ലക്ഷ്മി അന്നു പറഞ്ഞു: ചില രഹസ്യനീക്കം നടക്കുന്നുണ്ട്; പിന്നാലെ കർണാടക ‘ബോംബ്’
Mail This Article
രാജ്യം മുഴുവൻ ഉറ്റുനോക്കിയ കർണാടക രാഷ്ട്രീയനാടകത്തിനൊടുവിൽ കോൺഗ്രസ്–ദൾ സഖ്യസർക്കാരിനെ താഴെ വീഴ്ത്തും വിധം സംഭവവികാസങ്ങള്‍ക്ക് ആദ്യം വഴിമരുന്നിട്ടത് രണ്ട് എംഎൽഎമാരുടെ തർക്കം. അതിലൊരാൾ ബെളഗാവി റൂറൽ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ലക്ഷ്മി ഹെബ്ബാൾക്കർ. രണ്ടാമൻ ജാർക്കിഹോളി സഹോദരങ്ങളിൽ മൂത്തയാളും ഗോഖക് എംഎൽഎയുമായ രമേഷ്.
മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ഭാഷയിൽ പറഞ്ഞാൽ വെറുമൊരു ‘പ്രാദേശിക തർക്കമായ’ ബാങ്ക് തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ നീക്കങ്ങളാണ് സർക്കാരിനെത്തന്നെ താഴെ വീഴ്ത്തും വിധം വളർന്നത്. ബെളഗാവി ജില്ലയിലെ പ്രൈമറി ലാൻഡ് ഡവലപ്മെന്റ് (പിഎൽഡി) ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തങ്ങളെ അവഗണിച്ച് കോൺഗ്രസ് ലക്ഷ്മിയെ പിന്തുണച്ചതാണ് രമേഷ് ജാർക്കിഹോളിയെ ചൊടിപ്പിച്ചതും ബിജെപിയുമായി രഹസ്യചർച്ച നടത്തി സർക്കാരിനെ താഴെയിറക്കാനുള്ള നീക്കത്തിനു പ്രേരിപ്പിച്ചതും. ജാർക്കിഹോളിക്കു പിന്നിൽ 12 എംഎൽഎമാരും അണിനിരന്നതോടെ വെറുമൊരു പ്രാദേശികപ്രശ്നം മാത്രമായിരുന്നില്ല അതെന്നു കുമാരസ്വാമിക്കും വ്യക്തമായി. അപ്പോഴേക്കും നിലയുറപ്പിക്കാനാകാത്ത വിധം സര്‍ക്കാർ തകർന്നുവീണുകഴിഞ്ഞിരുന്നു.
കർണാടകയിൽ മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷയായിരുന്നു നാൽപത്തിമൂന്നുകാരിയായ ലക്ഷ്മി. 2013ലാണ് ആദ്യമായി എംഎൽഎ സ്ഥാനത്തെത്തിയത്. കോൺഗ്രസിലെ നിർണായക സ്വാധീനശക്തിയായ മന്ത്രി ഡി.കെ.ശിവകുമാറിന്റെ അടുത്ത അനുയായി കൂടിയാണിവർ. തന്റെ മണ്ഡലം ഉൾപ്പെട്ട ബെളഗാവി ജില്ലയുടെ വികസനത്തിനു വേണ്ടി മന്ത്രി രമേഷ് യാതൊന്നും ചെയ്യുന്നില്ലെന്നായിരുന്നു ലക്ഷ്മിയുടെ പ്രധാന പരാതി. ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായിരുന്നു രമേഷ്. ബെളഗാവി റൂറലിലെ നിർമാണപ്രവൃത്തികൾ ഏറ്റെടുത്താൽ സ്ഥാനം തെറിക്കുമെന്നു വരെ പഞ്ചായത്ത് വികസന ഓഫിസർമാരെ രമേഷ് ഭീഷണിപ്പെടുത്തിയിരുന്നെന്നും ലക്ഷ്മി ആരോപിച്ചിരുന്നു.
