ADVERTISEMENT

പത്തനംതിട്ട ∙ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ എറ്റവും ശക്തമായ മൽസരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി പത്തനംതിട്ട മാറിയതെങ്ങനെ എന്നു ചോദിച്ചാൽ ശബരിമല പത്തനംതിട്ടയിലായതിനാലാണ് എന്നതാണ് ആദ്യ ഉത്തരം. പിന്നീടാണ് മൽസരിക്കുന്നവരിലേക്കു വരിക. അപ്പോഴാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മൽസരങ്ങളിലൊന്നായി പത്തനംതിട്ടയിലെ മൽസരം മാറുന്നത്.

സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ. സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്.

ഫലം പ്രവചനാതീതമായി മാറിയ പത്തനംതിട്ട ലോക്സഭാ സീറ്റിൽ മൂന്നുപേരും ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. വിജയത്തിനു വേണ്ടതെല്ലാം ചേർക്കാൻ പഴുതടച്ച പ്രചാരണമാണ് മൂന്നു മുന്നണികളും നടത്തുന്നത്. ശബരിമലയും പ്രളയവും സജീവ പ്രചാരണവിഷയമായതോട പത്തനംതിട്ട പ്രവചനങ്ങൾക്കപ്പുറമായി. ഓരോ വോട്ടും പെറുക്കിപ്പെട്ടിയിലാക്കാനാണ് മുന്നണികളുടെ പ്രവർത്തനം. അതിന് സാമുദായിക–രാഷ്ട്രീയ സമവാക്യങ്ങളെല്ലാം ചേർത്തുവച്ചാലോചിക്കുന്നു.

Pathanamthitta-Lok-Sabha-Constituency-Map

പ്രളയവും ശബരിമലയും കൊണ്ട് യുഡിഎഫും കോൺഗ്രസും ഇടതിനെ നേരിടുമ്പോൾ വികസനവും പ്രളയത്തിൽനിന്നു കരകയറാൻ സംസ്ഥാന സർക്കാർ ചെയ്ത കാര്യങ്ങളും നിരത്തി തിരിച്ചടിക്കാൻ നോക്കുന്നു ഇടതു പക്ഷം. ആന്റോയ്ക്കെതിരെ വികസനമുരടിപ്പ് ആരോപിക്കുന്നതിൽ ബിജെപിയും ഇടതുമുന്നണിയും ശ്രദ്ധിക്കുന്നു.

ശബരിമല ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിഷയമാകുന്ന മണ്ഡലമാണ് പത്തനംതിട്ട. അതിന്റെ പരുക്കേൽക്കുന്നത് ഇടതുപക്ഷത്തിനാണെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ശബരിമല വിഷയത്തിൽ പരുക്കേൽക്കാതിരിക്കാൻ കോൺഗ്രസും ശ്രമിക്കുന്നു. ശബരിമല മാത്രം പ്രചാരണ വിഷയമാക്കാനാണ് ബിജെപിയുടെ തീരുമാനം.

കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും ക്രമാനുഗതമായ വളർച്ചയാണ് ബിജെപിക്കു മണ്ഡലത്തിലുള്ളത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 1,38,954 വോട്ടായിരുന്നു ബിജെപിയുടെ എം.ടി. രമേശ് നേടിയതെങ്കിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ സീറ്റുകളിലെല്ലാം കൂടി 1,92,000 എൻഡിഎ വോട്ടു നേടി. വലിയ തരംഗമോ സാധ്യതകളോ ഇല്ലാതെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ഇൗ വോട്ട് ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ ലഭിച്ച പാർട്ടി വോട്ടുകളാണെന്നാണ് വിലയിരുത്തൽ. ശബരിമല മുൻനിർത്തി കെ. സുരേന്ദ്രൻ മൽസരിക്കാനെത്തുന്ന ഇൗ തിരഞ്ഞെടുപ്പ് എല്ലാ കണക്കൂകൂട്ടലുകളും മറികടന്ന് എൻഡിഎയെ വിജയത്തിലെത്തിക്കുമെന്ന്നേതൃത്വം കരുതുന്നു. എൻഡിഎയുടെ ഈ കണക്കുകൂട്ടലുകളിലാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. കോൺഗ്രസ് വോട്ടുകളിലാകും എൻഡിഎ വിള്ളലുണ്ടാക്കുകയെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. അതേസമയം, എൻഡിഎയുടെ ഇൗ വോട്ടു നിലയാണ് കോൺഗ്രസിനെ കരുതലോടെ നീങ്ങാൻ പ്രേരിപ്പിക്കുന്നത്. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളിലും എൻഡിഎയുടെ കടന്നുകയറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയും കോൺഗ്രസിനുണ്ട്.

