ADVERTISEMENT

തിരുവനന്തപുരം∙ അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിമോളും കൊലപാതകകേസിലെ ഒന്നാം പ്രതിയായ അഖിലും വിവാഹിതരായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ചാണ് താലികെട്ടിയത്. പിന്നീട് അഖിലിന് അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞതും ബന്ധത്തെ എതിര്‍ത്തതുമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ‘മനോരമ ഓണ്‍ലൈന്’ ലഭിച്ചു.

കൊലപാതകത്തില്‍ പട്ടാളക്കാരനായ അഖില്‍ ഒന്നാം പ്രതിയും സഹോദരന്‍ രാഹുല്‍ രണ്ടാംപ്രതിയും സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയുമാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്. മറ്റുള്ളവര്‍ ഒളിവിലും. അഖിലും സഹോദരനുമാണ് രാഖിമോളെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഹായിയായി ആദര്‍ശ് ഒപ്പമുണ്ടായിരുന്നു. രാഖിയെ സ്നേഹം നടച്ച് അഖില്‍ അമ്പൂരിയിലെ വീട്ടിലേക്ക് ക്ഷണിച്ചു. അഖിലാണ് നെയ്യാറ്റിന്‍കരയില്‍നിന്ന് കാറില്‍ രാഖിമോളെ അമ്പൂരിയിലെ വീട്ടിലെത്തിച്ചത്. ‘എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ടെടി’ എന്ന് ആക്രോശിച്ചു കൊണ്ട്് അഖിലിന്റെ സഹോദരന്‍ രാഹുലാണ് ആദ്യം രാഖിമോളെ കാറിനുള്ളില്‍ വച്ച് ശ്വാസം മുട്ടിച്ചത്. പിന്നീട് അഖില്‍ കാറിന്റെ പിന്‍സീറ്റിലേക്ക് വന്ന് കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കി. സഹോദരങ്ങള്‍ ഇരുവരും ചേര്‍ന്നു കയര്‍ മുറുക്കി കൊന്നശേഷം നേരത്തെ തയാറാക്കിയ കുഴിയില്‍ രാഖിയെ മൂടിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം

രാഖിമോളെ അഖില്‍ ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ച് താലികെട്ടി. ഇയാള്‍ക്ക് പിന്നീട് അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞു. രാഖി തടസം നിന്നു. പലതരത്തില്‍ അഖിലിനെ ഭീഷണിപ്പെടുത്തി. ഇതില്‍ അഖിലിനും സഹോദരനും സുഹൃത്തായ ആദര്‍ശിനും പകയുണ്ടായിരുന്നു. മെയ് മാസം അവസാനം അഖില്‍ പട്ടാളത്തില്‍നിന്ന് അവധിക്കുവന്നു. ബന്ധം ഉപേക്ഷിക്കാന്‍ തയാറാകാത്ത രാഖിമോളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വീട്ടില്‍വച്ച് 3 പേരും പലദിവസം ഗൂഢാലോചന നടത്തി. ഇതിനുശേഷം വീടിന്റെ വടക്കു കിഴക്ക് ഭാഗത്ത് കുഴിയെടുത്തു. ശവശരീരം കുഴിച്ചിട്ടാല്‍ ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഉപ്പ് ശേഖരിച്ചു. 

Amboori Murder

പുതുതായി വയ്ക്കുന്ന വീട് കാണിക്കാനെന്ന പേരില്‍ രാഖിമോളെ 21ന് നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍നിന്നും സുഹൃത്തിന്റെ കാറില്‍ അഖില്‍ വീട്ടിലെത്തിച്ചു. വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും കാറിനടുത്തേക്ക് വന്നു. രാഹുല്‍ രാഖിമോളിരുന്ന സീറ്റിനു പിന്നിലെ സീറ്റിലേക്ക് കയറി. പിന്‍സീറ്റില്‍ ഇരുന്നു രാഖിമോളുടെ കഴുത്തു ഞെരിച്ചു. രാഖിമോളുടെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ അഖില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ഇരപ്പിച്ചു. രാഖിമോള്‍ ബോധരഹിതയായി. പിന്നീട് അഖില്‍ ഡ്രൈവിങ് സീറ്റില്‍നിന്ന് ഇറങ്ങി പിന്നിലെ സീറ്റിലെത്തി കൈയിലുണ്ടായിരുന്ന കയര്‍ കൊണ്ട് രാഖിയുടെ കഴുത്തില്‍ കുരുക്കുണ്ടാക്കി. സഹോദരനായ രാഹുലും അഖിലും ചേര്‍ന്ന് കയര്‍ വലിച്ചു മുറുക്കി രാഖിമോളെ കൊന്നു. പിന്നീട് മൂവരും ചേര്‍ന്ന് രാഖിയുടെ ശരീരത്തിലെ വസ്ത്രങ്ങള്‍ മാറ്റി നേരത്തെ തയാറാക്കിയ കുഴിയിലിട്ടു ഉപ്പിട്ട് മൂടി. മുകളില്‍ കമുകിന്റെ തൈ വച്ചു. രാഖിയുടെ വസ്ത്രങ്ങള്‍ തീവച്ച് നശിപ്പിച്ചു.

രാഖിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസ് എടുത്ത പൂവാര്‍ പൊലീസ് രാഖിയുടേയും കാമുകനായ അഖിലിന്റെയും ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിച്ചു. 21ന് വൈകിട്ട് ഓഫ് ആയ രാഖിമോളുടെ മൊബൈലില്‍നിന്ന് 24ാം തീയതി കോളുകളും മെസേജുകളും അയച്ചതായി മനസിലായി. ഫോണിന്റെ ഐഎംഇഐ  നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് രാഖിമോളുടെ ഫോണ്‍ അല്ലെന്നു വ്യക്തമായി.

കാട്ടാക്കടയിലുള്ള മൊബൈല്‍ ഷോപ്പില്‍നിന്ന് 24ാം തീയതി രാഹുലും ആദര്‍ശുമാണ് ഫോണ്‍ വാങ്ങിയത്. തെളിവു നശിപ്പിക്കാനും അന്വേഷണമുണ്ടായാല്‍ രക്ഷപ്പെടാനുമാണ് വേറെ ഫോണില്‍നിന്ന് രാഖിയുടെ സിം ഉപയോഗിച്ച് വീട്ടിലേക്ക് സന്ദേശമയച്ചത്. അഖില്‍ 27ന് അവധി കഴിഞ്ഞു മടങ്ങിയതായി പൊലീസിന്റെ അന്വേഷണത്തില്‍ മനസിലായി. സഹോദരന്‍ രാഹുല്‍ സ്ഥലം വിട്ടിരുന്നു. കൂട്ടുകാരന്‍ ആദര്‍ശ് ഓപ്പറേഷനു വിധേയനായി വീട്ടില്‍ ചികില്‍സയിലായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ ആദര്‍ശ് എല്ലാം തുറന്നു പറഞ്ഞു. അഖിലും രാഖിമോളും 6 വര്‍ഷമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ അഖിലിനു താല്‍പര്യമില്ലെന്നും ആദര്‍ശിനോടും സഹോദരനോടും അഖില്‍ പറഞ്ഞിരുന്നു. അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം വാട്സ്ആപ്പിലൂടെ അറിഞ്ഞ രാഖിമോള്‍ ആ വിവാഹം മുടക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നു രാഖിയെ സ്നേഹപൂര്‍വം അഖില്‍ കാറില്‍ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com