അന്ന് കണ്ണുനിറഞ്ഞ് യാത്രയാക്കി മോദി; ആ കസേരയില് ഇരിക്കാതെ പീയുഷ്
Mail This Article
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടതുവശത്തായിരുന്നു സഭാനേതാവും ധനമന്ത്രിയുമായ അരുൺ ജയ്റ്റ്ലിയുടെ ഇരിപ്പിടം. വലതുവശത്ത് അമിത് ഷാ. എങ്കിലും, പാർലമെന്റിൽ മോദിയുടെ വലംകയ്യായിരുന്നു ജയ്റ്റ്ലി. ചുമതലകളില്ലാതെ സർക്കാരിനെയും പാർട്ടിയെയും സഹായിക്കാമെന്നാണ് ഇത്തവണ സർക്കാർ രൂപീകരിച്ചപ്പോൾ ജയ്റ്റ്ലി പ്രധാനമന്ത്രിയോടു വ്യക്തമാക്കിയത്.
മോദി സർക്കാരിൽ കേന്ദ്രത്തിലെ ഭരണനിർവഹണത്തിലും പാർലമെന്ററി പ്രവർത്തനത്തിലും ഏറ്റവും അനുഭവ സമ്പന്നനായിരുന്നു ജയ്റ്റ്ലി. വാജ്പേയി മന്ത്രിസഭയിൽ നിയമം, കമ്പനികാര്യം, ഷിപ്പിങ്, ഒാഹരിവിൽപന, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചുള്ള പരിചയം. 2009 മുതൽ രാജ്യസഭയിൽ പ്രതിപക്ഷ നേതാവും. ഈ വർഷമാദ്യം ജയ്റ്റ്ലിയെ യുഎസിൽ ചികിൽസയ്ക്കായി യാത്രയാക്കുമ്പോൾ മോദിയുടെ കണ്ണുകൾ നിറഞ്ഞു. കൈക്കരുത്ത് നഷ്ടപ്പെടുന്നുവെന്ന തോന്നലിലായിരുന്നു അത്. 2002ൽ ഗുജറാത്തിലെ പ്രശ്നകാലത്തും 2007ൽ നിയമസഭാ തിരഞ്ഞെടുപ്പിലുമൊക്കെ ഒപ്പംനിന്ന, പഴയ സുഹൃത്തുമാണ് മോദിക്കു ജയ്റ്റ്ലി.
മോദി മന്ത്രിസഭയിൽ പലപ്പോഴായി പല സുപ്രധാന ചുമതലകൾ ജയ്റ്റ്ലി വഹിച്ചു – ധനം, പ്രതിരോധം,വാർത്താ വിതരണ പ്രക്ഷേപണം, കോർപറേറ്റ് കാര്യം എന്നിങ്ങനെ. നിയമ മന്ത്രാലയത്തിന്റെ ചുമതലയില്ലാത്തപ്പോഴും മന്ത്രിസഭയിൽ ഏതുകാര്യത്തിന്റെയും നിയമവശത്തിന്റെ അവസാനവാക്ക് ജയ്റ്റ്ലിയായിരുന്നു. തീരുമാനങ്ങളാലും സംഭവങ്ങളാലും സമ്പന്നമാണ് ജയ്റ്റ്ലിയുടെ ധനമന്ത്രികാലം.
കള്ളപ്പണം തടയാനുള്ള പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിക്കലാണ് കഴിഞ്ഞ മോദി സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന്. തീരുമാനത്തിനും തുടർനടപടികൾക്കും ചുക്കാൻപിടിച്ചത് ധനമന്ത്രാലയമാണ്. ഇന്ത്യയിലെ കണക്കിൽപെടുത്താതെ വിദേശത്തു പണം നിക്ഷേപിച്ചവരുടെ കണക്കുകൾ സ്വിറ്റ്സർലൻഡ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തി. കള്ളപ്പണം വെളുപ്പിക്കൽ, ബെനാമി സ്വത്ത്, സന്നദ്ധ സംഘടനകൾ വാങ്ങുന്ന വിദേശസഹായം തുടങ്ങിയവയുടെ കാര്യത്തിൽ നിയമപരമായ നിയന്ത്രണങ്ങൾക്ക് ധനമന്ത്രാലയത്തിൽനിന്നു നടപടികളുണ്ടായി. ആദായ നികുതി സ്രോതസ് വിശാലമാക്കാനും ഡിജിറ്റൽ പേമെന്റ്, സാമ്പത്തിക ആനുകൂല്യത്തിന്റെ നേരിട്ടുള്ള വിതരണം (ഡിബിടി), ജൻധൻ തുടങ്ങിയവയ്ക്കും ഇക്കാലത്തു നടപടികളുണ്ടായി.
