സൈനികർക്ക് പ്രതീക്ഷയായി ‘പുതിയ മരുന്ന്’; യുദ്ധമുഖത്തെ മരണസംഖ്യ കുറയ്ക്കാം
Mail This Article
ന്യൂഡൽഹി∙ 90 ശതമാനത്തിലധികം മാരകമായി പരുക്കേറ്റ് മണിക്കൂറുകൾകൾക്കുള്ളിൽ വീരചരമമടയുന്ന സൈനികർക്ക് പ്രതീക്ഷയായി ഡിആർഡിഒയുടെ ‘പുതിയ മരുന്ന്’. മാരകമായ പരുക്കുമൂലം മികച്ച ചികിത്സാ സംവിധാനങ്ങളുടെ അടുത്തേക്ക് എത്തിക്കാൻ വൈകി മണിക്കൂറുകൾക്കുള്ളിൽ മരണമടയുന്ന സൈനികരുടെ ജീവൻ രക്ഷിക്കാൻ പുതിയ മരുന്നിന് കഴിയുമെന്നാണ് പ്രതീക്ഷ. പുതിയ മരുന്ന് ഉപയോഗിക്കുകയായിരുന്നെങ്കിൽ ഫെബ്രുവരി 14ല്‍ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിലെ മരണസംഖ്യ കുറയ്ക്കാനായേനെ എന്നും ഡിആർഡിഒയുടെ പരീക്ഷണശാല അധികൃതർ പറയുന്നു.
രക്തം വാർന്നൊഴുകുന്ന മുറിവ് അടയ്ക്കുന്ന വസ്തുക്കൾ, മുറിവിലെ രക്തം പൂർണമായി വലിച്ചെടുക്കുന്ന പഞ്ഞി - തുണി ആദിയായവ, ഗ്ലിസറിൻ ഉപയോഗിച്ചിട്ടുള്ള സലൈൻ ലായിനികൾ തുടങ്ങിയവ വനത്തിലും ഉയർന്ന പ്രതലങ്ങളിലുമുള്ള യുദ്ധഭൂമിയിൽ പരുക്കേൽക്കുന്നവർക്ക് ഉപയോഗിക്കാനാകുന്ന തരത്തിൽ രൂപകൽപ്പന ചെയ്തതാണ്.
ഡിആർഡിഒയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നൂക്ലിയർ മെഡിസിൻ ആൻഡ് അല്ലൈഡ് സയൻസ് ലബോറട്ടറിയിലാണ് (ഐഎൻഎംഎഎസ്) പുതിയ മരുന്നുകൾ കണ്ടുപിടിച്ചത്. പരുക്കേറ്റ് ആദ്യ മണിക്കൂറുകളിൽത്തന്നെ ഇവ ഉപയോഗിക്കുകയാണെങ്കിൽ ജീവിച്ചിരിക്കുന്നവരുടെ എണ്ണം കൂട്ടാനും അംഗഭംഗം വരുന്നവരുടെ എണ്ണം കുറയ്ക്കാനും കഴിഞ്ഞേക്കും.
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങൾ നടത്തുന്ന ലബോറട്ടറിയാണ് ഐഎൻഎംഎഎസ്. യുദ്ധമുഖത്ത് ഉണ്ടാകുന്ന അടിയന്തര സാഹചര്യമെന്നത് അമിത രക്തസ്രാവം, സെപ്സിസ്, രക്തത്തിന്റെ അളവു കുറഞ്ഞുപോകുന്ന ഹൈപോവോളെമിയ, ഷോക്ക്, വേദന തുടങ്ങിയവയാണ്. ഇവയ്ക്കു കൃത്യസമയത്തു ചികിത്സ ലഭ്യമാക്കുകയാണെങ്കിൽ സൈനികരുടെ ജീവൻ രക്ഷിക്കാനാകും. അതിനായാണ് ഡിആർഡിഒ മരുന്നുകൾ നിർമിച്ചത്- ഡിആർഡിഒയുടെ ലൈഫ് സയൻസസ് വിഭാഗം ഡയറക്ടർ ജനറൽ എ.കെ. സിങ് അറിയിച്ചു.
പുതിയ മരുന്നുകൾ ഉപയോഗിച്ചാൽ യുദ്ധമുഖത്തുനിന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ അമിതമായി രക്തം വാർന്നുപോയുള്ള ബുദ്ധിമുട്ടുകൾ സൈനികർക്ക് അനുഭവിക്കേണ്ടിവരില്ല. ഗ്ലിസറിൻ ഉപയോഗിച്ചിട്ടുള്ള സലൈൻ ലായിനികൾ –18 ഡിഗ്രി കാലാവസ്ഥയിലും കട്ടിപിടിക്കില്ല. ഉയർന്ന പ്രതലത്തിലുള്ള അപകടാവസ്ഥകളെ നേരിടാൻ ഈ ലായിനിക്കു കഴിയും. മുറിവുകൾ കെട്ടാന്‍ സാധാരണ ഉപയോഗിക്കുന്ന വസ്തുക്കളെക്കാൾ 200 മടങ്ങ് അധികം ഗുണകരമാണ് പുതിയതായി കണ്ടുപിടിച്ചവ. മുറിവിനു മുകളിൽ പാട പോലെനിന്നു രക്തസ്രാവത്തെ ചെറുക്കുകയാണ് ചിറ്റോസാൻ ജെൽ ചെയ്യുന്നത്.
കണ്ടെത്തിയ മരുന്നുകൾ സേനയിൽ ഉപയോഗിക്കാൻ പ്രാപ്തമായതായി ഐഎൻഎംഎഎസ് അഡീഷനൽ ഡയറക്ടർ അസീം ഭട്നഗർ പറഞ്ഞു. അർധസൈനിക വിഭാഗത്തിൽ ഇവ ഉൾക്കൊള്ളിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. മറ്റു സേനകളിൽ പിന്നാലെ ഉൾക്കൊള്ളിക്കും.
English Summary: Indian defence lab develops 'combat drugs' to reduce casualties in Pulwama type attacks, warfare