ആലത്തൂരിൽ പാട്ടുപാടി കോട്ട തകർത്ത് രമ്യ; ‘പെങ്ങളൂട്ടി’ ശക്തയെന്നു സിപിഎം
Mail This Article
പാട്ടുംപാടി ജയിക്കുന്നതിന്റെ ഉദാഹരണമാണ് ആലത്തൂരിലെ യുഡിഎഫ് വിജയഗാഥ. ഇടതിന്റെ വൻകോട്ടയായി കണക്കാക്കുന്ന ആലത്തൂരിൽ സമ്പൂർണ ആധിപത്യം നേടിയാണു കോൺഗ്രസിന്റെ രമ്യ ഹരിദാസ് ജയിച്ചത്. മൂന്നാമങ്കത്തിനിറങ്ങിയ സിപിഎമ്മിലെ പി.കെ.ബിജുവിനെ 1,58,968 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു രമ്യ അട്ടിമറിച്ചത്. എൽഡിഎഫ് മാത്രമല്ല, യുഡിഎഫും ഞെട്ടിത്തരിച്ച വിജയം. രമ്യ 5,33,815 വോട്ടു നേടിയപ്പോൾ ബിജുവിന് സ്വന്തമായത് 3,74,847 വോട്ട്. ബിഡിജെഎസിന്റെ ടി.വി.ബാബു 89,837 വോട്ടിലൊതുങ്ങി.
ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫിന് എംഎൽഎ ഉള്ളത് വടക്കാഞ്ചേരിയിൽ മാത്രമാണ്. എന്നാൽ, 5 മണ്ഡലങ്ങളിൽ ഇരുപതിനായിരത്തിന് മുകളിലും മറ്റു രണ്ടിടത്ത് പതിനായിരത്തിനു മുകളിലും ഭൂരിപക്ഷം നേടിയാണു യുഡിഎഫ് വിജയിച്ചത്. സംസ്ഥാനത്തു തന്നെ സിപിഎമ്മിനു റെക്കോർഡ് ഭൂരിപക്ഷം നൽകിയിട്ടുള്ള ആലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് പ്രതീക്ഷിച്ചത് 25,000 വോട്ടിന്റെ ഭൂരിപക്ഷം. ഇവിടെ 22,713 വോട്ട് ഭൂരിപക്ഷം നേടി രമ്യ ഇടതുകോട്ട തകർത്തെറിഞ്ഞു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എൽഡിഎഫിന് മുന്നിലെത്താനായില്ല. പോൾ ചെയ്ത വോട്ടിന്റെ 52 ശതമാനം നേടാനും ആകെ നേടിയ വോട്ട് അഞ്ച് ലക്ഷത്തിൽ എത്തിക്കാനും യുഡിഎഫിനായി.
ജലത്തിന്റെ മൂല്യം അറിയാവുന്ന നാടാണു പാലക്കാടിനോടു ചേർന്ന ആലത്തൂർ. ഒരു നിമിഷം പോലും സ്വസ്ഥമായി ഇരിക്കാതെ മണ്ണിൽ പണിയെടുക്കുന്നവരുടെ മണ്ഡലം. മഹാപ്രളയത്തിൽ പോലും ഒഴുകിപ്പോകില്ലെന്ന് ഇടതുപക്ഷം വിശ്വസിച്ച കോട്ട. പി.കെ.ബിജു ഹാട്രിക് നേടുമെന്നതിലല്ല, ഭൂരിപക്ഷം എത്ര കൂട്ടും എന്നതിലായിരുന്നു എൽഡിഎഫിന്റെ ആശങ്ക. കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് അപ്രതീക്ഷിതമായി വന്നിറങ്ങിയപ്പോൾ യുഡിഎഫിന് ഊർജം ലഭിച്ചു. ഇടതു ജനപ്രതിനിധിയായും സമരനായകനായും തിളങ്ങിയ ടി.വി.ബാബുവിനെ ബിഡിജെഎസ് പ്രതിനിധിയായി എൻഡിഎ അവതരിപ്പിച്ചതോടെ ആലത്തൂർ ഉഷാറായി.
