യുപിഎയ്ക്കൊപ്പം അടിയുറച്ച് തമിഴ്നാട്; ഡിഎംകെ തൂത്തുവാരി, ഇടതിനും ആശ്വാസം
Mail This Article
യുപിഎയ്ക്കൊപ്പം നിന്ന മൂന്നു സംസ്ഥാനങ്ങളിലൊന്നാണു തമിഴ്നാട്. തിരഞ്ഞെടുപ്പ് നടന്ന 38ൽ 37 സീറ്റും യുപിഎയ്ക്കു ലഭിച്ചു. ഡിഎംകെ 23, കോൺഗ്രസ് 8, സിപിഎം 2, സിപിഐ 2, മുസ്‍ലിം ലീഗ് 1, വിസികെ 1, അണ്ണാ ഡിഎംകെ 1 എന്നിങ്ങനെയാണു സീറ്റുനില. മത്സരിച്ച 10 സീറ്റിൽ ഒൻപതിലും കോൺഗ്രസ് ജയിച്ചു. ബിജെപിക്കും പിഎംകെയ്ക്കും കയ്യിലുണ്ടായിരുന്ന ഓരോ സീറ്റുകൾ നഷ്ടമായി. ഇടതുപക്ഷത്തിന് ആകെയുള്ള 5 എംപിമാരിൽ നാലും തമിഴ്നാട്ടിൽനിന്നാണ്. ഏറെക്കാലത്തിനുശേഷം സ്വന്തം ചിഹ്നത്തിൽ ലീഗിന് എംപിയുണ്ടായി. കേരളവും പഞ്ചാബുമാണു യുപിഎയെ പിന്തുണച്ച മറ്റു സംസ്ഥാനങ്ങൾ.
ദ്രാവിഡ രാഷ്ട്രീയത്തിലെ വൻമരങ്ങളായ 'കലൈജ്ഞർ' കരുണാനിധിയും 'പുരട്ചി തലൈവി' ജയലളിതയും ഇല്ലാത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണു തമിഴ്നാട് സാക്ഷ്യം വഹിച്ചത്. മെഗാ സഖ്യങ്ങൾ തമ്മിലുള്ള ഒരു മാസ് മസാല പോരാട്ടമായിരുന്നു ഇത്തവണ. സംസ്ഥാനത്തെ 39 സീറ്റുകളിലേക്കും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 22 നിയമസഭാ സീറ്റുകളിലേക്കുമാണ് വിശാല സഖ്യങ്ങൾ രൂപീകരിച്ച് ഡിഎംകെയും അണ്ണാ ഡിഎംകെയും ജനവിധി തേടിയത്. വെല്ലൂരിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചതോടെ പോരാട്ടം 38 സീറ്റിലേക്കായി.
ഏപ്രിൽ 18നാണ് തമിഴ്നാട് പോളിങ് ബൂത്തിലെത്തിയത്. അഞ്ചു കോടിയിൽപരം വോട്ടർമാർക്കായി 67720 പോളിങ് ബൂത്തുകളാണ‌് സജ്ജമാക്കിയിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 71.90 ശതമാനമായപ്പോള്‍, അതേദിവസം 18 മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 75.75 ശതമാനം പോളിങ് രേഖപ്പെടുത്തി. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ 73.67 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ തവണത്തേക്കാൾ രണ്ടു ശതമാനത്തോളം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. വോട്ടിന് നോട്ട് ആരോപണവും അതോടൊപ്പം റെയ്ഡുകളും തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിച്ചു.
ധർമപുരി ലോക്സഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് (80.49%) രേഖപ്പെടുത്തിയത്. പിഎംകെ വോട്ടുകൾ പൂർണമായും പോൾ ചെയ്തെന്ന വിലയിരുത്തലിലായിരുന്നു കക്ഷികൾ. അതേസമയം പത്തോളം ബൂത്തുകളിൽ ക്രമക്കേടെന്ന ആരോപണത്തെത്തുടർന്ന് റീപോളിങും നടന്നു. കണക്കിൽപ്പെടാത്ത വന്‍തുക മണ്ഡലത്തില്‍നിന്ന് ആദായനികുതി വകുപ്പ് റെയ്‍ഡുകളിൽ കണ്ടെത്തിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശുപാർശ പ്രകാരം വെല്ലൂരിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ നിരവധി പേര്‍ അറസ്റ്റിലായി, സ്വര്‍ണവും വസ്ത്രങ്ങളും കോടിക്കണക്കിനു രൂപയും പിടിച്ചെടുത്തു.
ചിരവൈരികള്‍ കൈകോർത്ത സഖ്യനാടകങ്ങൾ
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ നടത്തിയ തേരോട്ടത്തിൽ ആകെയുള്ള 39 സീറ്റുകളിൽ 37 സീറ്റും നേടിയിരുന്നു. ഡിഎംകെയ്ക്ക് ഒരു സീറ്റു പോലും കിട്ടാതെ അമ്പേ പരാജയപ്പെട്ടു. ബിജെപിയും പിഎംകെയും ഓരോ സീറ്റുകള്‍ നേടി തൃപ്തിപ്പെട്ടു. ഇത്തവണ ജയലളിതയും കരുണാനിധിയുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ട പിൻഗാമികൾ സഖ്യം രൂപീകരിച്ച് പോരാടാൻ തീരുമാനിച്ചു. ദ്രാവിഡ രാഷ്ട്രീയത്തിന് അടിപതറുന്നുവെന്ന വിലയിരുത്തലുമുണ്ടായി.
