ADVERTISEMENT

കൊല്ലം ∙ എഴുപതു വയസ്സ് തികഞ്ഞ ദിനത്തിൽ കൊല്ലത്തിന് ഇരട്ടി സന്തോഷം. അനാഥാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ കണ്ണു തുറന്നു കിടന്ന ആ സ്വപ്നം ഇന്നലെ കൊല്ലത്തിന്റെ മണ്ണിൽ വിരിഞ്ഞു,  പുതിയ ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ ആയി. ഹൗസിങ് കമ്മിഷണറും ഹൗസിങ് ബോർഡ് സെക്രട്ടറിയുമായ തലശ്ശേരി സ്വദേശി ബി. അബ്ദുൽ നാസറിനു ജില്ലാ കലക്ടറായുള്ള ആദ്യ നിയമനമാണിത്. 

ജീവിതത്തിൽ നേരിട്ടറിഞ്ഞ നൊമ്പരങ്ങളുടെ കണക്കു തീർക്കുന്ന കഥയാണത്. വാശി പഠിച്ചതു ബാപ്പയിൽ നിന്നു തന്നെ. ബ്രിട്ടീഷുകാരെ തോൽപിക്കാൻ രൂപീകരിച്ച തലശ്ശേരി ടൗൺ ക്രിക്കറ്റ് ക്ലബിന്റെ പ്രധാന ബോളറായിരുന്നു ബാപ്പ പറമ്പത്ത് അബ്ദുൽ ഖാദർ. അബ്ദുൽ നാസറിന്റെ അഞ്ചാം വയസ്സിൽ ബാപ്പ മരിച്ചു. ആറു മക്കളും ഉമ്മ മാ‍ഞ്ഞുമ്മയും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. ഇളയവൻ അബ്ദുൽ നാസറിനെ തലശ്ശേരി ദാറുൽസലാം ഓർഫനേജിൽ ചേർത്തു. വേറെ മാർഗമുണ്ടായിരുന്നില്ല. ഒന്നു മുതൽ 10 ാം ക്ലാസ് വരെ അവിടെ പഠനം. പ്രീഡിഗ്രിയായപ്പോൾ വാടാനപ്പള്ളി ഇസ്ലാമിക കോളജ് ഫോർ ഓർഫനേജിൽ.

ബാപ്പ ഇല്ലാതെ പോയതിന്റെ നൊമ്പരങ്ങൾ കവിൾത്തടങ്ങൾ നനയിപ്പിച്ചെങ്കിലും പൊള്ളുന്ന വാശിയായി അത്. തലശ്ശേരി ബ്രണ്ണൻ കോളജിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ ഡിഗ്രിയും കോഴിക്കോട് ഫാറൂഖ് കോളജിൽ ബിരുദാനന്തര ബിരുദവും പിന്നീട് ബിഎഡും പഠിച്ചു. വീട്ടിലെ സ്ഥിതി നോക്കിയപ്പോൾ തുടർന്നു പഠിക്കാൻ തോന്നിയില്ല. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പാസായി പിണറായി ഹെൽത്ത് സെന്ററിൽ  ഹെൽത്ത് ഇൻസ്പെക്ടറായി. പിന്നീട് തലശ്ശേരി യുപി സ്കൂളിൽ അധ്യാപകനും. 

അന്നത്തെ തലശ്ശേരി സബ് കലക്ടർ, ഇന്നത്തെ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ഒരിക്കൽ അനാഥാലയത്തിൽ വന്നു. നിമിത്തം, ഐഎഎസുകാരനാകണമെന്ന മോഹം അബ്ദുൽ നാസറിന്റെ മനസ്സിൽ അങ്ങനെ മുളച്ചു. സ്കൂൾ ജോലി വിട്ടു സിവിൽ സർവീസിനു കഠിന പരിശീലനം. മുൻപെഴുതിയ ഡെപ്യുട്ടി കലക്ടർ പരീക്ഷയിൽ വിജയിച്ചതോടെ ഡെപ്യുട്ടി കലക്ടറായി. 2015 ൽ മികച്ച ഡെപ്യുട്ടി കലക്ടർക്കുള്ള അംഗീകാരം തേടിയെത്തി. ഇതിനിടെ 2012 ൽ സർക്കാർ ഐഎഎസ് പദവി നൽകി. എൻട്രൻസ് കമ്മിഷണർ, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി കോംപിറ്റൻഡ് അതോറിറ്റി, കേന്ദ്ര ഹജ് കമ്മിറ്റി കോ- ഓർഡിനേറ്റർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 

ഹയർ സെക്കൻഡറി അധ്യാപിക  എം. കെ. റുക്‌സാനയാണ് ഭാര്യ. എഞ്ചിനീയറിങ്  ബിരുദധാരിയായ നെയീമ, ബിബിഎ വിദ്യാർഥി നുആമുൽ ഹഖ്, എട്ടാം ക്ലാസ് വിദ്യാർഥി ഇനാമുൽ ഹഖ് എന്നിവർ മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com