അനധികൃത നിലംനികത്തല്‍: റവന്യൂ അഡീ. സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിച്ചു
Mail This Article
തിരുവനന്തപുരം ∙ അനധികൃത നിലംനികത്തല്‍ തടഞ്ഞ എറണാകുളം കലക്ടറുടെ ഉത്തരവ് റദ്ദാക്കി നിലംനികത്താന്‍ അനുമതി നല്‍കിയ റവന്യൂ അഡീ. സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സിപിഎമ്മിന്റെ അടുപ്പക്കാരനായ വ്യവസായിയുടെ തമിഴ്‌നാട്ടിലെ ബിസിനസ് പങ്കാളികളാണു ഭൂമിയുടെ ഉടമസ്ഥര്‍.
മുന്‍ റവന്യൂ സെക്രട്ടറി വിരമിക്കുന്നതിനു തലേദിവസമാണു കലക്ടറുടെ ഉത്തരവ് തിരക്കിട്ടു റദ്ദാക്കിയത്. റവന്യൂ മന്ത്രി അറിയാതെയായിരുന്നു നീക്കം. സംഭവം വിവാദമായതോടെ പ്രശ്‌നത്തിലിടപ്പെട്ട റവന്യൂമന്ത്രി ഉത്തരവ് മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജിലെ 15 ഏക്കര്‍ ഭൂമി നികത്താനാണു കലക്ടറുടെ ഉത്തരവ് റദ്ദാക്കി റവന്യൂ വകുപ്പ് അനുമതി നല്‍കിയത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചായിരുന്നു ഉത്തരവ്. കൊച്ചിയില്‍ റജിസ്റ്റര്‍ ചെയ്ത സ്പീക്‌സ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതാണു ഭൂമി. കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡേറ്റാ ബാങ്കില്‍ ഇതു നിലമാണ്.
ഭൂമി നികത്തലിനെതിരെ ജനകീയ സമരം നടന്നതിനെത്തുടര്‍ന്നു കലക്ടര്‍ നിലം നികത്തുന്നതിനു സ്റ്റോപ്പ് മെമ്മോ നല്‍കി. 15 ദിവസത്തിനകം നിലം പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഉത്തരവിട്ടു. സ്ഥലത്തിന്റെ ക്രയവിക്രയവും പോക്കുവരവും കലക്ടര്‍ മരവിപ്പിച്ചു. ഇതിനെതിരെ കമ്പനി നല്‍കിയ അപ്പീല്‍ പരിഗണിച്ച റവന്യൂ അഡീ. സെക്രട്ടറി കലക്ടറുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.