ബിജെപിയുടെ അഭിഭാഷക ബുദ്ധി, പ്രതിപക്ഷത്തിനെതിരായ ‘ഗൂഗ്ലി’
Mail This Article
രാഷ്ട്രീയം തനിക്ക് സാമ്പത്തിക നഷ്ടങ്ങൾ മാത്രമാണ് നൽകിയതെന്നാണ് അരുൺ ജയ്റ്റ്ലി പലപ്പോഴും പറഞ്ഞിട്ടുള്ളത്. 2009–ൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഉത്തരവാദിത്തങ്ങൾ ഏറിയതോടെ കോടതിയിൽ മണിക്കൂറിനു വൻ പ്രതിഫലം പറ്റിയ അഭിഭാഷക ജോലി നിർത്തേണ്ടതായി വന്നു.
അഭിഭാഷക കുപ്പായം ഊരിയതു വഴിയുണ്ടായ സാമ്പത്തിക നഷ്‌ടം രസകരമായാണു ജയ്‌റ്റ്‌ലി അവതരിപ്പിക്കാറുള്ളത്. ചിലരൊക്കെ രാഷ്‌ട്രീയത്തിൽ നിന്നുണ്ടാക്കിയ പണത്തെക്കാൾ വലിയ നഷ്‌ടമാണ് 2009 മുതൽ 2014 വരെയുള്ള വർഷത്തിനിടെയുണ്ടായത്. കോടതി മുറിയിൽ മണിക്കൂറുകൾക്കു കൈപ്പറ്റിയിരുന്ന പ്രതിഫലവും വ്യംഗ്യമായി സൂചിപ്പിക്കും. ഡൽഹിയിലെ ഏറ്റവും പ്രഗത്ഭനായ ഹൃദ്രോഗവിദഗ്‌ധന് ഓപ്പറേഷൻ തിയറ്ററിലെ സമയത്തിനു ലഭിക്കുന്നതിനെക്കാൾ കൂടുതൽ. ഇങ്ങനെ ഓരോ പണത്തിനും കൃത്യമായ കണക്ക് സൂക്ഷിച്ച ജയ്റ്റ്ലിയെ, 2014–ൽ പാർട്ടി അധികാരമേറിയപ്പോൾ ധനകാര്യ മന്ത്രാലയം ഏൽപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികമൊന്നും ചിന്തിക്കേണ്ടി വന്നില്ല.
‘തിരഞ്ഞെടുക്കപ്പെടാത്ത’ ജനപ്രിയൻ
എഴുപതുകളിൽ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ജയ്റ്റ്ലി 1974ൽ ഡൽഹി സർവകലാശാല യൂണിയൻ അധ്യക്ഷനായിരുന്നു. എന്നാൽ പിന്നീട് 40 വർഷക്കാലം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ചൂടറിയാൻ അദ്ദേഹം തയാറായില്ല. 2014–ൽ അറുപത്തിയൊന്നാം വയസ്സിൽ, ലോക്സഭയിലേക്കായിരുന്നു ജയ്റ്റ്ലിയുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് പോരാട്ടം.
അഭിഭാഷകനായ മഹാരാജ് കിഷൻ ജയ്റ്റ്ലിയുടേയും രത്തൻപ്രഭയുടേയും മകനായി ജനിച്ച ജയ്റ്റലിക്ക് അഭിഭാഷകവൃത്തി സ്വാഭാവികമായ ഒരു രൂപപരിണാമം മാത്രമായിരുന്നു. 1990 കളിലും 2000 ങ്ങളിലും സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായി തിളങ്ങിയ ജയ്റ്റ്ലി വി.പി.സിങ് സർക്കാരിന്റെ കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറലുമായി.
