ADVERTISEMENT

മൂകമാണ് കവളപ്പാറയും പുത്തുമലയും. ആകെ കേൾക്കാനുള്ളത് മണ്ണുമാന്തി യന്ത്രങ്ങളുടെ ഇരമ്പം മാത്രം. തിരച്ചിലും അന്വേഷണവും അവസാനിച്ചാലും വലിയൊരു ചോദ്യം ബാക്കി – ഇനിയെന്ത് ? ഇതിന് ഉത്തരം തേടിയാണ്  ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനും ജിയോളജി വിഭാഗം മേധാവിയുമായ ഡോ. വി.നന്ദകുമാർ, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. പി.ആർ.അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മനോരമയ്ക്കു വേണ്ടി ദുരന്തഭൂമികളിലെത്തിയത്.

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മലപ്പുറത്തെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും. നടുക്കുന്ന ദുരന്തത്തിന്റെ ഓർമകളിൽ നിന്ന് കരകയറാൻ ശ്രമിക്കുകയാണ് ഉറ്റവരെ നഷ്ടപ്പെട്ടവരും നാട്ടുകാരും. കരയാൻ കണ്ണീരുപോലും ബാക്കിയില്ലാത്തവർ. ഉറ്റവരിൽ പലരും ഇപ്പോഴും കാണാമറയത്താണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ദുരന്തനിവാരണ സേനയും രാപകലില്ലാതെ ദുരന്തഭൂമിയിലുണ്ട്. കേരളത്തിനകത്തും പുറത്തും നിന്ന് സഹായങ്ങൾ ആൾരൂപത്തിലും അവശ്യവസ്തുക്കളുടെ രൂപത്തിലും ഇവിടേക്ക് ഒഴുകുന്നുണ്ട്. 

  •   കവളപ്പാറ

പോത്തുകൽ, മലപ്പുറം 

ദുരന്തകേന്ദ്രം മുത്തപ്പൻ മല

മലയുടെ ചെരിവ് – 60 ശതമാനം  

ദുരന്തസമയം – ഓഗസ്റ്റ് 8, വൈകിട്ട് 7.30

മരണം ഇതുവരെ – 46. 

ഇനി കണ്ടെത്താനുള്ളത് – 13 പേരെ  

ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാഴ്ച മുൻപു മുതൽ ഈ മേഖലയിൽ കനത്ത മഴയാണു പെയ്തത്. ഓഗസ്റ്റ് 1 മുതൽ 7 വരെ ശരാശരി മഴ 114 മില്ലിമീറ്റർ ആണെങ്കിൽ നിലമ്പൂരിലെ മഴമാപിനിയിൽ രേഖപ്പെടുത്തിയത് 189.4. 66% അധികം. ഓഗസ്റ്റ് 8ന് സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയതും നിലമ്പൂരിൽ. ഏകദേശം 350 മീറ്റർ ഉയരത്തിലുള്ള മുത്തപ്പൻകുന്നിന്റെ വടക്കുവശത്ത് ഏകദേശം 275 മീറ്റർ ഉയരത്തിലാണ് വൻദുരന്തത്തിനു കാരണമായ ഉരുൾപൊട്ടൽ തുടങ്ങിയത്. 2 മീറ്റർ കനത്തിലുള്ള മണ്ണാണ് ആദ്യഘട്ടത്തിൽ പൊട്ടിയടർന്നത്. ഇതു താഴേക്കു പതിച്ചതിന്റെ ശക്തിയിൽ ദുർബലമായിക്കിടന്ന മണ്ണും പാറയുമൊന്നാകെ താഴേക്കൊഴുകി. 

kavalappara-12-years
കവളപ്പാറ 2007, 2019. 12 വർഷത്തിനിടെ പച്ചപ്പിലുണ്ടായ കുറവ് ഉപഗ്രഹദൃശ്യങ്ങളിൽ നിന്നു മനസ്സിലാക്കാം.

