ബിനോയി യുവതിക്കും കുട്ടിക്കും വീസ അയച്ചു: ജാമ്യാപേക്ഷ മാറ്റി; അറസ്റ്റിനു വിലക്ക്
Mail This Article
മുംബൈ∙ ലൈംഗികാരോപണക്കേസിൽ ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച വരെ ബിനോയിയെ അറസ്റ്റു ചെയ്യുന്നതും കോടതി വിലക്കി. മുംബൈ ദിൻഡോഷി സെഷൻസ് കോടതിയാണ് അറസ്റ്റു വിലക്കിയത്. യുവതിയുടെ വാദം വീണ്ടും കേൾക്കാന്‍ കോടതി സമ്മതിച്ചു. കൂടുതൽ വാദം കേൾക്കണമെന്ന യുവതിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
യുവതിക്കായി പുതിയ അഭിഭാഷകനെ വയ്ക്കാനും കോടതി അനുമതി നൽകി. പുതിയ വാദങ്ങൾ എഴുതി നൽകാനും അറിയിച്ചു. കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം യുവതിക്ക് ഭീഷണിയുണ്ടെന്ന് വ്യക്തമാകുന്നതായും കോടതി പറഞ്ഞു.
ബിനോയ്ക്കെതിരെ കൂടുതൽ തെളിവുകളുണ്ടെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ബിനോയ് അയച്ച വീസാ രേഖകളും വിമാനടിക്കറ്റുകളും കോടതിയിൽ നൽകും. 2015 ഏപ്രിൽ ഒന്നിനാണ് ബിനോയ് യുവതിക്കും കുട്ടിക്കുമായി വീസ അയച്ചത്. ദുബായ്ക്ക് പോകാനുള്ള വീസയും ടിക്കറ്റുമാണ് നൽകിയത്. ജാമ്യാപേക്ഷയില്‍ ബിനോയ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു.
ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് വൈകില്ലെന്ന് മുംബൈ പൊലീസ് നേരത്തെ അറിയിച്ചിരുന്നു. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് കേരളത്തിലെത്തിയിരുന്നെങ്കിലും ബിനോയിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒളിവിലാണ് ബിനോയ്. എന്തിരുന്നാലും ബിനോയിയെ പാര്‍ട്ടിയോ താനോ സംരക്ഷിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിനോദിനി കോടിയേരി യുവതിയുമായി ചർച്ച നടത്തിയെന്ന വിവരവും പുറത്തുവന്നിരുന്നു.
ദുബായ് ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന ബിഹാർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനോയ്ക്കെതിരെ കേസെടുത്ത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവർ ആരോപിക്കുന്നു. ഇൗ മാസം 13 നാണ് എഫ്ഐർ റജിസ്റ്റർ ചെയ്തത്.