ഇതാ ചപ്പയും മക്കളും; നിങ്ങള്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചവര്‍: പ്രളയബാക്കി
Mail This Article
മലപ്പുറം∙ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടമായവര്‍ക്കു മാസങ്ങള്‍ക്കുളളില്‍ വീടു നിര്‍മിച്ചു നല്‍കുമെന്ന വാഗ്ദാനം നടപ്പിലായില്ല. പല കുടുംബങ്ങളും വീട്ടുവാടക കൊടുക്കാനില്ലാതെ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പഴയ സ്ഥലത്തേക്കു തന്നെ മടങ്ങിയെത്തുകയാണ്.
പ്രളയം പൂര്‍ണമായി തകര്‍ത്തെറിഞ്ഞ മതില്‍മൂല കോളനി ഇതിന് ഒരുദാഹരണമാണ്. മലവെളളപ്പാച്ചിലില്‍ സര്‍വതും നഷ്ടമായ മതില്‍മൂല കോളനിയിലെ പാതി തകര്‍ന്ന വീടുകളില്‍ ഇപ്പോഴും മാറി മാറി താമസിക്കുകയാണ് ചപ്പയും മക്കളും. മഴ ശക്തമാവുകയോ ആഢ്യന്‍പാറ മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ചെയ്താല്‍ മതില്‍മൂല കോളനിയില്‍ താമസിക്കുന്ന ചപ്പയുടെയും കുടുംബത്തിന്റേയും ജീവന്‍ തന്നെ ഭീഷണിയിലാവും.
കോളനി തന്നെ പുഴയായി മാറിയതോടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി വാങ്ങി എത്രയും വേഗം വീടു നിര്‍മിച്ചു നല്‍കാമെന്ന് ഉറപ്പു ലഭിച്ചിരുന്നു. വീടും ഭൂമിയും ഒരുക്കാനുളള തിരുമാനങ്ങളെല്ലാം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുമ്പോഴും നിസഹായരാണ് ഈ കുടുംബങ്ങള്‍. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഒട്ടേറെ കുടുംബങ്ങളെ വാടകവീടുകള്‍ ഒരുക്കി മാറ്റി പാര്‍പ്പിച്ചിരുന്നു. സമയത്തു വാടക നല്‍കാനാകാത്തതും പൊളിഞ്ഞു വീണ പഴയ വീടുകളിലേക്കു തിരികെയെത്താന്‍ കോളനിക്കാരെ പ്രേരിതരാക്കി.
വീടുകള്‍ നിര്‍മിക്കാന്‍ വനമേഖലയില്‍ സര്‍ക്കാര്‍ ഭൂമി കണ്ടെത്തി നല്‍കിയ കുടുംബങ്ങളോടു കാടു വെട്ടിത്തെളിച്ചു കുടില്‍ നിര്‍മാണം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായും പരാതിയുണ്ട്.