ഡൽഹിയോടും മാണിസാർ ചോദിച്ചു: എന്നാ ഒണ്ട് വിശേഷം?
Mail This Article
ഡൽഹിയിൽ നിന്നു മാണിസാർ പലതും പ്രതീക്ഷിച്ചു. എന്നാൽ, കാര്യമായൊന്നും കിട്ടിയില്ലെന്നതാണു വാസ്തവം. മാണിയിലെ ‘മാ’യുടെ ദീർഘംപോലും പലരും അംഗീകരിച്ചിരുന്നില്ല. മണിയെന്നാണ് മലയാളമറിയാത്ത ഡൽഹി നേതാക്കൾ അദ്ദേഹത്തെ വിളിച്ചത്. പാർലമെന്റിൽപോലും കേരള കോൺഗ്രസ് (മണി) എന്നാണ് പാർട്ടി പരാമർശിക്കപ്പെട്ടത്. മണിയടിച്ചു നേടുന്ന ശീലം അദ്ദേഹത്തിന് ഇല്ലായിരുന്നു താനും.
വേണമെങ്കിൽ പറയാം, മാണിസാറിന് ഡൽഹിയിൽനിന്ന് കാര്യമായി ലഭിച്ചത് ഒരു കത്താണ്. കെ.കരുണാകരന്റെ സമ്മർദ്ദത്താൽ പ്രചോദിതനായി 1981 ഒക്ടോബറിൽ എഐസിസി ജനറൽ സെക്രട്ടറി ജി.കെ.മൂപ്പനാർ ഡൽഹിയിലിരുന്ന് എഴുതിയതും തിരുവനന്തപുരത്ത് ൈകമാറപ്പെട്ടതുമായ കത്ത്: ‘‘പ്രിയപ്പെട്ട മാണീ, താങ്കളും ഞങ്ങളുടെ പാർട്ടി നേതാക്കളുമായി സംസാരിച്ചതനുസരിച്ച്, ആസന്നമാകുന്ന അസംബ്ളി തിരഞ്ഞെടപ്പിൽ നിങ്ങളുടെ പാർട്ടിക്ക് 22 സീറ്റ് തരാൻ ഞങ്ങൾ തയ്യാറാണ്’’ – മാണിയെ ഇടതു മുന്നണിയിൽനിന്നു പുറത്തുചാടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ആ കുഞ്ഞുകത്ത്. അന്നും മാണിക്ക് കേന്ദ്ര മന്ത്രിസ്ഥാനം സൂചിപ്പിക്കപ്പെട്ടു.
പിന്നെ മാണി കേന്ദ്ര മന്ത്രിയാകുമെന്നു പ്രതീക്ഷിക്കുന്നത് ചന്ദ്രശേഖർ സർക്കാരിന്റെ കാലത്താണ്. സത്യപ്രതിജ്ഞയ്ക്കു ധരിക്കാനുള്ള കുപ്പായവും കരുതിയാണ് മാണി കേരള ഹൗസിലെത്തുന്നത്. എത്തിയദിവസം വൈകുന്നേരം കോൺഗ്രസ് ആസ്ഥാനത്തുനിന്ന് പാർട്ടി നേതാവിന്റെ ഫോൺവിളിയെത്തി: നാളത്തെ സത്യപ്രതിജ്ഞയ്ക്കു തയ്യാറായിക്കൊള്ളുക. രാത്രിയിൽ ചില പത്രങ്ങൾ അച്ചുനിരത്തി: ‘മാണി മന്ത്രി, ഇന്നു സത്യപ്രതിജ്ഞ.’
