എട്ടിനു കാലവർഷം, ജാഗ്രത പാലിക്കുക; മുന്നൊരുക്ക നിർദേശവുമായി റെഡ് അലർട്ട്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ നാലു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തൃശൂർ ജില്ലയിൽ ജൂൺ 10നും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 11നും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനെത്തുടർന്നാണ് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മി.മീ. വരെ മഴ) അതിശക്തമായതോ (115 മി.മീ മുതൽ 204.5 മി.മീ വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനവും ജാഗ്രത പാലിക്കാനും ക്യാംപുകൾ തയാറാക്കുന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾക്കുമാണ് റെഡ് അലർട്ട് നൽകുന്നത്.
നിലവിലെ സാഹചര്യത്തിൽ ജൂൺ എട്ടിനു കാലവർഷം തുടങ്ങാനാണു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കാലവർഷം ശ്രീലങ്കയുടെ തെക്കൻ ഭാഗത്തെത്തിയെങ്കിലും അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്തുണ്ടായ ന്യൂനമർദം ഇതിനെ തടയുകയാണ്. ലക്ഷദ്വീപ് ഭാഗത്തു രൂപം കൊള്ളാനിടയുള്ള അന്തരീക്ഷച്ചുഴി കാലവർഷക്കാറ്റിനെ കേരളത്തോട് അടുപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.
ജൂൺ 9ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും ജൂൺ 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജൂൺ 11ന് കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മി.മീ വരെ മഴ) അതിശക്തമായതോ (115 മി.മീ മുതൽ 204.5 മി.മീ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ജൂൺ 7ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും, 8ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും ജൂൺ 9ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജൂൺ 10 ന് കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ജൂൺ 11ന് വയനാട് ജില്ലയിലും യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നൽകിയിട്ടുണ്ട്. കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലർട്ടുകളിൽ മാറ്റം വരാനുള്ള സാധ്യതയുണ്ട്.
ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ ഭൂപടം