‘ചില കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടു’
നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് തന്നെ തോൽപിക്കാൻ ജാർക്കിഹോളി സഹോദരങ്ങൾ ചിലർക്കു പണം കൊടുത്തെന്ന ആരോപണവും നേരത്തേ ലക്ഷ്മി ഉന്നയിച്ചിരുന്നു. ജനങ്ങൾക്കിടയിൽ തന്റെ സ്വീകാര്യത വർധിക്കുന്നതു ദഹിക്കാത്തതാണ് ജാർക്കിഹോളി സഹോദരങ്ങളുടെ പ്രശ്നമെന്നും അവർ ഒരു അഭിമുഖത്തിൽ തുറന്നടിച്ചു. ചില കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ജാർക്കിഹോളി സഹോദരങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടിയെക്കരുതി അതു ചെയ്തില്ല. അതാണു വിരോധത്തിനു കാരണം. എന്താണു ‘കാര്യ’മെന്ന് പാർട്ടി ഹൈക്കമാൻഡിനെ അറിയിക്കാൻ താൻ തയാറാണെന്നും ദേശീയ മാധ്യമത്തിന് 2018 സെപ്റ്റംബറിൽ നൽകിയ അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞിരുന്നു.
ജാർക്കിഹോളി സഹോദരങ്ങൾ ‘സംശയാസ്പദമായ’ ചില രഹസ്യനീക്കങ്ങള്‍ക്ക് വട്ടംകൂട്ടുകയാണെന്നും അന്നത്തെ അഭിമുഖത്തിൽ ലക്ഷ്മി ആരോപിച്ചു. പാർട്ടി തുടർച്ചയായി ശാസിച്ചിട്ടും കോൺഗ്രസിനെതിരെ പൊതുപരിപാടികളിലെ വിമർശനം ജാർക്കിഹോളി സഹോദരങ്ങൾ തുടരുകയാണ്. ഹൈക്കമാന്‍ഡിനെപ്പോലും ഭയമില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും ലക്ഷ്മി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചിക്കോഡിയിലെ ബിജെപി സ്ഥാനാര്‍ഥിക്കു വേണ്ടി രമേഷ് പ്രചാരണത്തിനിറങ്ങുക കൂടി ചെയ്തതോടെ കോൺഗ്രസും അപകടം മണത്തു.
രണ്ടു ദശാബ്ദത്തിനു മുന്നോടിയായാണ് കർണാടക രാഷ്ട്രീയത്തിലേക്ക് ജാർക്കിഹോളി സഹോദരങ്ങളായ രമേഷിന്റെയും സതീഷിന്റെയും വരവ്. ഇരുവരും ഇതുവരെ തോൽവിയെന്തെന്നറിഞ്ഞിട്ടില്ല. പല പാർട്ടികളിൽ നിന്നായി മത്സരിച്ച് ഇതിനോടകം വടക്കൻ കർണാടകയിലെ നിർണായക രാഷ്ട്രീയ സ്വാധീനശക്തികളായും ഇവർ മാറി. 1999ൽ ആദ്യമായി ജനതാദൾ (യു) ടിക്കറ്റിൽ മത്സരിച്ചാണ് ഗോഖക് എംഎൽഎയായി രമേഷ് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ 2004 മുതൽ കോൺഗ്രസ് സ്ഥാനാർഥിയായിട്ടായിരുന്നു മത്സരിച്ചത്– എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിക്കുകയും ചെയ്തു. ബെളഗാവിയിൽ നിന്നുള്ള നേതാക്കളിലും സംഘടനകളിലും വലിയ സ്വാധീനമാണ് രമേഷിനും സതീഷിനും.
എന്നാൽ രാജിവച്ചതിനു ശേഷം രമേഷ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സ്വന്തം സഹോദരനു തന്നെ തിരിച്ചടിയാകുന്നതാണ്. സതീഷിന്റെ മണ്ഡലമായ യെങ്കൻമാർഡിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് രമേഷിന്റെ ഭീഷണി. നിർണായകഘട്ടത്തിൽ തന്നെ വിട്ട് കോൺഗ്രസിനൊപ്പം സതീഷ് നിന്നതിന്റെ പ്രതികാരമായാണ് ഇതിനെ ചിലർ കാണുന്നത്. എന്നാൽ രമേഷിനു പിന്നാലെ സതീഷും കോൺഗ്രസ് വിടുമെന്നും ബിജെപിയുടെ സുരക്ഷിത മണ്ഡലങ്ങളിലൊന്നിൽ നിന്നു മത്സരിച്ചു ജയിക്കുമെന്നും കരുതുന്നവരും ഏറെ. ബെളഗാവിയിലെ തന്റെ അപ്രമാദിത്തത്തിനു നേരെ സ്വന്തം പാർട്ടിയിൽ നിന്നുതന്നെ തിരിച്ചടിയുണ്ടായതോടെയാണ് രമേഷ് ജാർക്കിഹോളി പിണങ്ങിയതും സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകിയതും.