സാമ്പത്തിക വളർച്ചയിലെ ഏറ്റക്കുറച്ചിലുകളെ ന്യായീകരിക്കാനുള്ള ശ്രമങ്ങളുടെയും തൊഴിൽ വളർച്ചയില്ലായ്മയുടെയും പേരിൽ സർക്കാരും മന്ത്രാലയവും വിമർശിക്കപ്പെട്ടിരുന്നു. മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത് ജയ്റ്റ്ലി അറിയാതെയെന്ന വിമർശനവും കാര്യമായി ഖണ്ഡിക്കപ്പെട്ടിട്ടില്ല. കേന്ദ്രത്തിൽനിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതം വർധിപ്പിച്ചപ്പോൾതന്നെ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള വകയിരുത്തൽ കുറച്ചതും വിമർശനത്തിനിടയാക്കി. പക്ഷേ സാമ്പത്തിക ഞെരുക്കത്തിനിടയിലും ദേശീയ പാത, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയവയുടെ വലിയ വികസനത്തിന് പണം വകയിരുത്താൻ ധനമന്ത്രാലയത്തിനു സാധിച്ചു, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒാഹരികൾ വിറ്റഴിച്ചുള്ള റെക്കോർഡ് വരുമാനത്തിലൂടെ പണമെത്തി. ആ രീതിയും വിമർശിക്കപ്പെട്ടു.
തിരഞ്ഞെടുപ്പു കടപ്പത്ര (ഇലക്ട്രൽ ബോണ്ട്) പദ്ധതിയോടു തിരഞ്ഞെടുപ്പു കമ്മിഷനും വിയോജിച്ചു. പാപ്പർകോഡ് ബിസിനസ് മേഖലയ്ക്ക് ഊർജമാകുമെന്ന് വിലയിരുത്തപ്പെട്ടു. ചെറിയ ബാങ്കുകളുടെ ലയനമുൾപ്പെടെ ബാങ്കിങ് മേഖലയിൽ ശ്രദ്ധേമായ പല പരിഷ്കാരങ്ങളുമുണ്ടായി. പ്രത്യക്ഷ നികുതി കോഡ് നടപ്പായിട്ടില്ല, ശുപാർശകൾ കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മല സീതാരാമനു ലഭിച്ചതേയുള്ളു. റിസർവ് ബാങ്കിനെ സർക്കാരിന്റെ നയതാൽപര്യങ്ങളുമായി ഒത്തുപോകുംവിധം ചൊൽപ്പടിയിലാക്കാനുണ്ടായ ശ്രമങ്ങളും ബാങ്കിന്റെ കരുതൽ ശേഖരത്തിൽനിന്നു കേന്ദ്രത്തിനു വിഹിതം വേണമെന്ന നിലപാടും വിവാദമായി.
