ADVERTISEMENT

അടിയന്തരാവസ്ഥയുടെ നാളുകൾ; അരുൺ ജയ്റ്റ്ലിയെന്ന കോളജ് വിദ്യാർഥി അന്നു വാനിലേക്ക് മുഷ്ടി ചുരുട്ടി വിളിച്ച ഏകാധിപത്യവിരുദ്ധ മുദ്രാവാക്യങ്ങൾ ഡൽഹി സർവകലാശാല ക്യാംപസിനെ പ്രകമ്പനം കൊള്ളിച്ചതാണ്. ഛാത്ര യുവ സംഘർഷ് വാഹിനിയെന്ന സംഘടനയുടെ കൺവീനറായിരുന്നു അന്നു ജയ്റ്റ്ലി. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ 21 വിദ്യാർഥിനേതാക്കൾ ചേർന്നതായിരുന്നു സംഘടന. 1975 ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ സംഘടന നിരോധിക്കപ്പെട്ടു. തുടർന്ന് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ജയ്റ്റ്ലിയുമുണ്ടായിരുന്നു. പിൽക്കാലത്ത് എൻസിപി ജനറൽ സെക്രട്ടറിയായ ഡി.പി. ത്രിപാഠിയും അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. 

പുലർച്ചെ നാലിന് തിഹാർ ജയിലിലെത്തുമ്പോൾ വളരെക്കാലമായി പരിചയമുള്ള നേതാവിനെപ്പോലെയായിരുന്നു ജയ്റ്റ്ലി തന്നെ ആദ്യമായി അഭിവാദ്യം ചെയ്തതെന്ന് ഓർക്കുന്നു ത്രിപാഠി. ജയ്റ്റ്ലിയാകട്ടെ ആ ബന്ധം ജയിലിൽ തന്നെ അവസാനിപ്പിക്കാനും തയാറായില്ല. ദേശീയരാഷ്ട്രീയത്തിൽ സജീവമായപ്പോഴും പലപ്പോഴും എൻസിപിയുമായുള്ള നിർണായക ചർച്ചകൾക്കിടെ ത്രിപാഠിയുമായുള്ള സൗഹൃദം ജയ്റ്റ്ലിക്കു ഗുണം ചെയ്തു. ഇരുവരും തമ്മിലുള്ള ചർച്ചകളിലെ വിവരങ്ങൾ മൂന്നാമതൊരാൾ അറിഞ്ഞതുമില്ല. അതേക്കുറിച്ച് ത്രിപാഠി തന്നെ ഒരു ദേശീയമാധ്യമത്തോടു പറഞ്ഞതിങ്ങനെ: 

‘ജയിലഴികൾക്കുള്ളിലെ സൗഹൃദമല്ലേ, അതങ്ങനെയൊന്നും മാഞ്ഞുപോകില്ല...’ ജയ്റ്റ്ലിയുടെ ഈ ‘സൗഹൃദ നയതന്ത്രത്തിന്റെ’ കരുതൽ ഏൽ‍ക്കാത്ത അധികം നേതാക്കൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകാനിടയില്ല.

INDIA-POLITICS-PARLIAMENT
കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദിനൊപ്പം അരുൺ ജയ്റ്റ്ലി.

പ്രതിസന്ധിഘട്ടങ്ങളിലെല്ലാം നിയമപരമായും മാധ്യമങ്ങളുമായുള്ള ഇടപെടലിലൂടെയും ബിജെപിക്കു വേണ്ടി നിലകൊണ്ടിട്ടുണ്ട് ജയ്റ്റ്ലി. പാർട്ടിയുടെ നയം വിശദീകരിച്ചു വ്യക്തമാക്കിക്കൊടുക്കുന്നതിലും പ്രാവീണ്യം തെളിയിച്ചു. ഗുജറാത്ത് വിഷയത്തിൽ നരേന്ദ്ര മോദിക്കൊപ്പം നിന്നതു പോലെ മുന്‍ ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോദിക്ക് വിസ ലഭിക്കുന്നതിനായി വഴിവിട്ടു സഹായിച്ചെന്ന ആരോപണം സുഷമ സ്വരാജിനു നേരെ ഉയർന്നപ്പോൾ പ്രതിരോധിക്കാൻ മുന്നിൽ ജയ്റ്റ്ലിയെത്തി.

