പാക്കിസ്ഥാനു മേൽ ഇന്ത്യയുടെ മറ്റൊരു ആക്രമണം: അഭിമാന നിമിഷമെന്ന് അമിത് ഷാ
Mail This Article
ന്യൂഡൽഹി∙ പാക്കിസ്ഥാനു മേൽ ഇന്ത്യ നടത്തിയ മറ്റൊരു ആക്രമണമായിരുന്നു ക്രിക്കറ്റ് ലോകകപ്പ് മത്സരവിജയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പതിവു പോലെ വിജയം ഇന്ത്യയ്ക്കു തന്നെയായിരുന്നു. ഇത്തരമൊരു മികവുറ്റ പ്രകടനം പുറത്തെടുത്ത ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ. ഓരോ ഇന്ത്യക്കാരനും അഭിമാനം തോന്നുന്ന നിമിഷമാണിത്, അവർ ഓരോരുത്തരും ആഘോഷിക്കുകയാണ് ഈ മിന്നുംജയം–അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ഇംഗ്ലണ്ടിലെ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ 89 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. മഴ കളി തടസ്സപ്പെടുത്തിയെങ്കിലും ഇന്ത്യ പടുത്തുയർത്തിയ വമ്പൻ സ്കോറിനു മുന്നിൽ പാക്ക് നിര തകർന്നടിയുകയായിരുന്നു. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇതുവരെ ഇന്ത്യയ്ക്ക് തോൽവി അറിയേണ്ടി വന്നിട്ടില്ല.
ഇന്ത്യയുടെ പോരാട്ട വിജയത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെ പ്രമുഖ നേതാക്കളും ആശംസകളറിയിച്ചു. ‘ക്രിക്കറ്റിലെ വിസ്മയകരമായ പ്രകടനമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ പുറത്തെടുത്തത്. ആശംസകൾ. ടീം ഇന്ത്യയിൽ ഞങ്ങൾ അഭിമാനിക്കുന്നു..’ രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. ബിജെപി നേതാക്കളായ നിതിൻ ഗഡ്കരി, പിയുഷ് ഗോയൽ, കിരൺ റിജിജു, സുരേഷ് പ്രഭു എന്നിവരും ഇന്ത്യൻ ടീമിന് ആശംസകളറിയിച്ച് ട്വീറ്റ് ചെയ്തു.
‘മഴയ്ക്ക് കളി തടസ്സപ്പെടുത്താം എന്നാൽ ഇന്ത്യൻ ജയത്തെ തടയാനാകില്ല’ എന്നായിരുന്നു സുരേഷ് പ്രഭുവിന്റെ ട്വീറ്റ്. പാക്ക് സൈന്യത്തിന്റെ പിടിയിൽ നിന്നു മോചിതനായ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മീശ രോഹിത് ശര്‍മയുടെ ചിത്രത്തിൽ ചേർത്തായിരുന്നു കർണാടക ബിജെപിയുടെ സന്തോഷ പ്രകടനം. കോലിപ്പടയുടെ വിജയത്തിനൊപ്പം രോഹിത് ശര്‍മയുടെ സെഞ്ചുറിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദനം അറിയിച്ചു.
പകരം വയ്ക്കാനാകാത്ത വിജയം സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളാണ് കോൺഗ്രസ് അറിയിച്ചത്. ‘ഈ ടീം എല്ലായ്പ്പോഴും രാജ്യത്തിന് അഭിമാനിക്കാനുള്ള നിമിഷങ്ങളാണ് സമ്മാനിക്കുന്നത്..’ കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു. എല്ലാ ഇന്ത്യക്കാർക്കും അഭിമാനനിമിഷം സമ്മാനിക്കുകയാണ് ടീം ഇന്ത്യ ചെയ്തിരിക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യൻ ലോകകപ്പ് വിജയം 7–0ത്തിലെത്തിച്ചതിലെ സന്തോഷം പ്രകടിപ്പിച്ചായിരുന്നു കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രൺദീപ് സിങ് സുർജേവാലയുടെ ട്വീറ്റ്,
‘നമ്മുടെ ചുണക്കുട്ടികളെ ആർക്കും പിടിച്ചുനിർത്താനാകാതെയായിരിക്കുന്നു... അഭിനന്ദനങ്ങൾ’ എന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ ട്വീറ്റ്. ഇന്ത്യയുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തു. ‘പാക്കിസ്ഥാൻ തോറ്റു, പക്ഷേ സ്വയം ആക്ഷേപിച്ചുള്ള തമാശകളിലൂടെ അവർ ട്വിറ്ററിനെ കൂടുതൽ രസകരമാക്കിത്തീർക്കും, തീർച്ച...’ എന്നൊരു കൂട്ടിച്ചേർക്കലും നടത്തി മെഹബൂബ. മത്സരത്തിലെ തോൽവിക്കു പിന്നാലെ ഒട്ടേറെ ‘പാക്ക് സെൽഫ് ട്രോളുകൾ’ ട്വിറ്ററിൽ നിറഞ്ഞതിനെ പരാമർശിച്ചായിരുന്നു മെഹബൂബയുടെ ട്വീറ്റ്. ‘ഈ ലോകകപ്പിലെ ഇന്ത്യയുടെ മൂന്നാം വിജയത്തിന് അഭിനന്ദനങ്ങൾ’ എന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ട്വീറ്റ്.