മുൻ സ്പീക്കർ കെ.രാധാകൃഷ്ണന്റെ പേര് മറികടന്നാണു ബിജു വീണ്ടും ഇടതു സ്ഥാനാർഥിയായത്. ഓലമേഞ്ഞ, വൈദ്യുതിയില്ലാത്ത വീട്ടിൽനിന്നു വന്ന തനിക്കു സാധാരണക്കാരുടെ വേദന അറിയാമെന്നും 10 വർഷംകൊണ്ട് 2206 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും ബിജു അവകാശപ്പെട്ടു. വീട്ടിലെ കുട്ടിയാണെന്ന സ്നേഹമായിരുന്നു എല്ലാവർക്കും രമ്യയോട്. പാട്ടും വിവാദങ്ങളും കൊണ്ടു പെട്ടെന്നു താരമായി. കെപിഎംഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ബാബു, ഇടതുപക്ഷം ഭരിക്കുന്ന ചാഴൂർ പഞ്ചായത്തിന്റെയും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു.
കേരളത്തിന്റെ പാലറയും നെല്ലറയും മാത്രമല്ല, ഏറ്റവും കൂടുതൽ കള്ള് ഉൽപാദിപ്പിക്കുന്ന ‘കള്ളറ’യുമാണ് ആലത്തൂർ. അതുകൊണ്ടു ജലമായിരുന്നു മുഖ്യവിഷയം. രമ്യയുടെ പാട്ടു ഹിറ്റായപ്പോൾ അതിനെതിരെ സിപിഎം അനുകൂലികളുടെ പ്രതികരണങ്ങളും വലിയ ചർച്ചയായി. കർഷകരും കർഷകത്തൊഴിലാളികളും കച്ചവടക്കാരുമാണു പ്രധാന വോട്ടർമാർ. വൻകിട പദ്ധതികളൊന്നും മണ്ഡലത്തിൽ കൊണ്ടുവന്നില്ലെന്നു കുറ്റപ്പെടുത്തുന്നവർക്കു മുന്നിൽ സാധാരണക്കാർക്കു ഗുണകരമായ പദ്ധതികളുടെ പട്ടികയാണു ബിജു നിരത്തിയത്.
പാലക്കാട്ടെ തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളും തൃശൂരിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളും ചേർന്നതാണ് ആലത്തൂർ ലോക്സഭാ മണ്ഡലം. വടക്കാഞ്ചേരി നിയമസഭാ മണ്ഡലം ഒഴികെ എല്ലായിടത്തും ഇടത് എംഎൽഎമാരാണ്. മുൻ രാഷ്ട്രപതി കെ.ആർ.നാരായണനെ കൈപ്പത്തി ചിഹ്നത്തിൽ വിജയിപ്പിച്ച ഒറ്റപ്പാലത്തിനു പകരമാണ് ആലത്തൂർ ലോക്സഭയിലെത്തിയത്. 2014ൽ പി.കെ.ബിജു നേടിയത് 4,11,808 വോട്ട്; ഭൂരിപക്ഷം 37,312. കോൺഗ്രസിന്റെ കെ.എ.ഷീബ 3,74,496 വോട്ടും ബിജെപിയുടെ ഷാജുമോൻ വട്ടേക്കാട്ട് 87,803 വോട്ടും കരസ്ഥമാക്കി. ആലത്തൂരിലെ യുഡിഎഫ് വിജയം സംഘടനാപരമായും സിപിഎമ്മിനു തിരിച്ചടിയാണ്. ഒരു മണ്ഡലം ഒഴികെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളും സിപിഎമ്മിനു കീഴിലാണ്. എ.കെ.ബാലൻ, കെ.കൃഷ്ണൻകുട്ടി, എ.സി.മൊയ്തീൻ എന്നീ മുതിർന്ന മന്ത്രിമാരും ഈ മണ്ഡലത്തിലുണ്ടെങ്കിലും അടിയൊഴുക്കുകൾ കാണാനും തടയാനുമായില്ല.
English Summary: Alathur Lok Sabha Election Result, Ramya Haridas Win, Kerala Result, UDF