രാജീവ് ഗാന്ധിയെ പ്രധാനമന്ത്രി പദത്തിൽ നിന്നു താഴെയിറക്കാൻ ഒരു പരിധി വരെ കാരണമായ ബോഫേഴ്സ് കേസിന്റെ അന്വേഷണത്തിന് അവശ്യമായ എല്ലാ പേപ്പർ ജോലികളും ജയ്റ്റ്ലി സോളിസിറ്റർ ജനറലായി ഇരുന്ന സമയത്താണ് ചെയ്തത്. ശരത് യാദവും എൽ.കെ.അഡ്വാനിയും മുതൽ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന മാധവറാവു സിന്ധ്യ വരെ അരുൺ ജയ്റ്റ്ലിയുടെ കക്ഷികളായിരുന്നു എന്നത് തന്നെ അഭിഭാഷകനെന്ന നിലയിൽ ജയ്റ്റ്ലിയുടെ പ്രാഗൽഭ്യത്തിന്റെ സാക്ഷ്യം.
ഇങ്ങനെയെല്ലാം ആയിരുന്നെങ്കിലും ‘ജയ് ശ്രീറാം’ മുദ്രാവാക്യമുയർത്തി അഡ്വാനി ഹിന്ദുത്വ രാഷ്‌ട്രീയ രഥത്തിലേറിയപ്പോൾ ഡൽഹി ശ്രീറാം കോളജിലെ പൂർവവിദ്യാർഥിയായ ജയ്‌റ്റ്‌ലിയിൽ രാഷ്‌ട്രീയ മോഹങ്ങൾ വീണ്ടുമുണർന്നു. 1991–ൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗമായി. 1998–ൽ െഎക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രതിനിധിസംഘത്തിൽ അംഗമായി ലഹരിമരുന്നുകളുടെയും കള്ളപ്പണ വെളുപ്പിക്കലിന്റെയും നിയമവശങ്ങളെ കുറിച്ചുള്ള ജയ്റ്റ്ലി നടത്തിയ അഭിപ്രായപ്രകടനങ്ങൾ പരക്കെ അംഗീകരിക്കപ്പെട്ടു. സാമ്പത്തിക രംഗത്തിൽ അദ്ദേഹത്തിനുള്ള വൈദഗ്ധ്യം തെളിയിക്കുന്നതായി അത്.
1999–ൽ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ അരുൺ ജയ്റ്റ്ലി, വാജ്േപയി മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ്, ഓഹരി വിറ്റഴിക്കൽവകുപ്പ് സഹമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. തൊട്ടടുത്ത വർഷം തന്നെ അദ്ദേഹം ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് എത്തി. വാജ്േപയ് മന്ത്രിസഭയിൽ കാബിനറ്റ് റാങ്കോടെ നിയമം, കമ്പനി കാര്യം എന്നിവ കൈകാര്യം ചെയ്തു. 2003ൽ മെക്സിക്കോയിലെ കാൻകൂണിൽ നടന്ന ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിൽ ജയ്‌റ്റ്‌ലി തിളങ്ങി. കമ്പനികാര്യ മന്ത്രിയായിരിക്കെ തന്നെ 2002–ൽ പെപ്സികോ, കോക്ക കോള എന്നീ കമ്പനികൾക്കുവേണ്ടി ജയ്റ്റ്ലി സുപ്രീം കോടതിയിൽ ഹാജരായി. ആ വർഷം തന്നെ പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ജയ്റ്റ്ലി, 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പു പരാജയം വരെ ആ സ്ഥാനത്ത് തുടർന്നു.
ക്രിക്കറ്റ് കമ്പം
കണക്കുകളുടെ കളി ഏറെ ഇഷ്ടപ്പെട്ട അരുൺ ജയ്റ്റലിയുടെ മറ്റൊരു ഭ്രമം ക്രിക്കറ്റിനോടായിരുന്നു. ഡൽഹി രാഷ്ട്രീയ തട്ടകമാക്കിയ ജയ്റ്റ്ലിയുടെ ഇഷ്ടതാരങ്ങളും ഡൽഹിക്കാരായിരുന്നു – വീരേന്ദർ സേവാഗും ഗൗതം ഗംഭീറും. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരിക്കെ അഡ്വാനി പക്ഷക്കാരനായിരുന്ന അരുൺ ജയ്‌റ്റ്‌ലി പൊതുതാൽപ്പര്യത്തിനെതിരെ വാദിച്ചത് ഒരിക്കൽ മാത്രം. അതു ക്രിക്കറ്റിനുവേണ്ടി മാത്രം. ജയ്‌റ്റ്‌ലിയുടെ ക്രിക്കറ്റ് ഹരമറിയുന്ന എൽ.കെ. അഡ്വാനി തൽക്കാലത്തേക്കു ക്ഷമിച്ചതു ഭാഗ്യം. ഗ്രൂപ്പിൽനിന്നു ജയ്‌റ്റ്‌ലി ഔട്ടായില്ല.
