ADVERTISEMENT

രണ്ടാം ലോകമഹായുദ്ധ കാലത്ത് കടലിൽ മറഞ്ഞ യുദ്ധക്കപ്പലുകൾ എണ്ണമറ്റതാണ്. അവയിൽ പലതിലുമുണ്ടായിരുന്നവർക്ക് എന്താണു സംഭവിച്ചതെന്നു പോലും ഇപ്പോഴും അറിയില്ല. പക്ഷേ അവസാനമായി യുദ്ധക്കപ്പലുകളെ കണ്ടയിടങ്ങളിൽ എത്തി കടലിനടിയിലേക്ക് റോബട്ടുകളെ അയയ്ക്കുന്ന ഒരു ഗവേഷണ പദ്ധതി മൈക്രോസോഫ്റ്റ് സ്ഥാപകരിലൊരാളായ പോൾ അലന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ഒട്ടേറെ കപ്പലുകളും അവർ കണ്ടെത്തി. എട്ടു പതിറ്റാണ്ടോളം കടലിനടിയിൽ മറഞ്ഞിരുന്ന യുഎസ്എസ് വാസ്പ് എന്ന യുദ്ധക്കപ്പലാണ് ഈ പട്ടികയിൽ ഏറ്റവും അവസാനത്തേത്. യുഎസ് ഹോണെറ്റ് എന്ന കപ്പൽ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ഇത്. 

USS Wasp
യുഎസ്എസ് വാസ്പിന്റെ അവശിഷ്ടങ്ങൾ. ചിത്രം: ട്വിറ്റർ

1942 മുതൽ കാണാതായ വാസ്പിനെ പസഫിക്കിൽ 14,000 അടി താഴെയാണു കണ്ടെത്തിയത്. ഗവേഷണക്കപ്പലായ പെട്രേലിൽ നിന്നു പുറപ്പെട്ട റോബട്ടുകൾ ആദ്യം കണ്ടെത്തിയത് കപ്പലിന്റെ ചില അവശിഷ്ടങ്ങളായിരുന്നു. തുടർന്നു പരിശോധന ശക്തമാക്കിയതോടെയാണ് യുദ്ധവിമാനങ്ങളും ടാങ്കുകളും നിറഞ്ഞ നിലയിൽ കപ്പൽ കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധകാലത്തെ പോരാട്ടങ്ങളിൽ ഇന്നും നിർണായക സ്ഥാനത്തു നിർത്തി യുഎസും ബ്രിട്ടനും പ്രശംസ ചൊരിയുന്ന കപ്പലാണ് വാസ്പ്. കടന്നൽ എന്നർഥമുള്ള ഈ കപ്പലിൽ നിന്നുയർന്ന വിമാനങ്ങൾ ആകാശത്തു മൂളിപ്പറന്നു ‘കുത്തി’വീഴ്ത്തിയത് ജപ്പാനും ജര്‍മനിയും ഇറ്റലിയും ഉൾപ്പെട്ട അച്ചുതണ്ടു ശക്തികളുടെ വിലയേറിയ യുദ്ധതന്ത്രങ്ങളെയായിരുന്നു.

USS-Wasp-2
യുഎസ്എസ് വാസ്പ്

ഇറ്റലിക്കു തെക്കായാണു മാൾട്ട ദ്വീപിന്റെ സ്ഥാനം. ഏകദേശം ഒന്നര നൂറ്റാണ്ടോളം ഇത് ബ്രിട്ടന്റെ കീഴിലായിരുന്നു. മെഡിറ്ററേനിയൻ മേഖലയിലെമ്പാടും തങ്ങളുടെ ശക്തി തെളിയിക്കാൻ ബ്രിട്ടൻ ഉപയോഗിപ്പെടുത്തിയത് മാൾട്ടയിലെ തുറമുഖമായിരുന്നു. ഒരുകാലത്തു ലോകത്തെ വിറപ്പിച്ച യുദ്ധക്കപ്പലുകൾ നങ്കൂരമിട്ടിരുന്നതും മാൾട്ടയിലായിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് സ്ഥിതി മാറി. ജർമനിയുടെയും ഇറ്റലിയുടെയും യുദ്ധവിമാനങ്ങൾ ആകാശം കീഴടക്കി. ആ യുദ്ധത്തിൽ വൈകാതെ തന്നെ മാൾട്ടയെ അച്ചുതണ്ടു ശക്തികൾ തച്ചുതകർത്തു. എന്നാൽ തന്ത്രപ്രധാനമായ തങ്ങളുടെ താവളം എന്തു വില കൊടുത്തും സംരക്ഷിക്കാനായിരുന്നു അന്നത്തെ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന്റെ തീരുമാനം. 

