ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ വിജയം ലക്ഷ്യമിട്ട് സിപിഎം സ്ഥാനാർഥി പട്ടികയാകുന്നു. പതിനാറ് മണ്ഡലങ്ങളിലെ‌ സ്ഥാനാർഥി നിർണയത്തെ കുറിച്ചാണ് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച നടത്തിയത്. കോട്ടയത്ത് ഡോ. സിന്ധുമോള്‍ ജേക്കബ്, കോഴിക്കോട് എ. പ്രദീപ്കുമാര്‍ എംഎൽഎ, വടകരയില്‍ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് എന്നിവർക്കാണ് പട്ടികയിൽ മുന്‍തൂക്കം. ആലപ്പുഴയില്‍ എ.എം.ആരിഫ് എംഎൽഎ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും.

കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രന്‍, ചാലക്കുടിയില്‍ പി.രാജീവ്, പത്തനംതിട്ടയില്‍ രാജു എബ്രഹാം മലപ്പുറത്ത് വി.പി.സാനു എന്നിവര്‍ക്കാണ് നിലവില്‍ മുന്‍തൂക്കം. മലപ്പുറത്തും പൊന്നാനിയിലും പൊതുസ്വതന്ത്രരെ പരീക്ഷിക്കുന്ന കാര്യവും സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.കരുണാകരന്‍ ഒഴികെയുള്ള സിറ്റിങ് എംപിമാെര മല്‍സരിപ്പിക്കാനാണ് തീരുമാനം.

ചാലക്കുടിയിൽ ഇന്നസെന്റും ആറ്റിങ്ങലില്‍ എ.സമ്പത്തും പാലക്കാട് എം.ബി.രാജേഷും കണ്ണൂരില്‍ പി.കെ.ശ്രീമതിയും വീണ്ടും ജനവിധി തേടും. ആലത്തൂരില്‍ പി.കെ.ബിജുവിന് വീണ്ടും അവസരം നല്‍കാനാണ് തീരുമാനം. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ് തന്നെ സ്വതന്ത്രസ്ഥാനാര്‍ഥിയാകും. കൊല്ലത്ത് കെ.എന്‍.ബാലഗോപാൽ സീറ്റുറപ്പിച്ചുകഴിഞ്ഞു. ഇന്നസെന്റിനെ ചാലക്കുടിയില്‍ നിന്ന് എറണാകുളത്തേക്കു മാറ്റാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും പി.രാജീവിന്റെയും, സാജു പോളിന്റെയും പേരുകളാണ് ഇപ്പോൾ പരിഗണിക്കുന്നത്.

സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ പട്ടിക ബുധനാഴ്ച ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും. വ്യാഴാഴ്ച മുതല്‍ ചേരുന്ന സംസ്ഥാനസമിതിക്കു ശേഷം കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കും. അതേസമയം, ലോക് താന്ത്രിക് ജനതാദള്‍ സിപിഎമ്മുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. കോഴിക്കോട്, വടകര സീറ്റുകളില്‍ ഒന്ന് വേണമെന്ന് എല്‍ജെഡി ആവശ്യപ്പെട്ടു. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സിപിഎം അറിയിച്ചു. അന്തിമതീരുമാനം വെള്ളിയാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിലുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com