സംസ്ഥാന ചുമതലയുള്ള ബിജെപി നേതാവ് പീയൂഷ് ഗോയല്‍ അണ്ണാ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ അണ്ണാ ഡിഎംകെ–ബിജെപി സഖ്യപ്രഖ്യാപനം നടന്നു. ഡിഎംകെ കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യം രൂപീകരിച്ചു. ഇതോടെ തമിഴ്മണ്ണിലെ സീറ്റുവിഭജന നാടകങ്ങൾക്ക് തുടക്കമായി. പിഎംകെയ്ക്കും ബിജെപിക്കും ഡിഎംഡികെയ്ക്കുമൊക്കെ കൂടുതൽ സീറ്റുകൾ നൽകി 20 സീറ്റുകളിലേക്ക് ഒതുങ്ങാൻ അണ്ണാ ഡിഎംകെ തീരുമാനിച്ചു. ബിജെപിക്ക് അഞ്ചും ഡിഎംഡികെയ്ക്ക് 4 സീറ്റുകളും നൽകി. പിഎംകെ 7 സീറ്റുകളിലാണ് മത്സരിച്ചത്.
സൗത്ത് ചെന്നൈ, കാഞ്ചീപുരം, കരൂർ, ഈറോഡ്, തിരുവണ്ണാമലൈ, സേലം, നാമക്കൽ, തിരുപ്പുർ, നീലഗിരി, പൊള്ളാച്ചി, കൃഷ്ണഗിരി, അരണി, പേരാമ്പലൂർ, ചിദംബരം, നാഗപട്ടണം, മയിലാടുംതുറൈ, മധുര, തേനി, തിരുവള്ളൂർ, തിരുനെൽവേലി തുടങ്ങിയ മണ്ഡലങ്ങളിലാണ് അണ്ണാ ഡിഎംകെ ഇത്തവണ ഇറങ്ങിയത്. സഖ്യകക്ഷികളോട് വിശാലമനസ്സ് കാണിച്ച് 22 സീറ്റുകളില്‍ മാത്രമാണ് ഡിഎംകെയും മത്സരിച്ചത്. ദ്രാവിഡ കക്ഷികൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം നടന്നത് എട്ടോളം ഇടങ്ങളിൽ മാത്രമായിരുന്നു. സംസ്ഥാന തലസ്ഥാനത്തെ മൂന്നു ലോക്സഭാ മണ്ഡലങ്ങളാണ് പിഎംകെയ്ക്കും ഡിഎംഡികെയ്ക്കുമൊപ്പം അണ്ണാ ഡിഎംകെ പങ്കുവച്ചത്. ദൗർബല്യമെന്നും മുന്നണി മര്യാദയെന്നുമുള്ള വാദങ്ങളും ആരോപണങ്ങളും പര്സപരം ഉയര്‍ത്തി തിരഞ്ഞെടുപ്പ് ഗോദ സജീവമായി.
ആത്മവിശ്വാസത്തോടെ സ്റ്റാലിൻ
2016-ല്‍ ജയലളിതയുടെ വിയോഗത്തോടെയാണ് ബിജെപി-അണ്ണാ ഡിഎംകെ സഖ്യത്തിനുള്ള സാധ്യതകള്‍ സജീവമായത്. വിജയകാന്തിന്റെ ഡിഎംഡികെ, രാമദാസിന്റെ പാട്ടാളി മക്കള്‍ കക്ഷി (പിഎംകെ), ഡോക്ടര്‍ കൃഷ്ണസാമിയുടെ പുതിയ തമിഴകം, ജി.കെ. വാസന്റെ തമിഴ്മാനില കോണ്‍ഗ്രസ് എന്നിവ ബിജെപിക്കൊപ്പം ചേർന്നതോടെ, അൽപം പരുങ്ങിലിലായിരുന്ന അണ്ണാ ഡിഎംകെയുടെ നില മെച്ചപ്പെട്ടു.
2004ൽ തമിഴകത്തെ 40 ലോക്‌സഭാ മണ്ഡലങ്ങളിലും ഡിഎംകെ മുന്നണി വെന്നിക്കൊടി പാറിച്ചിരുന്നു. ഇത്തവണയും അത് ആവർത്തിക്കുമെന്ന ആത്മവിശ്വാസമായിരുന്നു സ്റ്റാലിൻ. കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഐ, സിപിഎം, വിടുതലൈ ചിറുതൈകള്‍ കച്ചി, മുസ്‌ലിംലീഗ്, അഖിലേന്ത്യ ജനനായക കച്ചി തുടങ്ങിയ പാർട്ടികളാണ് ഡിഎംകെയ്ക്ക് ഒപ്പമുണ്ടായിരുന്നത്.
English Summary: Tamilnadu Election Result 2019