2004–ലെ ഇന്ത്യ - പാക്ക് ക്രിക്കറ്റ് പരമ്പര അട്ടിമറിക്കാൻ അഡ്വാനി പക്ഷം ബാറ്റെടുത്തിറങ്ങിയപ്പോഴാണു ഡ്രസിങ് റൂമിൽ ജയ്‌റ്റ്‌ലിയുടെ ഭിന്നസ്വരമുയർന്നത്. ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷയ്‌ക്കു ഭീഷണിയുള്ളതിനാൽ പരമ്പര നീട്ടിവയ്‌ക്കണമെന്ന ആഭ്യന്തര മന്ത്രാലയ നിലപാടിനു പിന്നിൽ അഡ്വാനി പക്ഷത്തിന്റെ ഗ്രൂപ്പു താൽപ്പര്യം മാത്രമായിരുന്നു. ഇന്ത്യ - പാക്ക് ബന്ധം മെച്ചപ്പെടുത്തി വാജ്‌പേയി സ്‌കോർ ചെയ്യുമെന്നതിനേക്കാൾ അഡ്വാനിയുടെ രഥയാത്ര അവഗണിച്ചു മാധ്യമങ്ങൾ സൗരവ് ഗാംഗുലി പക്ഷത്തേക്കു ചായുമെന്ന ഭയമായിരുന്നു ക്രിക്കറ്റ് വിരോധത്തിനു പിന്നിൽ. വാജ്‌പേയി പക്ഷം ടോസ് നേടിയപ്പോൾ ജയ്‌റ്റ്‌ലി ഉള്ളുകൊണ്ടാനന്ദിച്ചു.
കന്യാകുമാരിയിൽ അഡ്വാനിയുടെ രഥയാത്രയുടെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത് മൂന്നാം നാൾ ജയ്‌റ്റ്‌ലി അഡ്വാനിയുടെ ജന്മനാടായ കറാച്ചിയിൽ ഇന്ത്യ - പാക്ക് ഏകദിന മൽസര വേദിയിലെത്തി. അടിയന്തരാവസ്‌ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ കോലം കത്തിച്ചു ജയിലിൽ പോയ ജയ്‌റ്റ്‌ലിക്കു പാക്കിസ്‌ഥാനെതിരായ ക്രിക്കറ്റ് ജയമാഘോഷിക്കാൻ കൂട്ടായത് ഇന്ദിരയുടെ പേരക്കുട്ടികളായ രാഹുലും പ്രിയങ്കയും. പ്രിയങ്കയും രാഹുലും റോബർട്ട് വധേരയുമൊത്തുള്ള ജയ്റ്റ്ലിയുടെയും വിജയാഹ്ലാദ ചിത്രം ഇന്ത്യയിലെയും പാക്കിസ്‌ഥാനിലെയും മുഴുവൻ പത്രങ്ങളിലും മുൻപേജിലെത്തുകയും ചെയ്തു. എന്നാൽ ക്രിക്കറ്റ് ലഹരി വിട്ട് രാഷ്ട്രീയക്കാരനാകുമ്പോൾ അരുൺ ജയ്‌റ്റ്‌ലി ഗൗരവക്കാരനാകും.
ബിജെപി രാഷ്‌ട്രീയം പോലെ ജയ്‌റ്റ്‌ലിക്കു പ്രിയങ്കരമായിരുന്നു ക്രിക്കറ്റ് അസോസിയേഷൻ രാഷ്‌ട്രീയവും. 1999 മുതൽ 2013 വരെ അദ്ദേഹം ഡൽഹി ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷ പദവി വഹിച്ചു. അധ്യക്ഷസ്ഥാനത്തിരിക്കെ ജയ്റ്റ്ലി സാമ്പത്തിക ക്രമക്കേട് കാണിച്ചെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആരോപണം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. ഇതിനെതിരെ ജയ്റ്റ്ലി മാനനഷ്ടത്തിനു കേസ് കൊടുക്കുകയും ചെയ്തു. എന്നാൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥനത്തിലാണ് ആരോപണം ഉന്നയിക്കേണ്ടി വന്നതെന്ന വിശദീകരണവുമായി മാപ്പ് പറഞ്ഞ് കേജ്‌രിവാൾ തടിയൂരിയതും ചരിത്രം. 2009–ൽ ബിസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനവും അരുണ്‍ ജയ്റ്റ്ലി വഹിച്ചു.