കഴി‍ഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും മുന്നണികൾക്കു കിട്ടിയ വോട്ടും വളർച്ചയും തളർച്ചയും വിലയിരുത്താം. 2011 നിയമസഭാ തിരഞ്ഞെടുപ്പും 2014 ലോക്സഭാ തിരഞ്ഞെടുപ്പും 2016 നിയമസഭാ തിരഞ്ഞെടുപ്പും പരിശോധനയ്ക്കെടുക്കാം. വോട്ട് നില ഇങ്ങനെ.. എല്ലാ സീറ്റുകളിലും ബിജെപിയുടെ വളർച്ച പ്രകടം. കുതിച്ചും കിതച്ചുമാണ് മറ്റു മുന്നണികളുടെ യാത്ര.

∙ കാഞ്ഞിരപ്പള്ളിയിൽ വളർന്നത് ബിജെപി, യുഡിഎഫിനും ഇടതിനും തളർച്ച

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 70,01 % പോളിങ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 68.54%, 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 76.01% പോളിങ്.

യുഡിഎഫ് – 2011 (57021), 2014 (45593), 2016 (53126)
എൽഡിഎഫ് – 2011 (44815), 2014 (35867), 2016 (49236)
ബിജെപി – 2011 (8037), 2014 (20840), 2016 (31411)
മറ്റുള്ളവർ - 2011 (3268), 2014 (11540), 2016 (2317)

യുഡിഎഫിന്റെ വോട്ടുനിലയിൽ കുറവാണ് ഓരോ തിരഞ്ഞെടുപ്പിലും രേഖപ്പെടുത്തിയത്. 2011 ൽ 50.4% വോട്ടു കിട്ടിയപ്പോൾ 2014 ൽ ഇത് 40.03 ശതമാനമായും 2016 ൽ 39.07 ശതമാനമായും കുറഞ്ഞു. ശതമാനം കുറഞ്ഞെങ്കിലും യുഡിഎഫിന്റെ എൻ. ജയരാജ് ആണ് എംഎൽഎ ആയത്.  ഇടതുമുന്നണിയുടെ വോട്ട് നിലയിലും കുറവാണ് േരഖപ്പെടുത്തിയത്. 2011 ൽ 39.61 % വോട്ടും 2014ൽ 31.5%, 2016ൽ 36.21% വോട്ടുമാണ് ഇടതിന് കിട്ടിയത്. ഓരോ തവണയും കുറഞ്ഞു. എന്നാൽ ബിജെപിക്കാണ് വോട്ട് വളർച്ച രേഖപ്പെടുത്തുന്നത്. 2011 ൽ 7.1% എന്നത് 2014ൽ 18.3 ലേക്ക് കുതിച്ചു. 2016ൽ ഇത് 23.1 ലേക്കും വളർന്നു.

∙ പൂഞ്ഞാർ ആർക്കൊപ്പം നിൽക്കും

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ 70.16% പോളിങ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 65.23%, 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 79.15% പോളിങ്.