ഉറങ്ങാൻ കിടന്ന മാണി വെളുപ്പിനെ എഴുന്നേറ്റു. സത്യപ്രതിജ്ഞയ്ക്കു മുൻപ് ഗോൾ ഡാകാ ഘാന പള്ളിയിൽ പോയി കുർബാനയിൽ പങ്കെടുക്കണമെന്ന താൽപര്യത്തോടെ. എന്നാൽ, അപ്പോഴേക്കും, ഗുഡ് മോണിങ് പറയാതെ ഒരു സന്ദേശമെത്തി. പട്ടികയിൽ പേരില്ല. പലരെയും വിളിച്ച് പട്ടികയിൽ കയറാൻ ശ്രമം നടത്തി, ഫലിച്ചില്ല. ഉച്ചകഴിയുംവരെ മാണിസാർ മുറിക്കു പുറത്തിറങ്ങിയില്ല. ഉച്ചതിരിഞ്ഞു നടത്തിയ പത്രസമ്മേളനത്തിൽ, കോൺഗ്രസുകാർ പാരവച്ചു എന്ന് അദ്ദേഹം തുറന്നടിച്ചു.
പിന്നെയും, രാഷ്ടീയപ്രാധാന്യമുള്ള ഇടവേളകളിൽ, മാണി മന്ത്രിയെന്നും ഗവർണറെന്നുമൊക്കെ ഡൽഹിയിൽ സംസാരങ്ങളുണ്ടായി. പാർട്ടിയുടെ പടിയിറങ്ങിപ്പോയ പി.സി.തോമസ് മന്ത്രിയായി. പിന്നീട്, മാണിയുടെ മകൻ ജോസ് കെ.മാണി മന്ത്രിയാകുമെന്നു വാർത്തകളുണ്ടായി. ലോക്സഭയിലിരിക്കെ ജോസ് രാജ്യസഭയിലേക്ക് എത്തുകയെന്നതു മാത്രം കേരള കോൺഗ്രസ് എമ്മിന് ഡൽഹിയിൽനിന്നു ലഭിച്ച തീരുമാനമായി. ഡൽഹിയിൽ ചരക്കു സേവന നികുതി കൗൺസിൽ മാണി അധ്യക്ഷനായത് മന്ത്രിയെന്ന നിലയ്ക്കാണ്. റബറിന്റെ വില കൂട്ടണമെന്നാവാം മാണിസാർ ഡൽഹിയിൽ ഏറ്റവും കൂടതൽ വാദിച്ചത്.
മാധ്യമ സുഹൃത്തുക്കൾ
വല്ലപ്പോഴും മാത്രം ഡൽഹിയിൽ വന്ന മാണിക്ക് മുതിർന്ന മാധ്യമപ്രവർത്തകരായിരുന്നു പ്രധാന സുഹൃത്തുക്കൾ. അതും, കേരള രാഷ്ട്രീയത്തിലെ മാണിയെ അറിയുന്നവർ. ടിവിആർ ഷേണായ്, വി.കെ.മാധവൻകുട്ടി, ജോർജ് വർഗീസ്... എന്നിങ്ങനെ ചെറിയൊരു ഗണം മാത്രം. അവരുമായി രാഷ്ട്രീയം പറഞ്ഞും കൊറിച്ചും സന്തോഷിച്ചു. പിന്നീട്, സുപ്രീം കോടതി ജഡ്ജിമാരായ കുര്യൻ ജോസഫും സിറിയക് ജോസഫും അഭിഭാഷകരായ എം.ടി.ജോർജും വിൽസ് മാത്യൂസുമൊക്കെ ഡൽഹിയിലും സൗഹൃദം പങ്കിട്ടു.
കേരള ഹൗസിൽ ജോലി ചെയ്യുന്ന കോട്ടയംകാരൻ ഷാജി കുര്യാക്കോസായിരുന്നു ഡൽഹിയിൽ മാണിസാറിന്റെ പ്രധാന കൈത്താങ്ങ്.ചന്ദ്രശേഖർ മന്ത്രിസഭയിൽ മാണിയുണ്ടാകുമെന്നു പറയാൻ വിളിച്ച ഫോണെടുത്തു മാണി സാറിനു കൈമാറിയ ഷാജി, കഴിഞ്ഞ വർഷം, അനാരോഗ്യത്തിലായ മാണിസാറിനെ ഡൽഹിയിൽ ജോസിന്റെ ഫ്ളാറ്റിൽനിന്നിറങ്ങുമ്പോൾ കൈപിടിക്കാനുമുണ്ടായിരുന്നു..