പിന്നിൽ ‘പഞ്ചസാര’ തർക്കം
പിഎൽഡിക്കു കീഴിലുള്ള മൂന്നു ബാങ്കുകളിൽ നിന്നായി തന്റെ പഞ്ചസാര മില്ലിനു വേണ്ടി ലക്ഷ്മി 200 കോടി വായ്പയെടുത്തിരുന്നെന്നാണു പറയപ്പെടുന്നത്. ഇതിന്റെ ഒരു ഭാഗം മഹാരാഷ്ട്രയിൽ ഫാക്ടറി ആരംഭിക്കുന്നതിന് ജാർക്കിഹോളി സഹോദരങ്ങൾക്കു നൽകി. ഈ പണം തിരികെ നൽകാതായതോടെയാണ് ലക്ഷ്മിയും ജാർക്കിഹോളി സഹോദരങ്ങളും തമ്മിൽ ശത്രുത ഉടലെടുത്തതെന്നും പറയപ്പെടുന്നു. എന്തുതന്നെയാണെങ്കിലും കർണാടക സർക്കാരിന്റെ പതനത്തിനു പിന്നിൽ പിഎൽഡി ബാങ്ക് തിരഞ്ഞെടുപ്പിനു പരോക്ഷമായിട്ടാണെങ്കിലും നിർണായക പങ്കുണ്ട്.
ജാർക്കിഹോളി സഹോദരങ്ങൾക്കു കനത്ത തിരിച്ചടിയായാണ് ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക് സെപ്റ്റംബർ ഏഴിനകം തിരഞ്ഞെടുപ്പു നടത്തണമെന്നാവശ്യപ്പെട്ടുള്ള കർണാടക ഹൈക്കോടതി ഉത്തരവ് വന്നത്. ബോർഡിൽ ആകെയുള്ള 14ൽ ഒൻപതു പേരുടെയും പിന്തുണ തനിക്കാണെന്നായിരുന്നു ലക്ഷ്മി അവകാശപ്പെട്ടിരുന്നത്. എന്നാൽ ബാങ്കിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ തങ്ങൾക്കു വേണമെന്ന വാശിയിൽ ജാർക്കിഹോളി സഹോദരങ്ങള്‍ ഉറച്ചു നിന്നു.
ഓഗസ്റ്റ് 28നായിരുന്നു തിരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ ഡയറക്ടർമാരിലൊരാളെ തട്ടിക്കൊണ്ടു പോയെന്ന പരാതി കക്കാട്ടി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യപ്പെട്ടതോടെ തഹസിൽദാർ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. തന്നെ പിന്തുണയ്ക്കുന്ന ഡയറക്ടർമാർക്കൊപ്പം തഹസിൽദാരുടെ ഓഫിസിനു മുന്നിൽ ധർണ നടത്തിയായിരുന്നു ഇതിനെതിരെ ലക്ഷ്മി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ജാർക്കിഹോളി സഹോദരങ്ങൾ നടത്തിയ ശ്രമമാണിതെന്നും അവർ വിമർശിച്ചു. ഇതിനു പിന്നാലെയായിരുന്നു ഹൈക്കോടതി ഇടപെടൽ.