യുഡിഎഫ് – 2011 (59809), 2014 (43614), 2016 (35800)
എൽഡിഎഫ് –2011 (44105), 2014 (40853), 2016 (22270)
ബിജെപി –2011 (5010) 2014(15099), 2016 (19966)
ജനപക്ഷം –2011(8886) 2014(12864) 2016 (67404)

ഓരോ തിരഞ്ഞെടുപ്പു കഴിയുന്തോറും യുഡിഎഫിന്റെ നില പരുങ്ങലിലാവുന്നതാണ് പൂഞ്ഞാറിൽ കണ്ടത്. എന്നാൽ, ജനപക്ഷം ഇരുമുന്നണികളെക്കാളും വോട്ടു വളർച്ച ആർജിക്കുകയും 2016ൽ പാർട്ടിയുടെ ചെയർമാൻ പി.സി.ജോർജ് വിജയിച്ച് എംഎൽഎ ആവുകയും ചെയ്തു. 2011ൽ യുഡിഎഫിന് 50.77% വോട്ട് കിട്ടിയപ്പോൾ 2014ൽ 38.79 ശതമാനമായും 2016ൽ 24.61 ശതമാനമായും കുറഞ്ഞു. എൽഡിഎഫിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. 37.44, 36.34, 15.31 ശതമാനമായാണ് യഥാക്രമം 2011, 2014, 2016 തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വോട്ട് കുറഞ്ഞത്. എന്നാൽ, ഓരോ തിരഞ്ഞെടുപ്പിലും ബിജെപിയുടെ നില മെച്ചപ്പെട്ടു. 2011ൽ 4.25%, 2014ൽ 13.42%, 2016ൽ 13.72 എന്നിങ്ങനെയാണ് ബിജെപിക്ക് വോട്ട് വർധന. അതേസമയം, ജനപക്ഷമാണ് ശ്രദ്ധേയമായ വളർച്ച കൈവരിച്ചത്. 2011ൽ 7.54 % മാത്രം വോട്ടുണ്ടായിരുന്ന ജനപക്ഷത്തിന് 2014ൽ 11.44 ശതമാനമായും 2016ൽ 46.34 ശതമാനമായും വർധിച്ചു.

Pathanamthitta-Lok-Sabha-Infographic

∙ അടൂരിൽ എൽഡിഎഫിനും ബിജെപിക്കും മുന്നേറ്റം

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ 69.61 % പോളിങ് നടന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 68.14% , 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 74.52% പോളിങ് നടന്നു.

യുഡിഎഫ് – 2011 (62894), 2014 (52312), 2016 (50574)
എൽഡിഎഫ് –2011 (63510), 2014 (50354), 2016 (76034)
ബിജെപി –2011 (6210) 2014(22796), 2016 (25904)

അടൂരിലും വോട്ട് വളർച്ചയിൽ യുഡിഎഫ് പിന്നിലാണ്. എൽഡിഎഫിന് വോട്ടു വളർച്ച ഏറിയും കുറഞ്ഞും നിന്നു. 2011ൽ 46.57 % ആയിരുന്നു യുഡിഎഫിന്റെ നില. 2014ൽ 38.43 ആയും 32.77 ശതമാനമായും കുറഞ്ഞു. എങ്കിലും 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ചിറ്റയം ഗോപകുമാറാണ് വിജയിച്ചത്. 2011ൽ എൽഡിഎഫിന് കി‌ട്ടിയത് 47.02 % വോട്ടായിരുന്നു. 2014ൽ 36.99 ശതമാനവും 2016ൽ 49.26 ശതമാനവും വോട്ട് ലഭിച്ചു. എന്നാൽ, ബിജെപി എതാണ്ട് ശൂന്യമായ നിലയിൽ നിന്ന് ക്രമമായി വളരുകയും ചെയ്തു. 4.6 ശതമാനമായിരുന്നു 2011ൽ ബിജെപിക്ക് കിട്ടിയ വോട്ട്. 2014ൽ 16.75 ശതമാനവും 2016ൽ 16.78 ശതമാനവും വോട്ട് ബിജെപിക്ക് ലഭിച്ചു.

