ഉടയോനുറങ്ങി; ഉള്ളുലഞ്ഞ് പാലാ
Mail This Article
കോട്ടയം ∙ അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്റെ നെടുംതൂണായി നിന്ന കെ.എം.മാണിക്ക് നാടിന്റെ യാത്രാമൊഴി. പൂർണ ഔദ്യോഗിക ബഹുമതികളോടെ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു സംസ്കാരച്ചടങ്ങുകള്‍. മൂന്നു മണിയോടെ കരിങ്ങോഴയ്ക്കൽ വീട്ടിൽ നിന്നു പുറത്തിറക്കിയ ഭൗതികദേഹം നാലരയോടെ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ എത്തിച്ചു. വൈകിട്ട് മൂന്നിനാണ് സംസ്കാരം നിശ്ചയിച്ചിരുന്നത്. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ തിരക്കു കാരണം വൈകിട്ട് ആറരയോടെയാണു ചടങ്ങുകൾ പൂർത്തിയായത്. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിലായിരുന്നു സംസ്കാര ശുശ്രൂഷകൾ. കുടുംബാംഗങ്ങളും രാഷ്ട്രീയ സഹപ്രവർത്തകരും ഉൾപ്പെടെയുള്ളവർ അന്ത്യചുബനം നൽകി.
ഇന്നലെ രാവിലെ 10 മണിയോടെ കൊച്ചിയിൽ നിന്നു പുറപ്പെട്ട കെ.എം.മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്നു രാവിലെ ഏഴു കഴിഞ്ഞപ്പോഴാണു പാലായിലെത്തിയത്. മതസാംസ്കാരിക നേതാക്കൾ വിവിധയിടങ്ങളിൽ ആദരാഞ്ജലികൾ അർപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറിമാർ, ഭരണ പ്രതിപക്ഷ നേതാക്കൾ, വിവിധ കക്ഷി നേതാക്കൾ, മതമേലധ്യക്ഷൻമാർ തുടങ്ങിയവരും കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവരും ആദരാഞ്ജലി അർപ്പിച്ചു. നെട്ടൂര്‍, മരട്, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, കാണക്കാരി, ഏറ്റുമാനൂർ, കോട്ടയം, മരങ്ങാട്ടുപള്ളി തുടങ്ങിയ ഇടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.