USS Wasp
യുഎസ്എസ് വാസ്പ് മുങ്ങിയപ്പോൾ(ഇടത്) അവശിഷ്ടം കണ്ടെത്തിയപ്പോൾ(വലത്)

അങ്ങനെ സഖ്യകക്ഷിയായ യുഎസ് തങ്ങളുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് വാസ്പിനെ 1942 ഏപ്രിലിൽ മാൾട്ടയിലേക്ക് അയച്ചു. ഒട്ടേറെ യുദ്ധവിമാനങ്ങളുമായിട്ടായിരുന്നു യാത്ര. യുദ്ധം കനത്ത സമയമായതിനാൽ മാൾട്ടയിലേക്ക് എത്താൻ വാസ്പിനായില്ല. ജിബ്രാൾട്ടറിലെ സുരക്ഷിത തീരത്തേക്ക് നീങ്ങുകയും ചെയ്തു. വാസ്പിൽ നിന്നു പറന്നുയർന്ന യുദ്ധവിമാനങ്ങളെല്ലാം പക്ഷേ അവസാന ശ്വാസം വരെ കനത്ത ആക്രമണം അഴിച്ചുവിട്ടു. വൈകാതെ തന്നെ മിക്ക വിമാനങ്ങളും കടലിൽത്താഴുകയും ചെയ്തു. പക്ഷേ ചർച്ചിൽ പിന്മാറിയില്ല. യുഎസ് പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റിനോട് വാസ്പിന്റെ സഹായം ഒരിക്കൽ കൂടി ആവശ്യപ്പെട്ടു. ‘നിങ്ങളുടെ കടന്നലിന് ഒരു തവണ കൂടി കുത്താന്‍ സാധിക്കുമോ?’ എന്നായിരുന്നു ചോദ്യം. 

USS Wasp
യുഎസ്എസ് വാസ്പിന്റെ അവശിഷ്ടങ്ങൾ. ചിത്രം: ട്വിറ്റർ

ഒരു ഡസനിലേറെ യുദ്ധവിമാനങ്ങളുമായി വാസ്പ് വീണ്ടുമെത്തി. ഒപ്പം ഒരു ബ്രിട്ടിഷ് യുദ്ധക്കപ്പലും. മേയിൽ മാൾട്ടയിലെത്തി ആക്രമണം തുടർന്നതോടെ ഇത്തവണ സഖ്യകക്ഷികൾ വിജയം കണ്ടു. ആ സമയത്താണ് പസഫിക് മേഖലയിൽ യുഎസിന് കൂടുതല്‍ യുദ്ധക്കപ്പലുകളെത്തിക്കേണ്ട ആവശ്യം വന്നത്. അവിടെ ഒരോരോ ദ്വീപുകളായി പിടിച്ചെടുത്ത് ജപ്പാനെ തുരത്തുകയായിരുന്നു യുഎസിന്റെ ലക്ഷ്യം. യുദ്ധത്തിനാവശ്യമായ സാമഗ്രികളുമായി പോകുകയായിരുന്ന കപ്പൽവ്യൂഹത്തെ അനുഗമിക്കാനായിരുന്നു വാസ്പിനു നിയോഗം. പക്ഷേ കടലിൽ ഒളിച്ചിരുന്ന ജപ്പാന്റെ അന്തർവാഹിനി തുരുതുരാ ടോർപിഡോകൾ പ്രയോഗിച്ചു. കപ്പൽവ്യൂഹത്തിലെ യുഎസ്എസ് ഒബ്രിയനും യുഎസ്എസ് നോർത്ത് കാരലിനയും ടോർപിഡോ പ്രഹരത്തിൽ തകർന്നു. 

വാസ്പിനേറ്റ പ്രഹരവും ശക്തമായിരുന്നു. കപ്പലിനു തീപിടിച്ചു. രണ്ടായിരത്തോളം അംഗങ്ങളിൽ 176 പേരാണ് അന്നു കടലിൽത്താഴ്ന്നത്. 1942 സെബ്റ്റംബർ 15നായിരുന്നു സംഭവം. ജപ്പാൻ കടലും ആകാശവും കീഴടക്കിയിരുന്ന കാലത്ത് അതിനുള്ള ഏറ്റവും വലിയ മറുപടിയായിരുന്നു യുഎസ്എസ് വാസ്പ്. യുദ്ധവിമാനങ്ങളെയും വഹിച്ചുള്ള ഇതിന്റെ വരവ് അച്ചുതണ്ടു ശക്തികൾക്കുണ്ടാക്കിയ നാശനഷ്ടങ്ങൾ കുറച്ചൊന്നുമായിരുന്നില്ല.

യുഎസ്എസ് വാസ്പിന്റെ പുതുതലമുറ കപ്പലുകൾ ഇന്നും പസഫിക് മേഖലയിലെ കരുത്തുറ്റ സാന്നിധ്യമാണ്. കടലിൽ മുങ്ങിയ യുദ്ധക്കപ്പലുകൾ തിരിച്ചെടുക്കേണ്ട എന്നതാണ് യുഎസ് നേവിയുടെ നയം. നാവികരുടെ പാവനമായ ശവകുടീരങ്ങളായാണ് അവയെ കണക്കാക്കുന്നത്. അതിനാൽത്തന്നെ യുഎസ്എസ് വാസ്പിന്റെ അവശിഷ്ടങ്ങളും കടലിനടിയിൽ നിദ്ര തുടരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com