∙ റാന്നിയിലും ബിജെപിയുടെ കുതിപ്പ്, അധികം താഴേക്ക് പോകാതെ ഇടത്

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി മണ്ഡലത്തിൽ 68.54 % പോളിങ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 64.12% , 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 70.36% പോളിങ് നടന്നു.

യുഡിഎഫ് – 2011 (51777), 2014 (48909), 2016 (44153)
എൽഡിഎഫ് –2011 (58391), 2014 (39818), 2016 (58749)
ബിജെപി –2011 (7442) 2014(18531), 2016 (28201)

റാന്നിയിൽ വോട്ടു വളർച്ചയിൽ ഇരുമുന്നണികളും നല്ല നിലയിലായിരുന്നില്ല, എന്നാൽ, ബിജെപി ഓരോ തിരഞ്ഞെടുപ്പു പിന്നിടുമ്പോഴും നില മെച്ചപ്പെടുത്തി വന്നു. 43.02 % ആയിരുന്നു യുഡിഎഫിന് 2011ൽ ലഭിച്ച വോട്ട്. 2014ൽ 42.22 % ആയും 2016ൽ 33.08 % ആയും കുറഞ്ഞു. എൽഡിഎഫിന് 48.51 ശതമാനമായിരുന്നു 2011ൽ വോട്ട് ലഭിച്ചത്. 2014ൽ 34.37 ആയി കുറഞ്ഞെങ്കിലും 2016ൽ 44.01 ആയി വർധിച്ചു. ബിജെപിക്ക് 2011ൽ 6.18 % മാത്രമായിരുന്നു വോട്ടുകൾ ലഭിച്ചത്. ഇത് 2014ൽ 16 ശതമാനമായും 2016ൽ 21.13 ശതമാനമായും വർധിച്ചു.

∙ കോന്നിയിൽ യുഡിഎഫിന് സ്ഥിരത

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ 71.86 % പോളിങ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 68.12% , 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 73.19% പോളിങ് നടന്നു.

യുഡിഎഫ് – 2011 (65724), 2014 (53480), 2016 (72800)
എൽഡിഎഫ് –2011 (57950), 2014 (45384), 2016 (52052)
ബിജെപി –2011 (5994) 2014(18222), 2016 (16713)

കോന്നിയിൽ ഉറച്ച നിലയിലാണ് യുഡിഎഫ്. 2011ൽ 50.15 % വോട്ട് കിട്ടിയ മുന്നണിക്ക് 2014ൽ 42.17 % ആയി കുറഞ്ഞെങ്കിലും 2014ൽ 50.99 % ആയി വർധിച്ചു. 2016ലും യുഡിഎഫിലെ അടൂർ പ്രകാശാണ് വിജയിച്ച് എംഎൽഎ ആയത്. യുഡിഎഫിന് കിട്ടിയ വോട്ടിൽ നിന്ന് വളരെ താഴ്ന്ന നിലയിലായിരുന്ന എൽഡിഎഫിന് 2016ലെ തിരഞ്ഞെടുപ്പെത്തിയപ്പോൾ വോട്ട് ശതമാനം ഗണ്യമായി കുറഞ്ഞു. 2011ൽ എൽഡിഎഫിന് കിട്ടിയത് 44.22%. 2014ൽ 35.79 ശതമാനവും 2016ൽ 36.45 ശതമാനവും. ബിജെപിക്ക് ഭേദപ്പെട്ട വളർച്ച കാണപ്പെട്ടില്ലെങ്കിലും നേരിയ വർധനയുണ്ടായി. 2011ൽ 4.57%, 2014ൽ 14.37%, 2016ൽ 11.7% എന്നിങ്ങനെയാണ് ബിജെപിയുടെ വോട്ടു വർധന.

