ADVERTISEMENT

കൊച്ചി ∙ ആവശ്യക്കാർ എന്ന വ്യാജേന വിളിച്ചു വരുത്തി, കണ്ണൂർ സ്വദേശിയിൽ നിന്ന് 2 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. വളപട്ടണം കെ.വി.ഹൗസിൽ ആഷിഖിനെയാണ് (26) എക്‌സൈസ് സ്‌പെഷൽ സ്ക്വാഡ് ഇൻസ്‌പെക്ടർ പി.ശ്രീരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് റെയിൽവേ പാലത്തിനു സമീപത്തുനിന്നു ബൈക്ക് സഹിതമാണ് ഇയാൾ പ്രിവന്റീവ് ഓഫിസർ എ.എസ്.ജയൻ, പി.എക്സ്.റൂബൻ,എം.എം.അരുൺ വിപിൻദാസ്, ചിത്തിര, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘത്തിന്റെ പിടിയിലായത്.

ആഷിഖിനെ പറ്റി എക്സൈസ് നൽകിയ വിശദീകരണം: നഗരത്തിൽ ഓട്ടോ ഓടിച്ചിരുന്ന ഇയാൾ പിന്നീട് കഞ്ചാവ് കച്ചവടത്തിലേക്കു തിരിയുകയായിരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നു കഞ്ചാവ് വാങ്ങി 500 രൂപ മുതൽ 1000 രൂപ വരെ വിലയുള്ള പൊതികളാക്കി വിറ്റാണു തുടക്കം. അമിത ലാഭം കിട്ടിത്തുടങ്ങിയപ്പോൾ ഓട്ടോറിക്ഷ ഓടിക്കുന്നതു നിർത്തി, തട്ടുകട തുടങ്ങി. ഇതിന്റെ മറവിൽ, ഭക്ഷണം വാങ്ങാൻ വരുന്നവരെന്ന വ്യാജേ‌ന ഇടപാടുകാരെ വിളിച്ചു വരുത്തി കഞ്ചാവ് വിതരണം വ്യാപിപ്പിച്ചു.

പിന്നീട് ഇന്നോവ, ഡസ്റ്റർ തുടങ്ങിയ വിലകൂടിയ കാറുകൾ വാടകയ്ക്ക് എടുത്ത്, പരിശോധന ഒഴിവാക്കാൻ സ്ത്രീകളെയും ഒപ്പമിരുത്തി കമ്പം, തേനി എന്നിവിടങ്ങളിൽനിന്ന് എറണാകുളത്തേക്കു കഞ്ചാവ് കടത്തിത്തുടങ്ങി. ബെംഗളൂരുവിൽ നിന്നു ട്രെയിനിലും കഞ്ചാവു കടത്തി. മാസത്തിൽ മൂന്നോ നാലോ തവണയായി 10 മുതൽ 20 കിലോ വരെ കഞ്ചാവ് കടത്താറുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുറികൾ വാടകയ്ക്കെടുത്ത്, ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തു. വിശ്വസ്തരായ ചില്ലറ വിൽപനക്കാർക്കു മാത്രമാണു നേരിട്ടു കഞ്ചാവ് നൽകിയിരുന്നത്. പുതിയ ആവശ്യക്കാർക്ക് ഏജന്റുമാർ വഴിയായിരുന്നു വിതരണം. ഏജന്റുമാർക്കു മാസ ശമ്പളവും ലഹരിമരുന്നുമായിരുന്നു പ്രതിഫലം.

‘ബോംബെ ഭായ്’ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. വേഷത്തിലും രൂപത്തിലും മാറ്റം വരുത്തി, സംശയം തോന്നാത്ത രീതിയിലായിരുന്നു കഞ്ചാവ് വിൽപന. 15,000 രൂപയ്ക്കു മേൽ പ്രതിമാസ വാടകയുള്ള വീടുകളിലാണു താമസം. ഒരു വീട്ടിലും അധികനാൾ തങ്ങില്ല. ആർഭാട ജീവിതമായിരുന്നു ഇയാളുടേതെന്നും എക്സൈസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com