തിരുവല്ലയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു
Mail This Article
കൊച്ചി∙ പ്രണയം നിരസിച്ചതിന് തിരുവല്ലയിൽ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരണത്തിനു കീഴടങ്ങി. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരിക്കെ വൈകിട്ട് ആറുമണിയോടെയായിരുന്നു മരണം. ഇന്ന് ഉച്ചയോടെ പെൺകുട്ടിയുടെ രക്ത സമ്മർദം ഉയരുകയും ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുകയും ചെയ്തതതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു.
നെഞ്ചിൽ ഉൾപ്പെടെ ഗുരുതരമായി പൊള്ളലേറ്റതാണു മരണത്തിനു കാരണമായത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. പൊലീസ് എത്തി നാളെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. കഴിഞ്ഞ 12 ാം തീയതിയായിരുന്നു പെൺകുട്ടിക്കെതിരെ അക്രമമുണ്ടായത്. കോളജ് വിദ്യാർഥിനിയായ പെൺകുട്ടിയെ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു നടുറോഡിൽ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. 55 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് എറണാകുളത്ത് എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
പെൺകുട്ടിയെ കുത്തിപ്പരുക്കേൽപ്പിച്ച അജിൻ പൊലീസ് കസ്റ്റഡിയിലാണ്. കത്തിയും രണ്ടു കുപ്പി പെട്രോളുമായാണ് അജിൻ യുവതിയെ ആക്രമിച്ചത്. പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. തിരുവല്ലയിൽ റേഡിയോളജി വിദ്യാർഥിനിയായ പെൺകുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് തിരുവല്ല പൊലീസ് പറഞ്ഞത്. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഇവര്‍ ഒരുമിച്ചു പഠിച്ചവരാണ്. ഇപ്പോൾ പെൺകുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു ആക്രമണം.
തിരുവല്ലയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ സംസാരിച്ച് വാക്കേറ്റമുണ്ടായി. ഇതിനുപിന്നാലെ കുപിതനായ അജിൻ കൈവശമുണ്ടായിരുന്ന കുപ്പിയിൽനിന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീപിടിച്ച് പെൺകുട്ടി അലറുന്നത് ഇയാൾ കണ്ടുനിന്നുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, പെൺകുട്ടിയെ വകവരുത്തി ആത്മഹത്യ ചെയ്യാനായിരുന്നു അജിന്റെ പദ്ധതിയെന്നും പൊലീസ് പറയുന്നു. പെൺകുട്ടി അജിനെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.