ADVERTISEMENT

പാലക്കാട്∙ തന്നെ അധിക്ഷേപിച്ച എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെതിരെ ആലത്തൂർ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് പരാതി നൽകിയത്. തനിക്കെതിരായ പരാമര്‍ശം ആസൂത്രിതനീക്കമാണെന്നും പി.കെ. ബിജുവിന്റെ പ്രതികരണ അപ്രതീക്ഷിതമാണെന്നും രമ്യ പറഞ്ഞു. സിപിഎം പറയുന്ന നവോത്ഥാനം എന്താണെന്നു സംശയമുണ്ടെന്നും രമ്യ പറഞ്ഞു.

തനിക്കും അച്ഛനും അമ്മയും കുടുംബവുമുണ്ടെന്ന് ഓർക്കണമായിരുന്നു. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് പൊതുരംഗത്ത് നിലനിൽക്കുന്നത്. ആശയപരമായ പോരാട്ടമാണ് വേണ്ടത്. വ്യക്തിഹത്യ അംഗീകരിക്കാനാവില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. പ്രസംഗത്തിന്റെ വിഡിയോ പൊലീസിനു കൈമാറും. 

നവോത്ഥാന മുദ്രാവാക്യമുയര്‍ത്തുന്നവര്‍ സ്ത്രീകളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. സ്ത്രീ സുരക്ഷയ്ക്കു ഏറെ പ്രാധാന്യം നൽകുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. താൻ എങ്ങനെയുള്ള വ്യക്തിയാണെന്ന് ആലത്തൂർ ജനതയ്ക്കറിയാം. എത്ര പ്രതിസന്ധിയുണ്ടായാലും തളരില്ലെന്നും ആലത്തൂരിൽ ജയിക്കുമെന്നും രമ്യ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമർശം തിരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാക്കുന്നതിനാണു യുഡിഎഫിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ആലോചിക്കുന്നുണ്ട്.

ഇന്നലെ പൊന്നാനിയിൽ എൽഡിഎഫ് കണ്‍വൻഷനിടെയാണ് വിജയരാഘവൻ രമ്യ ഹരിദാസിനെ അധിക്ഷേപിച്ചത്. ഇടതുമുന്നണി സ്ഥാനാർഥി പി.വി.അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിൽ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനു തൊട്ടുമുൻപായിരുന്നു പ്രസംഗം.

രമ്യ ഹരിദാസിന്റെ പേരു പറയാതെ ‘ആലത്തൂരിലെ സ്ഥാനാർഥിയായ പെൺകുട്ടി’ എന്ന പേരിലാണ് പരാമർശം നടത്തിയത്. ‘ആലത്തൂരിലെ സ്ഥാനാര്‍ഥി പെൺകുട്ടി, അവർ ആദ്യം പോയി പാണക്കാട് തങ്ങളെക്കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാൻ വയ്യ. അതു പോയിട്ടുണ്ട്’ – എന്നായിരുന്നു വിജയരാഘവൻ പറഞ്ഞത്.

സ്ത്രീത്വത്തെ അവഹേളിച്ച വിജയരാഘവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലും മറ്റും പ്രതിഷേധം ശക്തമായി. ഇതോടെ താൻ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദേശിച്ചല്ല സംസാരിച്ചതെന്നും വിജയരാഘവൻ പറഞ്ഞു. 

English Summary: LDF Convener A Vijayaraghavan insulted alathur congress candidate Remya Haridas, Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com