വിധി ജാർക്കിഹോളി സഹോദരങ്ങൾക്കെതിരായതോടെ സംസ്ഥാന രാഷ്ട്രീയത്തിലും അതു പ്രതിഫലിക്കുമെന്ന് അന്നു തന്നെ നിരീക്ഷണങ്ങളുണ്ടായിരുന്നു. ബാങ്ക് തിരഞ്ഞെടുപ്പിനു ശേഷം തങ്ങളുടെ നയം വ്യക്തമാക്കാമെന്നായിരുന്നു രമേഷിന്റെ ഭീഷണി. ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് പാർട്ടി യോഗത്തിനിടെ മന്ത്രി ശിവകുമാർ ലക്ഷ്മിക്കു പിന്തുണ പ്രഖ്യാപിച്ചതും സഹോദരങ്ങളെ ചൊടിപ്പിച്ചു. ബെളഗാവിയിലെ രാഷ്ട്രീയത്തിൽ ശിവകുമാർ ഇടപെടുന്നതും ഇരുവർക്കും രസിച്ചില്ല.
ബെളഗാവിയുടെ ചുമതലയുള്ള മന്ത്രി രമേഷായിരുന്നിട്ടും ജില്ലയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലും മറ്റു പ്രധാന സംഭവങ്ങളിലുമെല്ലാം പാർട്ടി ഇടപെട്ടതും ലക്ഷ്മിക്കൊപ്പം നിന്നതും രമേഷിനു രസിച്ചില്ല. എന്നാൽ ജാർക്കിഹോളി സഹോദരങ്ങളുടെ ഭീഷണിക്കു പിന്നാലെ, ലക്ഷ്മിയോട് പ്രകോപനപരമായ യാതൊരു വാക്പ്രയോഗവും ഉണ്ടാകരുതെന്ന് ഹൈക്കമാൻഡിന്റെ നിർദേശം വന്നിരുന്നു. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ ഇടപെടണമെന്നും സംസ്ഥാന നേതൃത്വത്തോട് നിർദേശിച്ചു.
സമാധാനപരം, പക്ഷേ...
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ഈശ്വർ ഖാണ്ഡ്റെയുടെ ഇടപെടലിലായിരുന്നു ലക്ഷ്മി–ജാർക്കിഹോളി തർക്കത്തിന് താൽക്കാലിക പരിഹാരമായത്. പാർട്ടിയുടെ ഒത്തുതീർപ്പ് ഫോർമുല പ്രകാരം സതീഷ് ജാർക്കിഹോളിയുടെ പക്ഷത്തു നിന്നുള്ള നോമിനേഷനുകളെല്ലാം പിൻവലിക്കപ്പെട്ടു. എതിര്‍പക്ഷത്ത് ആരുമില്ലാതായതോടെ തിരഞ്ഞെടുപ്പ് വെറുമൊരു ‘ചടങ്ങ്’ മാത്രമായിത്തീരുകയും ചെയ്തു. ലക്ഷ്മിയുടെ പക്ഷത്തുള്ള മഹാദേവ് പാട്ടിൽ പ്രസിഡന്റ് സ്ഥാനത്തേക്കും ബാപ്പു സാഹിബ് മുഹമ്മദ് അലി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി ലക്ഷ്മിപക്ഷത്തെ ബാപ്പു ഗൗഡ പാട്ടിലും നോമിനേഷൻ പിൻവലിച്ചിരുന്നു. വലിയ ബഹളങ്ങളില്ലാതെ തിരഞ്ഞെടുപ്പ് അവസാനിച്ചതിൽ കോൺഗ്രസ് നേതൃത്വം ആശ്വസിക്കുകയും ചെയ്തു.
എന്നിരുന്നാലും ബാങ്ക് തിരഞ്ഞെടുപ്പ് വിജയം ലക്ഷ്മിക്കൊപ്പമായിരുന്നെന്ന് ജാക്കിർഹോളി പക്ഷത്തു പൊതുവികാരം ശക്തമായി. അവർ ശക്തമായ ഭാഷയിലായിരുന്നു ഇതിനെതിരെ ശബ്ദമുയർത്തിയതും. സതിഷിന്റെ അടുത്ത അനുയായിയായ പരശുറാം പാട്ടിലിന്റെ വാക്കുകൾ വരാനുള്ള സ്ഫോടനത്തിന്റെ വലിയ സൂചനയുമായിരുന്നു. ‘ഏതാനും ദിവസങ്ങൾക്കുള്ളിലറിയാം ഞങ്ങളുടെ നേതാക്കൾ ആരാണെന്നും അവർക്ക് എന്തെല്ലാം ചെയ്യാനാകുമെന്നും. ഒരു ബോംബായിരിക്കും അവർ പ്രയോഗിക്കുക. കാത്തിരുന്നു കാണുക...’ എന്നായിരുന്നു പാട്ടിൽ മാധ്യമങ്ങളോടു പറഞ്ഞത്. അതു തന്നെ സംഭവിക്കുകയും ചെയ്തു– ‘ബോംബ്’ വീണ് സർക്കാർ തകർന്നു.