മുത്തപ്പൻകുന്നിന്റെ മുകളിൽനിന്നു താഴേക്ക് പണ്ട് 2 നീർച്ചാലുകൾ (ഫസ്റ്റ് ഓഡർ സ്ട്രീം) ഉണ്ടായിരുന്നു. 1972ലെ സർവേ ടോപോഷീറ്റിൽ ഇക്കാര്യം വ്യക്തമാണ്. 100 മീറ്റർ വരെയുള്ള കുന്നിന്റെ ഭാഗത്ത് ഈ രണ്ടു നീർച്ചാലുകളും ഏതാണ്ടു പൂർണമായി നികത്തപ്പെട്ടുവെന്ന് മാപ്പുകളിൽനിന്നു വ്യക്തമാണ്. മലമുകളിൽ അധികമഴ പെയ്താൽ സുരക്ഷിതമായി താഴേക്ക് ഒഴുക്കിവിടാനുള്ള പ്രകൃതിയുടെ മാർഗമാണു നീർച്ചാലുകൾ. അതിന്റെ രൂപഘടന വരെ, വെള്ളം എല്ലായിടത്തു നിന്നും ശേഖരിച്ചു താഴേക്കെത്തിക്കുന്ന വിധത്തിലാണ്. അത് അടഞ്ഞതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. 

അതിനോടൊപ്പം, റബർകൃഷിക്കായി വ്യാപകമായി യന്ത്രങ്ങൾ ഉപയോഗിച്ചു കുഴികളുണ്ടാക്കിയതോടെ മലമുകളിലെ മണ്ണിന്റെ ഘടന മാറി. റബർ പ്ലാറ്റ്ഫോമുകളിൽ കെട്ടിനിന്ന വെള്ളം നേരിട്ട് മണ്ണിന്റെ അടിത്തട്ടിലേക്കിറങ്ങി. ഈ ഭാഗത്ത് ഏകദേശം 2 മീറ്റർ മാത്രമേ മേൽമണ്ണുള്ളൂ. അതിനു താഴെ പാറയാണ്. പാറയെയും മണ്ണിനെയും തമ്മിൽ പിടിച്ചുനിർത്തുന്നത് ‘ലിത്തോമാർജിക് ക്ലേ’ എന്ന കളിമണ്ണു രൂപത്തിലുള്ള ഘടകമാണ്. തുടർച്ചയായി വലിയ അളവിലുള്ള വെള്ളം ഈ ഭാഗത്തേക്ക് ഊർന്നിറങ്ങുന്നതോടെ ലിത്തോമാർജിക് ക്ലേ കുഴമ്പുരൂപത്തിലേക്കു മാറുകയും അതിന്റെ ബലം കുറഞ്ഞ് നാലുവശത്തേക്കും നിരങ്ങുകയും ചെയ്യും. ഇതോടെ പാറയും അതിനു മുകളിലുള്ള മണ്ണും തമ്മിലുള്ള പിടിത്തം നഷ്ടമായി മണ്ണ് ഇടിഞ്ഞുവീഴാൻ കാരണമാകുന്നു.  

മണ്ണും ചെളിയും നീർച്ചാലുകൾ വഴിയാണ് കുന്നിനു താഴേക്കെത്തേണ്ടത്. എന്നാൽ, ഈ നീർച്ചാലുകൾ നികത്തപ്പെട്ടാൽ കിട്ടിയ വഴികളിലൂടെയെല്ലാം മണ്ണും ചെളിയും താഴേക്കു കുതിക്കും. കനത്ത മഴയിൽ കുതിർന്നുകിടക്കുന്ന ഭാഗങ്ങളെല്ലാം ഈ കുതിപ്പിൽ കൂടെപ്പോരും. പാറകളും കല്ലുകളും കടപുഴകിയ മരങ്ങളും കൂടിച്ചേരുന്നതോടെ ഉരുൾ അത്യന്തം വിനാശകാരിയാകുന്നു. കവളപ്പാറ തോടിന്റെ ഭാഗത്ത് 15 മീറ്റർ ആഴത്തിലാണ് ഉരുളിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞിരിക്കുന്നത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. 

