ജയ്റ്റ്ലിയുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്
Mail This Article
ന്യൂഡൽഹി∙ കഴിഞ്ഞ ഒരാഴ്ചയായി ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ആരോഗ്യനില കൂടുതൽ ഗുരുതരമായി തുടരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ജയ്റ്റ്ലിയെ ഇന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ പ്രസിഡന്റ് രാംനാഥ് കോവിന്ദ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോഗ്യമന്ത്രി ഹർഷവർധൻ അടക്കമുള്ളവർ ജയ്റ്റ്ലിയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഈ മാസം ഒൻപതിനാണ് ജയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ജയ്റ്റ്ലിയുടെ ജീവൻ രക്ഷിക്കാനായി ആവുന്ന തരത്തിലെല്ലാം ഡോക്ടര്‍മാര്‍ പരിശ്രമിക്കുന്നുണ്ടെന്ന് ആശുപത്രി സന്ദർശനത്തിന് ശേഷം ആരോഗ്യമന്ത്രി ഹർഷവർധൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നാം മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാണിച്ചാണ് രണ്ടാം മോദി മന്ത്രിസഭയില്‍നിന്ന് ഒഴിവായത്. മന്ത്രിയായിരിക്കെ രണ്ടു തവണ ചികിത്സക്കായി അമേരിക്കയിൽ പോയിരുന്നു. ധനമന്ത്രിയായിരുന്ന ജയ്റ്റ്ലിയുടെ അഭാവത്തിൽ പീയൂഷ് ഗോയലാണു ഒന്നാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്.
കഴിഞ്ഞ വർഷം മേയിൽ ജയ്റ്റ്ലി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കടുത്ത പ്രമേഹരോഗിയായിരുന്ന അദ്ദേഹം വർഷങ്ങൾക്കു മുൻപ് ബാരിയാട്രിക് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഈ വർഷമാദ്യം യുഎസിൽ ടിഷ്യു കാൻസർ ചികിൽസയ്ക്കു പോയ അദ്ദേഹം ചികിത്സ തുടരുകയായിരുന്നു.
1980 ൽ ബിജെപിയിൽ അംഗത്വമെടുത്ത ജയ്റ്റ്ലി 1998-2004 കാലയളവിൽ വാജ്പേയി മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി വഹിച്ചിരുന്നു. 2014ൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു.
English Summary : Arun Jaitley put on life support, say AIIMS sources