കേരള ഹൗസിലും, ‘‘മുറിയിലെത്തിയാൽ, എഴുത്തോടെഴുത്ത്, മുറി ഒഴിയുമ്പോൾ വേസ്റ്റ് ബാസ്ക്കറ്റിൽ നിറയെ ചുരുട്ടിയെറിഞ്ഞ കടലാസായിരിക്കും.’’ – ഷാജി ഓർത്തെടുത്തു. എപ്പോൾ ഡൽഹിയിൽ വന്നാലും ഒരുതവണയെങ്കിലും മാണിസാർ ഗോൾ ഡാക് ഘാന തിരുഹൃദയ ദേവാലയത്തിൽ പ്രാർഥിക്കാൻ മറന്നില്ല.
സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മോൺ.സി.ജോസഫ് ഡൽഹിയിലുണ്ടായിരുന്ന നാളുകളിൽ അദ്ദേഹവുമായി തിരുവനന്തപുരത്തു തുടങ്ങിയ സൗഹൃദം പങ്കുവയ്ക്കാനും സാധിച്ചു.മാൽച്ച മാർഗിലെ ജാപ്പനീസ് റസ്റ്ററന്റ് ഫ്യുജിയ. അവിടെയാണ് ഡൽഹിയിൽ മാണിസാർ ഇഷ്ടഭക്ഷണം കണ്ടെത്തിയത്. ഇടയ്ക്കൊക്കെ, കൊണാട്ട് പ്ളേസിലും കരോൾ ബാഗിലും ഷോപ്പിങ് നടത്തി, കുട്ടിയമ്മയ്ക്കു സാരിയും മക്കൾക്കു മധുരവും കൊച്ചുമക്കൾക്കു കളിപ്പാട്ടവും വാങ്ങി. വല്ലപ്പോഴും കൊണാട്ട് പ്ളേസിലെ വേദീസിൽ പോയി കോട്ടും തയ്പിച്ചു.
മാണിസാറിന്റെ വേർപാട് ഡൽഹിയിലെ മാധ്യമങ്ങളും തിരുവനന്തപുരത്തുനിന്നുള്ള വാർത്തയാക്കി, കേരളത്തിലെ രാഷ്ട്രീയ ചാണക്യനെന്നതുൾപ്പെടെയുള്ള വിശേഷണങ്ങളോടെ. കൃത്യമായ ഇഷ്ടാനിഷ്ടങ്ങളുള്ള നഗരമാണ് ഡൽഹി. അത് എല്ലാവരെയും കൈതുറന്ന് സ്വീകരിക്കാറില്ല. മാണിസാറിന്റെ കാര്യത്തിലും അതാണു സംഭവിച്ചത്. പാലായുടെ കാര്യത്തിലാണെങ്കിൽ അതു നേരത്തെ സംഭവിച്ചതാണ്. കൊണാട്ട് പ്ളേസിലും ബ്രാഞ്ചുണ്ടായിരുന്ന പാലാ സെൻട്രൽ ബാങ്കിന്റെ കാര്യത്തിൽ. എന്നിട്ടും മാണിസാർ സാധ്യതകളുടെ നഗരമായ ഡൽഹിയെ ഇഷ്ടപ്പെട്ടു. അതു മാണിസാറിന്റെ രീതി. എന്നാ ഒണ്ടു വിശേഷമെന്ന് ഡൽഹിയിൽ വന്ന് ആധികാരികമായി ചോദിക്കാനും ഉത്തരത്തിനുമുൻപേ ചുമകലർത്തി ചിരിക്കാനും ഇനി മാണിസാറില്ല.