‘വിലപ്പെട്ട ആ ഒരു രൂപ ഫീസ് വാങ്ങാന്‍ വരൂ..’; മരണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ആ വിളി
Mail This Article
ന്യൂഡൽഹി∙ 'നാളെ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് വരൂ, വിലപ്പെട്ട ഒരു രൂപ ഫീസ് നിങ്ങളെ കാത്തിരിക്കുന്നു', മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് സുഷമ സ്വരാജ് ഹരീഷ് സാൽവേയോട് ഫോണിൽ സംസാരിച്ച വാചകങ്ങളാണിത്. ഒരുപക്ഷേ അവർ നടത്തിയ അവസാനത്തെ ഫോൺ സംഭാഷണവും ഇതാവാം. കുൽഭൂഷൺ ജാദവിന്റെ കേസിൽ രാജ്യാന്തര കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചതിന് സാൽവെയെ അഭിനന്ദിച്ചു കൊണ്ടാണ് സുഷമ ഇക്കാര്യം പറഞ്ഞത്.
നാളെ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് വരൂ. ജയിച്ച കേസിനു ഫീസായി വിലമതിക്കാനാവാത്ത ഒരു രൂപ തരുന്നുണ്ട് എന്ന് അവർ പറഞ്ഞപ്പോൾ തീർച്ചയായും അഭിമാനകരമായ ആ ഒരു രൂപ വാങ്ങുന്നതിനായി എത്തിയിരിക്കുമെന്ന് ഉറപ്പ് നൽകിയെന്നും സാൽവെ പറയുന്നു. വളരെ വൈകാരികമായാണ് രാത്രി 8.50 ഓടെ വിളിച്ചപ്പോൾ സുഷമ സ്വരാജ് സംസാരിച്ചതെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാൽവെ വ്യക്തമാക്കി. രാത്രി 9.30 ഓടെ ഹൃദയാഘാതം അനുഭവപ്പെട്ട സുഷമ സ്വരാജിനെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10.50 ഓടെ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മാധ്യമങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന നിശ്ശബ്ദതയുടെ രാഷ്ട്രീയമായിരുന്നു മന്ത്രിയായിരിക്കെ അവസാനനാളുകളിൽ സുഷമ സ്വീകരിച്ചത്. എന്നാൽ തന്റെ കർമത്തിൽ ഒട്ടും മൗനം പാലിച്ചില്ല. വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ പ്രശ്നങ്ങൾ നേരിട്ടപ്പോൾ സമൂഹമാധ്യമങ്ങളിലെ യുക്തമായ ഇടപെടലുകളിലൂടെ ഏവരുടെയും ആദരം നേടി. തന്റെ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സൂക്ഷ്മമായി തയാറാക്കിയ പ്രസ്താവനകളിലൂടെയുള്ള പ്രതികരണം വിമർശനങ്ങൾക്ക് അതീതമാക്കാൻ ശ്രദ്ധിച്ചു.