kavalappara-after-landslide
ഉരുൾപ്പൊട്ടലിനു ശേഷം കവളപ്പാറ

കവളപ്പാറയിൽ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രവും (ക്രൗൺ ഓഫ് സ്ലൈഡ്), ഉരുൾ ഒഴുകിയെത്തിയ ചെരിവും (ഇറോഡഡ് സർഫസ്), അവശിഷ്ടങ്ങൾ എത്തിയ കീഴ്ഭാഗവും (ടോ ഏരിയ) പരിശോധിച്ചാൽ മണ്ണിന്റെ ഘടനയിൽ വരുത്തിയ അശാസ്ത്രീയമായ മാറ്റങ്ങളാണ് അപകടത്തിനു കാരണമെന്നു വ്യക്തമാകും. ദുരന്തമേഖലയുടെ നടുവിൽ സുരക്ഷിതമായി തുരുത്ത് അവശേഷിച്ചത് ഇരുവശങ്ങളിലുമുള്ള പഴയ നീരൊഴുക്കിന്റെ കൂടെ തെളിവാണ്. 

  •  പുത്തുമല 

മേപ്പാടി, വയനാട് 

ദുരന്തകേന്ദ്രം – തൊള്ളായിരം മല

ചെരിവ് – 42 ശതമാനം 

ദുരന്തസമയം – ഓഗസ്റ്റ് 8 വൈകിട്ട് 4 മണി

മരണം – ഇതുവരെ 11

ഇനി കണ്ടെത്താനുള്ളത് – 6 പേരെ  

ഏകദേശം 1300 മീറ്റർ ഉയരമുള്ള തൊള്ളായിരം മലയുടെ കിഴക്കൻ ചെരിവിലാണ് ഉരു‍ൾപൊട്ടലിന്റെ പ്രഭവകേന്ദ്രം. തുടർച്ചയായി പെയ്ത കനത്തമഴ തന്നെയാണു ദുരന്തത്തിനു കാരണമായത്. ഓഗസ്റ്റ് 5, 6, 7 തീയതികളിലായി ഏകദേശം 550 മില്ലിമീറ്റർ മഴയാണ് ഈ മേഖലയിൽ ലഭിച്ചത്. ഉരുൾപൊട്ടലിന്റെ തുടക്കം ചെറുതായിരുന്നെങ്കിലും മലഞ്ചെരിവിന്റെ പ്രത്യേകതകൾ മൂലം 4 കിലോമീറ്ററോളം താഴെവരെ നാശനഷ്ടങ്ങളുണ്ടായി. കുന്നിൻചെരിവിൽ അശാസ്ത്രീയമായി നടത്തിയ നിർമാണപ്രവർത്തനങ്ങളാണ് ദുരന്തവ്യാപ്തി വർധിപ്പിച്ചത്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. 

കുന്നിനുമുകളിൽ നിന്ന് താഴെവരെ പണ്ടുകാലത്തുണ്ടായിരുന്ന നീർച്ചോല നികത്തപ്പെട്ടിട്ടുണ്ട്. ഇതു ചിലപ്പോൾ പണ്ടുണ്ടായ മറ്റൊരു മണ്ണൊലിപ്പിന്റെ ഫലമാകാം. കൃത്രിമമായി നികത്തപ്പെട്ടതുമാകാം. ഇവിടെ പല നിർമാണപ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ഒരുപക്ഷേ, ഇപ്പോഴത്തെ തലമുറയ്ക്ക് ഇങ്ങനെയൊരു നീരൊഴുക്കിനെക്കുറിച്ച് അറിവുണ്ടാകണമെന്നുപോലുമില്ല. 