ബാങ്ക് തിരഞ്ഞെടുപ്പു ‘തോൽവി’ മുൻകൂട്ടിക്കണ്ട രമേഷ് ആഴ്ചകൾക്കു മുൻപു തന്നെ ബിജെപിയുടെ ബി.എസ്. യെഡിയൂരപ്പയും ബി. ശ്രീരാമുലുവുമായി അടിക്കടി ചർച്ചകൾക്കു സമയം കണ്ടെത്തിയിരുന്നു. മന്ത്രിസ്ഥാനം രാജിവച്ച് തനിക്കൊപ്പം 12 എംഎൽഎമാരെയും പാർട്ടിയിൽ നിന്നു പുറത്തു ചാടിക്കാനായിരുന്നു രമേഷിന്റെ നീക്കം. വാൽമീകി നായക വിഭാഗത്തിൽ നിന്നുള്ള രമേഷുമായി കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയത് അതേ വിഭാഗത്തിൽത്തന്നെയുള്ള ബിജെപിയിലെ ശ്രീരാമുലു ആയിരുന്നെന്നാണു സൂചന. അതിനിടെ രാജസ്ഥാനിലെ അജ്മേർ ദർഗയിലേക്കു രമേഷിനൊപ്പം സന്ദർശനത്തിനു പോയ എംഎൽഎമാരിൽ ചിലരാണു രാജി വയ്ക്കാനൊരുങ്ങുന്നതെന്ന വാർത്തയും പരന്നു. തങ്ങളുടെ ‘ഡിമാന്‍ഡുകൾ’ അടങ്ങിയ കത്തും ബിജെപി നേതൃത്വത്തിന് 12 എംഎൽഎമാരും നൽകിയിരുന്നു. നിലവിലെ സർക്കാർ വീണ് ബിജെപി മന്ത്രിസഭ രൂപീകരിച്ചാൽ മന്ത്രിസ്ഥാനമാണ് ഓരോരുത്തരും ആവശ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ഉഡുപ്പിയാത്രയും അട്ടിമറിയും
വടക്കൻ കർണാടകയിലെ കോൺഗ്രസിന്റെ സുപ്രധാന മേഖലകളിലൊന്നാണ് ബെളഗാവി ജില്ല. അവിടെ പാർട്ടിയെ വളർത്തിയെടുക്കാൻ തങ്ങൾ നടത്തിയ ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം കണ്ടില്ലെന്നായിരുന്നു രമേഷിന്റെ പരാതി. നിർണായക ഘട്ടത്തിൽ പാർട്ടി തങ്ങളുടെ ‘ശത്രുവിനൊപ്പം’ നിന്നതും ജാർക്കിഹോളി സഹോദരങ്ങളെ അമർഷം കൊള്ളിച്ചു. ബെളഗാവിയിലെ ജനങ്ങൾക്കു മുന്നിൽ തങ്ങളെ തോൽപിച്ച് ലക്ഷ്മി കടന്നു വരുന്നതോടെ സർക്കാരിനെ തന്നെ തകർത്ത് സ്വന്തം ‘കോട്ടയിൽ’ ശക്തി തെളിയിക്കാനുള്ള കഠിനശ്രമം കൂടിയാണ് വിമതനീക്കത്തിലൂടെ രമേഷ് നടത്തിയത്. എന്നാൽ പിഎൽഡി ബാങ്ക് തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ആഭ്യന്തരപ്രശ്നമാണെന്നും ആ ‘പ്രാദേശിക പ്രശ്നം’ സർക്കാരിനു യാതൊരുവിധ ഭീഷണിയാകില്ലെന്നുമായിരുന്നു വിവാദം കൊടുമ്പിരിക്കൊണ്ട സമയത്ത് മുഖ്യമന്ത്രി കുമാരസ്വാമിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഉഡുപ്പി സന്ദര്‍ശനത്തിനിടെയായിരുന്നു ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകുടെ ചോദ്യം. സർക്കാരിനു ഭീഷണിയാകുന്ന വിധം ഒരു പ്രശ്നമുണ്ടെങ്കില്‍ താനിപ്പോഴെങ്ങനെ ഉഡുപ്പിയിൽ ഇത്ര സമാധാനത്തോടെയിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. എല്ലാം മാധ്യമസൃഷ്ടിയാണെന്നും പറഞ്ഞ് അദ്ദേഹം ഒഴിയുമ്പോൾ കിലോമീറ്ററുകൾപ്പുറത്ത് ബെളഗാവിയിൽ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുകയായിരുന്നു.
