ADVERTISEMENT

വാരാണസി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം പോലും അപകടത്തിലാണെന്ന് ഗംഗായാത്രയുടെ മൂന്നാം ദിനത്തിന്‍റെ തുടക്കത്തില്‍ അവര്‍ കുറ്റപ്പെടുത്തി. ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്നും ജനങ്ങൾ വിഡ്ഢികളാണെന്ന മോദിയുടെ ചിന്ത മാറ്റേണ്ട സമയം കഴിഞ്ഞെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കോൺഗ്രസിന്റെ കുടുംബവാഴ്ച രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ നശിപ്പിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനു മറുപടി നൽകുകയായിരുന്നു പ്രിയങ്ക. 2014 ൽ കുടുംബവാഴ്ചയെ തള്ളി ജനങ്ങൾ സത്യസന്ധതയ്ക്കാണ് വോട്ട് ചെയ്തതെന്നും പ്രധാനമന്ത്രി ബ്ലോഗിൽ അവകാശപ്പെട്ടിരുന്നു.

മോദിയുടെ പാര്‍ലമെന്റ് മണ്ഡലമായ വാരാണസിക്കടുത്തുള്ള മിര്‍സാപുറില്‍ കഴിഞ്ഞ ദിവസം സംസാരിക്കവേ, 70 വർഷത്തെ ഭരണത്തിന്റെ പേരിൽ ഞങ്ങളെ കുറ്റപ്പെടുത്തുന്ന മോദി അഞ്ചു വർഷം ഭരണത്തിൽ ഇരുന്നിട്ട് എന്താണ് ചെയ്തത് എന്നതിന് ഉത്തരം വേണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. പ്രസംഗങ്ങളെക്കാള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അതിനാണ് ഈ യാത്രയെന്നും പ്രിയങ്ക പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ആർക്കൊപ്പം? വോട്ടർമാർ സംസാരിക്കുന്നു...

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെയും പ്രിയങ്ക കടന്നാക്രമിച്ചിരുന്നു. ‘രണ്ടു വർഷത്തെ ഭരണത്തിൽ യോഗി ആദിത്യനാഥ് ഒന്നും ചെയ്തിട്ടില്ല. ബിജെപിയുടെ പ്രോഗ്രസ് റിപ്പോർ‍ട്ടും സ്വയം പുകഴ്ത്തലും മികച്ചതു തന്നെ. ഞാൻ എന്നും സാധാരണക്കാരെ കാണുന്നതാണ്. അവരിപ്പോഴും ദുരിതത്തിലാണ്’– പ്രിയങ്ക പറഞ്ഞു. നേരത്തെ പ്രിയങ്ക ഗാന്ധിയെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ കാശി ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നല്‍കിയിരുന്നു. പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.

മൂന്നു ദിവസം കൊണ്ട് കിഴക്കന്‍ ഉത്തർപ്രദേശിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെ ജനങ്ങളെ നേരില്‍ കണ്ടു സംസാരിക്കുക ലക്ഷ്യമിട്ടാണ് ‘സാഞ്ചി ബാത്ത് പ്രിയങ്ക കെ സാത്ത്’ എന്ന പരിപാടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. അലഹബാദിലെ രണ്ട് മണ്ഡലങ്ങള്‍, മിർസാപൂർ, ബദോയ്, പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി എന്നിവടങ്ങളിലാണ് പ്രിയങ്കയുടെ സന്ദർശനം.

തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം പ്രിയ‌ങ്ക ഇ‌റ്റലിയിലേക്കു മടങ്ങുമെന്ന ബിജെപിയുടെ വിമർശനത്തിനും അവർ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. ‘ഞാൻ മൂന്നുനാലു വർഷമായി ഇറ്റലിയിൽ പോയിട്ടില്ല. അവിടേക്ക് പോകുന്നത് എന്റെ മുത്തശ്ശിയെ കാണാനാണെന്നു മറക്കരുത്.’ –പ്രിയങ്ക മാധ്യമപ്രവർത്തകരോടു പറഞ്ഞു. പ്രിയങ്കയുടെ വരവ് ‘പിക്നിക്ക്’ പോലെയാണെന്നും തിരഞ്ഞെടു‌പ്പിനു ശേഷം ‌ഇറ്റലിയിലേക്കു മടങ്ങുമെന്നും ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശർമ വിമർ‌ശിച്ചിരുന്നു.

English Summary: PM should stop thinking people are fools Priyanka Gandhi on his blog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com