പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം: അധ്യാപകൻ കുറ്റം സമ്മതിച്ചു
Mail This Article
കോഴിക്കോട്∙ പ്ലസ് ടു വിദ്യാർഥികൾക്കു വേണ്ടി പരീക്ഷ എഴുതിയതായും ഉത്തരക്കടലാസുകൾ തിരുത്തിയതായും അധ്യാപകൻ കുറ്റം സമ്മതിച്ചു. കോഴിക്കോട് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും അഡീഷണൽ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി. മുഹമ്മദാണ് കുറ്റം സമ്മതിച്ചത്. പഠനവൈകല്യമുള്ള കുട്ടികളെയാണു സഹായിച്ചത്. സാമ്പത്തിക നേട്ടമുണ്ടാക്കാൻ വേണ്ടിയല്ല പരീക്ഷ എഴുതിയതെന്നും അധ്യാപകൻ പറഞ്ഞു. വകുപ്പു തല അന്വേഷണം നടത്തുമെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു. കുട്ടികൾക്കു പങ്കില്ലെങ്കിൽ രണ്ടാമത് അവസരം നൽകാനും നീക്കമുണ്ട്. ആൾമാറാട്ടം പൊലീസ് അന്വേഷിക്കും.
മൂല്യനിർണയത്തിനിടെയാണു ക്രമക്കേട് ശ്രദ്ധയിൽപെട്ടത‌്. വിദ്യാർഥികളുടെ ഉത്തരക്കടലാസിലെ കയ്യക്ഷരം സമാനമാണെന്നു കണ്ടാണു സംശയം തോന്നിയത്. തുടർന്ന് ഇതേ വിദ്യാർഥികൾ എഴുതിയ മറ്റു വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ മറ്റു ക്യാംപുകളിൽനിന്നു വരുത്തി നോക്കി. അതോടെ ഈ പരീക്ഷ എഴുതിയതു വിദ്യാർഥികളല്ലെന്നു വ്യക്തമായി. കയ്യക്ഷരം നേരിട്ടു പരിശോധിക്കുന്നതിനു വിദ്യാർഥികളെയുമായി തലസ്ഥാനത്ത് ഹാജരാകാൻ പരീക്ഷാ സെക്രട്ടറി ഡോ. എസ്.എസ്.വിവേകാനന്ദൻ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ല. പ്രിൻസിപ്പലും ഡപ്യൂട്ടി ചീഫും മാത്രമാണ‌് എത്തിയത‌്. ആരോപണ വിധേയനായ അധ്യാപകൻ ഒഴിഞ്ഞു മാറി.
തുടർന്നു നടത്തിയ പരിശോധനയിൽ അധ്യാപകൻ ചീഫ‌് സൂപ്രണ്ടിന്റെ ഉൾപ്പെടെ സഹായത്തോടെ സ‌്കൂൾ ഓഫീസിലിരുന്ന‌് എഴുതുകയായിരുന്നുവെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷാ ഡപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഗവ. ഹയർ സെക്കൻഡറി സ‌്കൂളിലെ അധ്യാപകനുമായ പി.കെ.ഫൈസൽ, ചീഫ‌് സൂപ്രണ്ടും നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ‌്കൂൾ പ്രിൻസിപ്പലുമായ കെ.റസിയ എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷനെതിരെ അപ്പീൽ നൽകുെമന്നു നിഷാദ് വി.മുഹമ്മദ് പറഞ്ഞു.
English summary: Higher secondary exam malpractice: Teacher convicted himself