അന്ന് പാർലമെന്റിന്റെ ഇരുസഭകളെയും സ്തംഭിപ്പിക്കും വിധം വിഷയം ശക്തമായപ്പോൾ സുഷമയ്ക്കൊപ്പം ഉറച്ചു നിൽക്കുന്നതായി ആദ്യം പറഞ്ഞ പ്രമുഖ നേതാവ് ജയ്റ്റ്ലിയായിരുന്നു. പാര്‍ട്ടിക്കും സർക്കാരിനും അതേ അഭിപ്രായം തന്നെയാണെന്നു ബിജെപി വ്യക്തമാക്കിയതും  ജയ്റ്റ്ലിയുടെ വാക്കുകളിലൂടെ.

സ്മൃതിയുടെ ‘സംശയം’

INDIA-VOTE
അരുൺ ജയ്റ്റ്ലി

പാർട്ടിക്കകത്തു പറയത്തക്ക ശത്രുക്കളൊന്നുമുണ്ടായിരുന്നില്ല ജയ്റ്റ്ലിക്ക്. മാത്രവുമല്ല അദ്ദേഹം നിയമപരമായും രാഷ്ട്രീയപരമായും ചെയ്തുതന്ന ഉപകാരങ്ങളെപ്പറ്റി പറയാൻ പലർക്കും നൂറുനാവും. കേന്ദ്രമന്ത്രിയായിരുന്ന സ്മൃതി ഇറാനിയാണ് അവരിലൊരാൾ. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരിക്കൊണ്ട സമയം ഓരോ മണിക്കൂറിലും ഇടപെടാൻ ജയ്റ്റ്ലിയെ സ്മൃതി ഫോണിൽ വിളിക്കുമായിരുന്നെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ, താൻ ബിരുദം പാസായിട്ടില്ലെന്നു സ്മൃതി ചേർത്തതാണു ചർച്ചയായത്. തന്റെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി ചോദിക്കുന്ന മാധ്യമപ്രവർത്തകരോട് എന്തു മറുപടി പറയണമെന്നായിരുന്നു സ്മൃതിയുടെ പ്രധാന സംശയം. 

ഏതു കോളജിലാണു പഠിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലല്ല താൻ ചെയ്ത പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വേണം വിലയിരുത്തേണ്ടത് എന്ന മറുപടിയായിരുന്നു അന്നു ജയ്റ്റ്ലി നല്‍കിയത്. 2014ൽ അമേഠിയിൽ രാഹുലിനോടു തോറ്റിട്ടും അവിടെത്തന്നെ തുടർന്നു മണ്ഡലത്തിനു വേണ്ടി പ്രവർത്തിച്ച സ്മൃതി 2019ൽ കോൺഗ്രസിനെ ഞെട്ടിച്ച വിജയം നേടിയപ്പോൾ അണികളിൽ ഒരു വിഭാഗം ഓർത്തത് അർജുനന് കൃഷ്ണനെന്ന പോലെ ജയ്റ്റ്ലി സ്മൃതിക്കു നൽകിയ ഈ  ‘കർമോപദേശ’മായിരുന്നു. ആ വലിയ വിജയത്തിനു മുന്നിൽ സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചർച്ച പാടെ വിസ്മൃതിയിലാവുകയും ചെയ്തു. സ്മൃതിക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാൻ ജയ്റ്റ്ലി അന്നു ലക്ഷ്യം വച്ചത് രാഹുൽ ഗാന്ധിയെയായിരുന്നു. ബിരുദാനന്തര ബിരുദമില്ലാതെയാണു രാഹുല്‍ ഗാന്ധി എംഫില്‍ നേടിയതെന്ന ആരോപണം അദ്ദേഹം തന്റെ ബ്ലോഗിലൂടെ ഉന്നയിച്ചതോടെ ചർച്ചകളെല്ലാം ആ വഴിക്കായി. 

പ്രണബിനെപ്പോലൊരു ജയ്റ്റ്ലി

INDIA-VOTE-COUNTING-BJP
അരുൺ ജയ്റ്റ്ലി (2009ലെ ചിത്രം)