2018 ജൂണിൽ 25 എംഎൽഎമാരെക്കൂടി ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴായിരുന്നു രമേഷിനും മന്ത്രിസ്ഥാനം ലഭിച്ചത്. ഇതിനു പിന്നാലെയാണ് ലക്ഷ്മിയുമായുള്ള വിവാദം ശക്തമായത്. അതോടെ ഡിസംബറിൽ രമേഷിന്റെ മന്ത്രിസ്ഥാനം തെറിച്ചു. എന്നാൽ അനിയൻ സതീഷിനു മന്ത്രിസ്ഥാനം നൽകി അനുനയിപ്പിച്ച് കോൺഗ്രസ് ഒപ്പം നിർത്തി. പാർട്ടി വിടുന്നതു സംബന്ധിച്ച ആദ്യ ഭീഷണി ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു രമേഷ് ഉന്നയിച്ചത്. എംഎൽഎമാരായ ആനന്ദ് സിങ്, ബി. നാഗേന്ദ്ര എന്നിവർക്കൊപ്പം രമേഷും രാജി സമർപ്പിച്ചതോടെ ഹൈക്കമാൻഡിനും തലവേദനയായി. എന്തായാലും ജനുവരിയിലെ വിമതനീക്കം വൈകാതെ തന്നെ പൊളിഞ്ഞു. ‘കാണാതായ’ എല്ലാ എംഎൽഎമാരും ഫെബ്രുവരി രണ്ടാം വാരത്തിൽത്തന്നെ നിയമസഭയിലെത്തി.
ഏപ്രിലിൽ രമേഷ് രണ്ടാം വെടി പൊട്ടിച്ചു. എപ്പോൾ വേണമെങ്കിലും കോൺഗ്രസിൽ നിന്നു രാജിവയ്ക്കാൻ ഒരുങ്ങിയിരിക്കുകയാണെന്നായിരുന്നു അത്. കാറും കോളും അധികമില്ലാതെ രണ്ടു മാസം കടന്നുപോയി. ലക്ഷ്മിയോടും കോൺഗ്രസിനോടും കാത്തുവച്ച രമേഷിന്റെ പക ആളിക്കത്തിയത് ജൂലൈയിൽ. പാർട്ടിയിൽ നിന്നും ഗോഖക് എംഎൽഎ സ്ഥാനത്തു നിന്നും രാജി വയ്ക്കുകയാണെന്നായിരുന്നു പ്രഖ്യാപനം. മുംബൈയിൽ നിന്ന് ഫാക്സ് മുഖേനയായിരുന്നു രാജിക്കത്ത് അയച്ചത്. പിന്നാലെ എഴുതിയ രാജിക്കത്തും ഗവർണർക്കു മുന്നിലെത്തിച്ചു. കോൺഗ്രസ്- ദൾ സഖ്യത്തിലെ 11 എംഎൽഎമാരെയും മുംബൈയിലേക്ക് ‘കടത്തി’. അതിന്റെയെല്ലാം ഫലം ജൂലൈ 23നു നടന്ന വിശ്വാസവോട്ടെടുപ്പിൽ കൃത്യമായി പ്രതിഫലിച്ചു, സഖ്യസര്‍ക്കാർ നിലംപതിച്ചു.