ADVERTISEMENT

ന്യൂഡൽഹി∙ സാധാരണ, ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയാണു സെമി ഫൈനലെന്നു വിളിക്കുക. കീരീടത്തിനു വേണ്ടിയുള്ള ഫൈനൽ പോരാട്ടം അതിനു ശേഷമാണ്. എന്നാൽ, ബംഗാളിൽ, ബിജെപിക്ക് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് സെമി ഫൈനലാണ്. ഫൈനൽ 2 വർഷം കഴിഞ്ഞു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.

ബിജെപിയുടെ നല്ല കാലം തുടങ്ങിയതു സിപിഎമ്മിന്റെയും ഇടതുപാർട്ടികളുടെയും പതനത്തോടെയാണ്. ഇടതിനു നഷ്ടപ്പെട്ട വോട്ടുകൾ ബിജെപിയുടെ അക്കൗണ്ടിലെത്തി. ഹിന്ദി ബെൽറ്റിലും ആദിവാസി മേഖലകളിലും പാർട്ടിയുടെ വളർച്ച പെട്ടെന്നായിരുന്നു. ബംഗാളിൽനിന്നുള്ള കുടിയേറ്റക്കാർ കൂടുതലുള്ള അതിർത്തി ജില്ലകളിലും സ്വാധീനം വർധിച്ചു. അംഗത്വം 43 ലക്ഷത്തിലെത്തി.

2014ലെ തിരഞ്ഞെടുപ്പിൽ 2 ലോക്സഭാ സീറ്റിൽ ജയിച്ച ബിജെപി നേടിയതു 18% വോട്ടാണ്. മുൻ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 11.86 ശതമാനമായിരുന്നു വർധന. ഇതേസമയം, സിപിഎമ്മിനു 10.1% വോട്ടു കുറഞ്ഞു.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പോടെ ബിജെപി, സിപിഎമ്മിനും കോൺഗ്രസിനും മേൽ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ മുഖ്യ എതിരാളിയാരെന്ന കാര്യത്തിൽ സംശയമില്ല.

ബിജെപിയുടെ മുൻഗാമിയായ ജനസംഘ് 1952ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 9 സീറ്റിൽ ജയിച്ചിരുന്നു. ഇത്തവണ ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം 22 സീറ്റാണ് – ആകെയുള്ള 42 സീറ്റുകളുടെ പകുതിയിലേറെ. ലക്ഷ്യത്തിന്റെ പകുതിയെങ്കിലും നേടാൻ സാധ്യത നിലനിൽക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേയ്ക്കു വോട്ടു വിഹിതം 35 ശതമാനത്തിലെത്തുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. നിലവിൽ 3 സീറ്റു മാത്രമുള്ള പാർട്ടി, 294 അംഗ സഭയിൽ ഭൂരിപക്ഷവും സ്വപ്നം കാണുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ആർക്കൊപ്പം? വോട്ടർമാർ സംസാരിക്കുന്നു...

ഇടതുപക്ഷവും കോൺഗ്രസും കൂടുതൽ ദുർബലരാകുമ്പോൾ തൃണമൂലിന്റെ മുഖ്യ എതിരാളികളുടെ സ്ഥാനം അവർ ഏറ്റെടുത്തു കഴിഞ്ഞു.

English Summary: BJP views Lok Sabha election in Bengal as a semi final before the assembly polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com