 

വൈകിട്ട് നടക്കാനിരുന്ന ഷോയിൽ നിന്ന് പിൻമാറുന്ന കാര്യം ട്വിറ്ററിലൂടെ സണ്ണി ലിയോണി തന്നെയാണ് പുറത്തുവിട്ടത്. ‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റൈൻസ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത്’ എന്നായിരുന്നു സണ്ണി ലിയോണിയുടെ ട്വിറ്റർ കുറിപ്പ്. 

പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്‍മാറാന്‍ കാരണമെന്നും പറയുന്നു. മാര്‍ച്ച് രണ്ടിന് കൊച്ചിയില്‍ നടക്കുന്ന വനിതാ ഫിലിം അവാര്‍ഡ് നിശയില്‍ എത്തുമെന്നും സണ്ണി ലിയോണി ട്വിറ്ററിൽ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com