ഏറ്റവും വലിയ നികുതിപരിഷ്കാരമായി വിശേഷിപ്പിക്കപ്പെട്ട ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തിനുള്ള ഭരണഘടനാ ഭേദഗതിക്കും തുടർനടപടികൾക്കും ജയ്റ്റ്ലിയാണ് ചുക്കാൻ പിടിച്ചത്. ജിഎസ്ടി കൗൺസിൽ അധ്യക്ഷൻ എപ്പോഴും അഭിപ്രായ ഐക്യത്തിലൂടെ തീരുമാനമെടുക്കാൻ താൽപര്യപ്പെട്ടതിനെ ഇടതുപക്ഷത്തെ വിമർശകർപോലും അഭിനന്ദിച്ചു. ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂളിലെ പൂർവവിദ്യാർഥിയായ ജയ്റ്റ്ലി, സർക്കാരും ക്രൈസ്തവ നേതാക്കളുമായുള്ള ബന്ധത്തിൽ ആത്മവിശ്വാസമുറപ്പാക്കാൻ പലപ്പോഴും മധ്യവർത്തിയായി.
ജയ്റ്റ്ലിയുടെ അടുത്ത സുഹൃത്ത് മുകുൾ റോഹ്തഗി, അറ്റോർണി ജനറലെന്ന നിലയ്ക്ക് മോദി സർക്കാരിന്റെ നടപടികളെ പിന്താങ്ങി സുപ്രീം കോടതിയിൽ വാദിച്ചു. പാർലമെന്റിൽ ഏതു പ്രതിസന്ധിയിലും സർക്കാരിന്റെ ലീഡിങ് അഭിഭാഷകൻ ജയ്റ്റ്ലി മാത്രമായിരുന്നു. റഫാൽ ഉൾപ്പെടെ ഏതു വിഷയത്തിലും. രാജ്യസഭയിൽ കോൺഗ്രസിന്റെ സീനിയർ അഭിഭാഷക നിരയെയുൾപ്പെടെ വാദിച്ചൊതുക്കാൻ പലപ്പോഴും ജയ്റ്റ്ലിക്കു സാധിച്ചു. വാദിച്ചു ജയിക്കാനാവാത്ത കാര്യങ്ങൾ വന്നപ്പോൾ സൗമ്യമായി ചിരിച്ച് പ്രതിപക്ഷത്തെയും അനുനയിപ്പിച്ചു. എന്നാൽ, അടുത്തിടെ ആശുപത്രിയിലാകും വരെയും ബ്ലോഗെഴുത്തുകളിൽ ജയ്റ്റ്ലിയുടെയത്ര കനത്തതും കടുത്തതുമായ ശബ്ദം ബിജെപിയുടെ മുതിർന്നപക്ഷത്ത് മറ്റൊന്നില്ലായിരുന്നു.
ജയ്റ്റ്ലിക്കു പകരം വയ്ക്കാൻ ഒരാളെ കണ്ടെത്തുക എളുപ്പമല്ലെന്നാണ് ബിജെപി പക്ഷം. ജയ്റ്റ്ലി ചികിൽസയ്ക്കായി പോയവേളയിൽ, ഏതാനും മാസം മുൻപ്, കഴിഞ്ഞ മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് മന്ത്രി പീയുഷ് ഗോയലാണ്. ധനമന്ത്രിയുടെ താൽക്കാലിക ചുമതലയിൽ ധനമന്ത്രാലയത്തിൽ പോകുമ്പോൾ ജയ്റ്റ്ലിയുടെ കസേരയിലല്ല, സോഫയിൽ മാത്രമിരിക്കാനാണ് പീയുഷ് താൽപര്യപ്പെട്ടത്. പകരമാവില്ലെന്ന ബോധ്യവും അതിനു കാരണമായിരിക്കാം.
ഇത്തവണ പുതിയ മന്ത്രിസഭ രൂപീകരിക്കുമ്പോൾ മോദി, ജയ്റ്റ്ലിയുടെ ഉപദേശം തേടിയത് പുതിയ ധനമന്ത്രിയുടെ കാര്യത്തിലാണ്. നിർമല സീതാരാമൻ മതിയെന്നത് ജയ്റ്റ്ലിയുടെ ഉറച്ചനിലപാടായിരുന്നു. ആവശ്യമുള്ളപ്പോൾ ഉപദേശങ്ങൾ നൽകാൻ താനുണ്ടാകുമെന്ന് അന്നദ്ദേഹം പ്രധാനമന്ത്രിക്ക് ഉറപ്പും നൽകി.