അയോധ്യ, ഏകീകൃത സിവിൽ കോഡ്
ക്രിക്കറ്റ് പോലെ തന്നെ ജയ്‌റ്റ്‌ലിക്കു പ്രിയങ്കരമായിരുന്നു അയോധ്യ, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ വിവാദ വിഷയങ്ങൾ. 2003–ൽ അയോധ്യ പ്രശ്‌നപരിഹാരത്തിനു കാഞ്ചി ശങ്കരാചാര്യ മുഖേന കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ഒത്തുതീർപ്പു നിർദേശത്തിന്റെ രൂപരേഖയുണ്ടായതു ജയ്‌റ്റ്‌ലിയുടെ കുശാഗ്രബുദ്ധിയിലാണ്. കാഞ്ചി ശങ്കരാചാര്യയുടെ ദൗത്യം പരാജയപ്പെട്ടപ്പോൾ കേന്ദ്രസർക്കാർ തന്നെ അതേ നിർദേശങ്ങളുമായി സുപ്രീം കോടതിയെ സമീപിച്ചു. തകർക്കപ്പെട്ട ബാബ്‌റി മസ്‌ജിദിനു ചുറ്റുമായി കേന്ദ്രസർക്കാർ ഏറ്റെടുത്ത രാമജന്മഭൂമി ട്രസ്‌റ്റ് വക ഭൂമിയെ തർക്കരഹിതമെന്നു വ്യാഖ്യാനിച്ച് ഉടമസ്‌ഥരെ തിരിച്ചേൽപ്പിക്കാനുള്ള നിയമമന്ത്രാലയ ശുപാർശയിലെ അഭിഭാഷക ബുദ്ധി സുപ്രീം കോടതി തിരിച്ചറിഞ്ഞു. പട്ടയത്തർക്കമുള്ള രണ്ടര ഏക്കറിനു ചുറ്റുമായി രാമക്ഷേത്ര ട്രസ്‌റ്റിനുള്ള 47 ഏക്കർ ക്ഷേത്ര നിർമാണത്തിനു നൽകിയാൽ പിന്നെ പട്ടയക്കേസിനു പ്രസക്‌തി നഷ്‌ടമാകുമെന്ന തന്ത്രമാണു ജയ്‌റ്റ്‌ലി പ്രയോഗിച്ചത്.
ഏകീകൃത സിവിൽ കോഡിനോട് എൻഡിഎ ഘടകകക്ഷികളുടെ അലർജി മനസ്സിലാക്കി ദീർഘകാല ചികിൽസയാണു ജയ്‌റ്റ്‌ലി വിധിച്ചത്. വ്യക്‌തിനിയമങ്ങൾ പരിഷ്‌കരിച്ചു ഏകീകൃത സിവിൽ കോഡിന്റെ ഫലമുണ്ടാക്കാനായിരുന്നു ജയ്‌റ്റ്‌ലിയുടെ പദ്ധതി. മതവിഭാഗങ്ങളിലെ പരിഷ്‌കരണവാദികളുടെയും കോടതിയുടെയും സഹായത്തോടെയായിരുന്നു നീക്കം. മതത്തിന്റെ ചട്ടക്കൂടുള്ള വിവാഹ നിയമങ്ങളിൽ സ്‌ത്രീ - പുരുഷ തുല്യതയ്‌ക്കായി ചില ഹർജികൾ കോടതിയിലെത്തിയതിനു പിന്നിൽ ജയ്‌റ്റ്‌ലിയുടെ പ്രേരണയുണ്ടായിരുന്നു.
