പത്തനംതിട്ട: പരീക്ഷണശാലയിൽ വിജയം തേടി ബിജെപി; മുന്നണികൾക്ക് അഭിമാനപ്പോരാട്ടം
Mail This Article
പത്തനംതിട്ട∙ പമ്പാനദിയുടെ കരയില്‍ അടുത്തിടെ പുരാവസ്തു വകുപ്പ് നടത്തിയ ഖനത്തില്‍ തെളിഞ്ഞുവന്നതു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രശേഷിപ്പുകളാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയുടെ രാഷ്ട്രീയ മനസ്സ് അറിയണമെങ്കില്‍ അതിലും വലിയ ഉത്ഖനനം നടത്തേണ്ട സാഹചര്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയില്‍ മത്സരിക്കാന്‍ തയാറാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു ചോദിക്കേണ്ടിവരുന്നതും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തിയതും അഞ്ചു വര്‍ഷത്തിനിടെ മണ്ഡലത്തിലെ രാഷ്ട്രീയം എത്ര മാറിയെന്നു വ്യക്തമാക്കും. മാറ്റത്തിനു കാരണം ഒന്നുമാത്രം– ശബരിമലയിലെ യുവതീപ്രവേശനം.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വരുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഏതാണ്ടു പൂര്‍ത്തിയാകാനാണു സാധ്യത. വിധി അനുകൂലമായാലും പ്രതികൂലമായാലും മണ്ഡലം പിടിക്കുകയെന്നതു മുന്നണികള്‍ക്ക് അഭിമാനപ്രശ്നമാണ്. പത്തനംതിട്ടയിലെ ജയം വരുംകാല രാഷ്ട്രീയ നിക്ഷേപമാണെന്നു മുന്നണികള്‍ക്കറിയാം.
കേരളത്തില്‍ അടുത്തകാലത്തുണ്ടായ പ്രതിഷേധ സമരങ്ങളുടെയും സംഘര്‍ഷങ്ങളുടെയും കേന്ദ്രമായിരുന്നു പത്തനംതിട്ട ജില്ല. 2008ല്‍ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തി മണ്ഡലം പുനഃസംഘടിപ്പിച്ചു– കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, അടൂര്‍, തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി. ഇതില്‍ കോന്നിയും കാഞ്ഞിരപ്പള്ളിയും യുഡിഎഫ് ഭരിക്കുന്നു. അടൂര്‍, തിരുവല്ല, റാന്നി, ആറന്‍മുള എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്. പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്.
മണ്ഡല പുനര്‍നിര്‍ണയം നടന്നശേഷമുള്ള 2009ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി സിപിഎം സ്ഥാനാര്‍ഥി കെ.അനന്തഗോപനെ 1,11,206 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പില്‍ ആന്റോ ആന്റണി സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ പീലിപ്പോസ് തോമസിനെ 56,191 വോട്ടുകള്‍ക്ക് തോല്‍പിച്ചു. പോള്‍ ചെയ്ത 65.84 ശതമാനം വോട്ടില്‍ ആന്റോ ആന്റണി 41.19 ശതമാനവും പീലിപ്പോസ് തോമസ് 35.48 ശതമാനവും നേടി. ബിജെപി സ്ഥാനാർഥി എം.ടി.രമേശിന് 1,38,954 വോട്ടുകള്‍ ലഭിച്ചു. അപരനായ പീലിപ്പോസ് നേടിയത് 16,493 വോട്ടുകള്‍.
ജില്ലയില്‍ ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാതിരുന്ന എല്‍ഡിഎഫ് ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വിട്ട പിലീപ്പോസിനെ സ്ഥാനാര്‍ഥിയായി പരീക്ഷിക്കുകയായിരുന്നു. 2009ല്‍ സിപിഎം സ്ഥാനാര്‍ഥി ഏറെ പിന്നിലായതാണു പാര്‍ട്ടിയെ ഈ തീരുമാനത്തിലേക്കെത്തിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കനനുസരിച്ച് മണ്ഡലത്തിലെ വോട്ടര്‍മാര്‍ 13,23,906. പോള്‍ ചെയ്ത വോട്ടുകള്‍ 8,71,251. ക്രൈസ്തവ, നായര്‍ സമുദായത്തിനു നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണു പത്തനംതിട്ട. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്ന്. കോണ്‍ഗ്രസ് നേതാവായിരുന്ന പീലിപ്പോസ് തോമസ് സിപിഎം സ്വതന്ത്രനായി മത്സരിക്കുന്നതും ആറന്‍മുളയില്‍ വിമാനത്താവളം വരുന്നതും റബ്ബറിന്റെ വിലയിടിവുമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങളെങ്കില്‍ ഇത്തവണ സാഹചര്യങ്ങള്‍ ആകെ മാറി.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് പാര്‍ട്ടിയുമായി അകന്നതാണ് ഇത്തവണ തലവേദന. അനുരഞ്ജന ചര്‍ച്ചകള്‍ പലതവണ നടന്നെങ്കിലും ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എന്‍എസ്എസ്. ശബരിമലയില്‍ സ്വീകരിച്ച നിലപാട് ശരിയാണെന്നും ജനങ്ങള്‍ ഒപ്പമുണ്ടാകുമെന്ന വിശ്വാസത്തിലാണ് സിപിഎം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷംനടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേട്ടമുണ്ടാക്കാനായതും, കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയുടെ ഭൂരിപക്ഷം പകുതിയായി കുറയ്ക്കാനായതും പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. മണ്ഡലത്തില്‍ പൊതുസ്വതന്ത്രനെയോ ഘടകക്ഷികളെയോ പരീക്ഷിക്കാം എന്ന തരത്തിലും ചര്‍ച്ചകള്‍ നീങ്ങുന്നു. കെ.ജെ.തോമസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരുടെ പേരുകളാണ് ഈ ഘട്ടത്തില്‍ ഉയർന്നുകേള്‍ക്കുന്നത്.