∙ ആറന്മുള വോട്ട് കുറഞ്ഞെങ്കിലും ഇടതിന് ജയം, പടർന്നു കയറി ബിജെപി

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ 65.63 % പോളിങ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 64.89% , 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 70.96% പോളിങ് നടന്നു.

യുഡിഎഫ് – 2011 (64845), 2014 (58826), 2016 (56877)
എൽഡിഎഫ് –2011 (58334), 2014 (47477), 2016 (64523)
ബിജെപി –2011 (10227) 2014(23771), 2016 (37906)

ആറന്മുളയിലും യു‍‍ഡിഎഫിന്റെ വളർച്ചാ നിരക്ക് കുറയുന്നതായാണ് കാണുന്നത്. 2011ൽ 47.69 % ആയിരുന്നത് 2014ൽ 42.57%, 2016ൽ 35.36% എന്നിങ്ങനെ കുറഞ്ഞു വന്നു. എൽ‍ഡിഎഫിന് 2011ൽ കിട്ടിയത്ര വോട്ട് 2016 ൽ ലഭിച്ചില്ലെങ്കിലും സിപിഎമ്മിലെ വീണാ ജോർജാണ് വിജയിച്ച് എംഎൽഎ ആയത്. 2011, 2014, 2016 തിരഞ്ഞെടുപ്പുകളിൽ യഥാക്രമം 42.9, 34.36, 40.11 എന്നിങ്ങനെയാണ് എൽഡിഎഫിന്റെ വോട്ടുനില. ബിജെപി കാര്യമായ വളർച്ച നേടുകയും ചെയ്തു. 2011ൽ 7.52% മാത്രമായിരുന്നു ബിജെപിയുടെ വോട്ടു നില. 2014ൽ 17.2%, 2016ൽ 23.56% എന്നീ ക്രമത്തിൽ വർധിച്ചു.

Pathanamthitta-Lok-Sabha-Constituency

∙ തിരുവല്ലയിൽ വളർന്നും തളർന്നും ഇടതും വലതും സ്ഥിരമായി ഉയർന്ന് ബിജെപി

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ 65.33 % പോളിങ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 63.31% , 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 69.29% പോളിങ് നടന്നു.

യുഡിഎഫ് – 2011 (52522), 2014 (55701), 2016 (51398)
എൽഡിഎഫ് –2011 (63289), 2014 (42420), 2016 (59660)
ബിജെപി –2011 (7656) 2014(19526), 2016 (31479)

2016ല നിയമസഭാ തിരഞ്ഞെടുപ്പെത്തിയപ്പോൾ യുഡിഎഫ് വോട്ട് ശതമാനത്തിൽ താഴേക്കു പോയ ചിത്രമാണ് തിരുവല്ലയിൽ. 2011ൽ 41.47% ആയിരുന്നു യുഡിഎഫിന്റെ വോട്ടുനില. 2014ൽ 44..5% ആയി വർധിച്ചു. എന്നാൽ, 2016ൽ 35.68% എന്ന നിലയിലേക്ക് വോട്ട് ഗണ്യമായി കുറഞ്ഞു. എൽഡിഎഫിന് 49.97% ആയിരുന്നു 2011ൽ കിട്ടിയത്. 2014ൽ 33.9 ശതമാനവും. 2016ൽ 41.41% ആയി വർധിച്ചപ്പോൾ എൽ‍ഡിഎഫിലെ മാത്യു ടി.തോമസ് വിജയിയായി. തിരുവല്ലയിലും ബിജെപി ഗണ്യമായ വളർച്ചയാണ് നേടിയത്. 2011ൽ 6.05% ആയിരുന്നു ബിജെപിക്ക് കിട്ടിയത്. 2014ൽ 15.6% ആയി ഉയർന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 21.85 ശതമാനമായി അവരുടെ വോട്ടു വിഹിതം ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com