ഭീകരരെ തകർത്ത സേനയെ അഭിനന്ദിച്ച് പാർട്ടികൾ; സന്തോഷമെന്ന് സുഷമ
Mail This Article
ന്യൂഡൽഹി ∙ പുൽവാമയിൽ ഭീകരർ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേർക്കു നടത്തിയ ആക്രമണത്തിനു പകരമായി നിയന്ത്രണരേഖ മറികടന്ന് അതിശക്തമായി തിരിച്ചടിച്ചെന്ന് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിതല സമിതിയുടെ യോഗത്തിനുശേഷം കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാക്കിസ്ഥാനിലെ ഭീകരക്യാംപുകൾ തകർത്ത ഇന്ത്യൻ സേനയുടെ നടപടിയെ സർവകക്ഷിയോഗത്തിലെ എല്ലാ പാർട്ടികളും അഭിനന്ദിച്ചെന്നും ഇതിൽ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഭീകരവിരുദ്ധ നടപടികൾക്ക് പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതായും സുഷമ അറിയിച്ചു.
‘ബാലാകോട്ടിലെ ആക്രമണങ്ങൾ നിരവധി ഭീകരരെ ഇല്ലാതാക്കി. ഇവരിൽ ജയ്ഷെ കമാൻഡർമാരും പരിശീലനം ലഭിച്ച ഭീകരരും ഉണ്ടായിരുന്നു. ജയ്ഷിന്റെ ഏറ്റവും വലിയ ക്യാംപാണ് തകർത്തത്. കൊടുംകാടിനു നടുവിൽ മറ്റു ജനവാസമില്ലാത്ത സ്ഥലത്താണു ക്യാംപുകൾ സ്ഥിതിചെയ്തിരുന്നത്. കൊല്ലപ്പെട്ടത് വൻ സംഘമാണ്. കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. സാധാരണ ജനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. ജയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ ബന്ധു യൂസഫ് അസ്ഹറും കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ബാലാകോട്ട് ക്യാംപിന്റെ മുഖ്യ ചുമതലക്കാരൻ യൂസഫ് ആയിരുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്’– വിജയ് ഗോഖലെ വ്യക്തമാക്കി.
‘2014ൽ പറഞ്ഞത് ആവർത്തിക്കേണ്ട സമയമാണിപ്പോഴെന്ന് ആത്മാവ് പറയുന്നു. ഈ മണ്ണിനെതൊട്ടു സത്യം ചെയ്യുകയാണ്. ഈ രാജ്യത്തെ മരിക്കാൻ അനുവദിക്കില്ല. ഈ രാജ്യത്തെ ഇല്ലാതാക്കാൻ അനുവദിക്കില്ല. ഈ രാജ്യത്തെ തലകുനിക്കാൻ സമ്മതിക്കില്ല. ഇതു ഭാരതാംബയ്ക്കുള്ള എന്റെ വാക്കാണ്. നമ്മുടെ സായുധസേനയെ, ഇന്ത്യക്കാരെ ഈ പ്രധാനസേവകൻ സല്യൂട്ട് ചെയ്യുന്നു’– ഇന്ത്യയുടെ തിരിച്ചടിക്കു ശേഷം രാജസ്ഥാനിലെ റാലിയിൽ നരേന്ദ്ര മോദി പറഞ്ഞു. പുലർച്ചെ 3.30ന് ഇന്ത്യൻ വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങളാണ് മുസഫറാബാദ്, ബാലാകോട്ട്, ചകോതി മേഖലകളിലെ ഭീകര ക്യാംപുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാംപുകൾ പൂർണമായി തകർത്തു. ഇന്ത്യൻ തിരിച്ചടിയുടെ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.
English Summary: India Hits Main Jaish Camp In Balakot, Two weeks after the terror attack in Jammu and Kashmir's Pulwama