അതുപോലെ തന്നെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാർ നടപ്പാക്കിയ ജമ്മു കശ്‌മീരിനു പ്രത്യേകാധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് നീക്കുന്നതില്‍ വാജ്പേയി മന്ത്രിസഭയിൽ അംഗമായിരിക്കുമ്പോ മുതൽ ഘടകകക്ഷികൾക്കിടയിൽ അഭിപ്രായൈക്യത്തിനു ശ്രമിച്ചതിലൊരാൾ അരുൺ ജയ്റ്റ്ലിയായിരുന്നു.
നരേന്ദ്ര മോദിക്കും പ്രിയങ്കരൻ
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്‌ഥാനാർഥിയാക്കാനുള്ള ഉൾപ്പാർട്ടി നീക്കങ്ങളിൽ അന്നു രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു അരുൺ ജയ്‌റ്റ്‌ലി സജീവപങ്കാണു വഹിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തിന്റെ കാലത്ത് മോദിയെ ഏറ്റവും ശക്‌തമായി പിന്തുണയ്‌ക്കുകയും നിയമപരമായ ഉപദേശങ്ങൾ നൽകുകയും ചെയ്‌തത് ജയ്‌റ്റ്‌ലി ആയിരുന്നു. അന്നുതുടങ്ങിയ അടുപ്പം മരണംവരെയും തുടർന്നു. ജയ്‌റ്റ്‌ലിയെ ഗുജറാത്തിൽ നിന്നു രാജ്യസഭയിലേക്ക് എത്തിച്ചത് മോദിയായിരുന്നു. പാർട്ടിയിൽ അഡ്വാനി കലാപസ്വരം ഉയർത്തിയപ്പോഴും മോദിക്ക് ജയ്‌റ്റ്‌ലിയുടെ പിന്തുണ ഏറെ സഹായകമായി.
തന്റെ ബ്ലോഗിലൂടെ നരേന്ദ്ര മോദിക്കു വേണ്ടി ശക്‌തമായി വാദിക്കുന്ന കാര്യത്തിലും മികച്ച അഭിഭാഷകനായ ജയ്‌റ്റ്‌ലി ഒരിക്കലും വീഴ്‌ചവരുത്തിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയ്റ്റ്ലി അമൃത്സറിൽ തോറ്റെങ്കിലും കാബിനറ്റ് പദവിയോടെ തന്നെ മന്ത്രിസ്ഥാനം നൽകി. അതും സുപ്രധാനമായ ധനകാര്യം. ഈ വർഷം വീണ്ടും അധികാരത്തിലേറിയപ്പോൾ മന്ത്രിസഭയിലേക്ക് വേണമെന്ന് മോദി ഏറെ ആഗ്രഹിച്ചത് ജയ്റ്റ്ലിയെ മാത്രമാണ്.
വകുപ്പുകളുടെ ചുമതലയ്യേൽക്കാതെ തന്നെ മന്ത്രിസ്ഥാനം കൊടുക്കാമെന്ന് മോദി ജയ്റ്റ്ലിയുടെ വീട്ടിൽ പോയി പറയുകയും ചെയ്തു. എന്നാൽ അനാരോഗ്യം ജയ്റ്റ്ലിയെ അതിനു സമ്മതിച്ചില്ല. എങ്കിലും മുത്തലാഖ് ബില്ല് പാസാക്കിയപ്പോഴും കശ്മീർ വിഷയത്തിലും സർക്കാരിനു വേണ്ടി വാദിക്കാൻ ജയ്റ്റ്ലി മുന്‍പിൽ തന്നെയുണ്ടായിരുന്നു, ഒരു അഭിഭാഷകന്റെ അതേ വാക് ചാതുരിയോടെ. ജയ്റ്റ്ലിയുടെ വിയോഗത്തോടെ ബിജെപിക്കു നഷ്ടമാകുന്നതും അതുതന്നെയായിരിക്കും, പ്രതിസന്ധി ഘട്ടങ്ങളിൽ പ്രതിപക്ഷത്തിന്റെ വാദമുനകളെ മികച്ച നിലയിൽ പ്രതിരോധിച്ച അഭിഭാഷകനെ.