യുഡിഎഫിന്റെ ഉറച്ച മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളാണു തലവേദന. ആന്റോ ആന്റണിക്കെതിരെ പത്തനംതിട്ട കോണ്‍ഗ്രസില്‍ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍നിന്നുള്ള സ്ഥാനാര്‍ഥികളെ പരിഗണിക്കണമെന്നാണ് ആവശ്യം. ഡിസിസി അധ്യക്ഷന്‍ ബാബു ജോര്‍ജ്, മുന്‍ അധ്യക്ഷന്‍ പി.മോഹന്‍രാജ് എന്നിവര്‍ ആന്റോ ആന്റണിയെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ഡിസിസിയോഗത്തിലും ഗ്രൂപ്പ് വ്യത്യാസമില്ലാതെ ആന്റോ ആന്റണിക്കെതിരെ വികാരമുയര്‍ന്നു.
യുഡിഎഫില്‍ ആന്റോ ആന്റണി, പി.സി.വിഷ്ണുനാഥ്, പി.ജെ.കുര്യന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലെന്നറിയുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാണ്. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. എന്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ നിലപാട് അനുകൂലഘടകമാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും, പ്രളയാനന്തര പുനര്‍നിര്‍മാണത്തില്‍ വരുത്തിയ വീഴ്ചകളും പ്രചരണായുധങ്ങളാകും. മണ്ഡലത്തില്‍ ബിജെപി സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ പാര്‍ട്ടിക്ക് ആശങ്കയുണ്ട്. പാര്‍ട്ടിവോട്ടുകള്‍ ചോര്‍ന്നാലുണ്ടാകുന്ന സാഹചര്യങ്ങള്‍ വിലയിരുത്തി, തടയാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നു.
ബിജെപിയുടെ സ്ഥാനാര്‍ഥിയെന്നാല്‍ ഒ.രാജഗോപാല്‍ മാത്രമാണെന്ന അവസ്ഥയില്‍നിന്ന് മൂന്നു മണ്ഡലങ്ങളിലെങ്കിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിയുന്ന നിലയിലേക്ക് മാറിയെന്നതാണ് ബിജെപിയെ ഈ തിരഞ്ഞെടുപ്പില്‍ വ്യത്യസ്ഥരാക്കുന്നത്. തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട എന്നീ മണ്ഡലങ്ങളില്‍ ഒരിടത്തെങ്കിലും വിജയിക്കാന്‍ കഴിയുമെന്നും പാര്‍ട്ടി അവകാശപ്പെടുന്നു. ശബരിമലയിലെ യുവതീപ്രവേശത്തിനെതിരായി നടത്തിയ പ്രക്ഷോഭങ്ങളാണ്
പാര്‍ട്ടിയുടെ ശക്തി. മണ്ഡലത്തില്‍ ഓരോ വര്‍ഷവും ഉയരുന്ന വോട്ടുകളാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. 2009ല്‍ കെ.ബാലകൃഷ്ണമേനോന്‍ മത്സരിച്ചപ്പോള്‍ 56,294 വോട്ടുകളാണ് ലഭിച്ചത്. ബിജെപി ജനറല്‍ സെക്രട്ടറി എം.ടി.രമേശിന് 1,38,954 വോട്ടുകളും ലഭിച്ചു. ആറന്‍മുള വിമാനത്താവള വിഷയം ചര്‍ച്ചയാക്കിയപ്പോള്‍ വോട്ടുകള്‍ ഒരു ലക്ഷം കടന്നെങ്കില്‍, ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി പരമാവധി വോട്ടുകള്‍ സംഭരിക്കാനാണ് ശ്രമം. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായവും പ്രതീക്ഷിക്കുന്നു. സുരേഷ്ഗോപി, അല്‍ഫോന്‍സ് കണ്ണന്താനം, എം.ടി.രമേശ് എന്നിവരാണ് ബിജെപി പട്ടികയില്‍.