പുത്തുമലയുടെ പല ഭാഗങ്ങളിലും ചെറിയ ഉരുൾപൊട്ടലുകൾ പണ്ടും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയകാലത്തും ഈ ഭാഗങ്ങളിൽ ചെറിയ തോതിലുള്ള ഉരുൾപൊട്ടലുകളുണ്ടായിരുന്നു. ഇത്തവണ ഓഗസ്റ്റ് 8നു മുൻപും പലയിടങ്ങളിലും ഉരുൾപൊട്ടിയിട്ടുണ്ട്. 

കവളപ്പാറയിലെ ഉരുൾപൊട്ടൽ രീതിയിൽനിന്നു വ്യത്യസ്തമാണ് പുത്തുമലയിലെ ദുരന്തം. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1130 മീറ്റർ ഉയരത്തിലുള്ള മലയുടെ ചെരിവിൽ ചെറിയ രീതിയിലുള്ള ഉരുൾപൊട്ടലാണ് ആദ്യമുണ്ടായത്. വനങ്ങളുടെ ഉള്ളിലുണ്ടാകുന്ന സാധാരണ ഉരുൾപൊട്ടൽ രീതിയാണിത്. എന്നാൽ, തുടർച്ചയായ തീവ്രമഴ മൂലം ഉരുൾ പൊട്ടിയിറങ്ങിയ മേഖലകൾ തീരെ ദുർബലമായിരുന്നു അപ്പോൾ. ആ ഭാഗങ്ങൾകൂടി അടർന്നു താഴേക്കു പതിച്ചതോടെ ഉരുളിന്റെ വേഗവും കരുത്തും വർധിച്ചു. മരങ്ങൾ വെട്ടിവെളുപ്പിച്ച കുന്നിൻചെരുവിൽ ഉരുളിനെ തടഞ്ഞുനിർത്താൻ ഒന്നുമുണ്ടായിരുന്നില്ല. സ്വാഭാവിക നീർച്ചാലുകൾ നികത്തപ്പെട്ടതോടെ ഉരുൾ പടർന്നിറങ്ങി. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന താഴ്‌വാരം മുഴുവൻ മണ്ണിനും മരങ്ങൾക്കും പാറക്കല്ലുകൾക്കുമടിയിലായി.

puthumala-2011-2019
പുത്തുമലയുടെ ഉപഗ്രഹദൃശ്യം. 8 വർഷത്തിനിടെ പച്ചപ്പിലുണ്ടായ കുറവ് പ്രകടം. അടയാളപ്പെടുത്തിയിരിക്കുന്നത് ദുരന്തമേഖല.

 

ഉരുൾപൊട്ടൽ വർധിക്കുന്നതിന്റെ 3 പ്രധാനകാരണങ്ങൾ

puthumala-after-landslide
ഉരുൾപൊട്ടലിനു ശേഷം പുത്തുമല. ആകാശദൃശ്യം. ചിത്രം: മനോരമ

∙ മലകളിലും കുന്നുകളിലും നടക്കുന്ന അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങളും ഖനനവും മണ്ണിന്റെ ഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ 

∙ മലകളിൽനിന്നു താഴേക്കുള്ള സ്വാഭാവികമായ നീർച്ചാലുകൾ തടസ്സപ്പെടുത്തുന്നതിലൂടെ, വെള്ളം കെട്ടിനിന്നു മണ്ണിലേക്കിറങ്ങി സ്വാഭാവിക ഘടനയിലുണ്ടാക്കുന്ന മാറ്റം.  

∙ മഴയുടെ ഘടനാമാറ്റം. ചെറിയ ഇടവേളയിൽ പെയ്യുന്ന അതിതീവ്രമഴ. ഇത് കേരളത്തിന്റെ മലയോരങ്ങളെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള അതീവസാധ്യതാകേന്ദ്രങ്ങളായി മാറ്റുകയാണെന്നു സംഘം വിലയിരുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com