ജമ്മു ബസ് സ്റ്റാന്‍ഡിലെ സ്ഫോടനം: ഹിസ്ബുള്‍ ഭീകരൻ അറസ്റ്റിൽ
Mail This Article
ശ്രീനഗർ∙ ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തിനു പിന്നിൽ ഹിസ്ബുള്‍ മുജാഹിദീനെന്നു സൂചന. ഹിസ്ബുൾ ജില്ലാ കമാൻഡർ ഫാറൂഖ് അഹമ്മദ് ഭട്ടാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ കുൽഗാം സ്വദേശി യാസിർ ഭട്ടിനെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുണ്ടെന്നാണ് സൂചന.യാസിർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 40 ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ പുൽവാമ ഭീകരാക്രമണത്തിനു മൂന്നാഴ്ചയ്ക്കു ശേഷമാണ് ഈ സംഭവം.
വ്യാഴാഴ്ച രാവിലെ 11.30ഓടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 30 പേര്‍ക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഹരിദ്വാർ സ്വദേശി മുഹമ്മദ് ഷരീക്(17) ആണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണ്. ബസിന്റെ അടിയിലാണ് ഗ്രനേഡ് സ്ഥാപിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.
ജമ്മു നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്റ്റാന്‍ഡ്. കഴിഞ്ഞ 10 മാസത്തിനിടെ പ്രദേശേത്ത് ഉണ്ടാകുന്ന മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണ് ഇത്. ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്. ബസില്‍ യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പ്രദേശം സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്.