മൻമോഹൻ സിങ് മന്ത്രിസഭയിലെ പ്രണബ് മുഖർജിയോടാണ് പലരും ജയ്റ്റ്ലിയെ താരതമ്യം ചെയ്തത്. പ്രണബിനെപ്പോലെ മറ്റു പാര്‍ട്ടികളിൽ ജയ്റ്റ്ലിക്കുള്ള സൗഹൃദവലയം തന്നെ കാരണം. ഒന്നാം മോദി മന്ത്രിസഭയില്‍ പലപ്പോഴും ചർച്ചകൾ പോലും മുന്നോട്ടു കൊണ്ടുപോകാനാകാതെ പാർലമെന്റ് സ്തംഭിക്കുമ്പോൾ ‘സമാധാന’ ചർച്ചയുടെ ദൂതനായിരുന്നത് ജയ്റ്റ്ലിയായിരുന്നു. തീരുമാനങ്ങളെടുക്കാൻ ഓരോ പാർട്ടിയിലും നിർണായക അധികാരമുണ്ടായിരുന്ന മുതിർന്ന നേതാക്കളുമായെല്ലാം അദ്ദേഹം സൗഹൃദം കാത്തുപോന്നു. കോൺഗ്രസിൽ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, പി.ചിദംബരം, രാജീവ് ശുക്ല, സിപിഎമ്മിൽ സിതാറാം യച്ചൂരി, എസ്പിയിൽ റാം ഗോപാൽ യാദവ്, എൻസിപിയിൽ ശരദ് പവാർ, ബിഎസ്പിയിൽ മായാവതി, ശിരോമണി അകാലിദളിൽ പ്രകാശ് സിങ് ബാദൽ, ടിഡിപിയിൽ ചന്ദ്രബാബു നായിഡു, ബിഹാറിൽ ജനതാദൾ (യു) നേതാവ് നിതീഷ് കുമാർ, തമിഴ്നാട്ടിൽ ജയലളിത തുടങ്ങിയവരെല്ലാം ആ പട്ടികയിൽപ്പെടുന്നു. 

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോക്സഭയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ ബില്ലുകൾ പാസാക്കുന്നതുൾപ്പെടെ താരതമ്യേന എളുപ്പമായിരുന്നു ബിജെപിക്ക്. എന്നാൽ രാജ്യസഭയില്‍ മേൽക്കൈ പ്രതിപക്ഷത്തിനായിരുന്നു. പ്രതിപക്ഷവുമായുള്ള ജയ്റ്റ്ലിയുടെ ‘സൗഹൃദ നയതന്ത്രം’ അറിയാവുന്നതിനാൽ തന്നെയായിരുന്നു അദ്ദേഹത്തെ വീണ്ടും ബിജെപിയുടെ രാജ്യസഭാ നേതാവായി തിരഞ്ഞെടുത്തതും. ജയ്റ്റ്ലിയെ വേണമായിരുന്നു പാർലമെന്ററികാര്യ മന്ത്രി ആക്കേണ്ടത് എന്ന് ഒരിക്കല്‍ തൃണമൂൽ കോൺഗ്രസിലെ മുതിർന്ന എംപി രാജ്യസഭയിൽ പറഞ്ഞതു മാത്രം മതി അദ്ദേഹത്തിന്റെ നയതന്ത്ര വിജയം വ്യക്തമാക്കാനുള്ള ഒന്നാന്തരം തെളിവ്. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും ഒരിക്കൽ പറഞ്ഞു– ‘ജയ്റ്റ്ലിയെന്ന പേരു കേൾക്കുമ്പോൾ ഒറ്റ വിശേഷണമേ മനസ്സിലേക്കു വരികയുള്ളൂ, അതൊരു സൂപ്പർ നയതന്ത്രജ്ഞനെന്നതാണ്...’

ഓഫിസ് മാറ്റം മുതൽ വിലക്കയറ്റം വരെ

INDIA-ECONOMY-BUDGET-JAITLEY
2017ൽ ബജറ്റ് അവതരിപ്പിക്കാനെത്തുന്ന അരുൺ ജയ്റ്റ്‌ലി.

ബിജെപിക്കു പുറത്തുള്ള പാർട്ടിക്കാർക്കുമുണ്ട് ജയ്റ്റ്ലിയുടെ സൗഹൃദപരമായ ഇടപെടലുകളെപ്പറ്റി പറയാനേറെ. അതിൽ പാർട്ടി ഓഫിസ് മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നം മുതൽ നിർണായക നിയമ വിഷയങ്ങൾ വരെയുണ്ട്. എൻഡിഎ സർക്കാർ ഭരണം സുഗമമായി മുന്നോട്ടു പോകുന്നതിനു സഖ്യകക്ഷികളെ അനുനയിപ്പിച്ച് ഒപ്പം നിർത്തേണ്ടതിന്റെ ചുമതല ആരും പറയാതെ തന്നെ ജയ്റ്റ്ലി മനോഹരമായി നിർവഹിച്ചു പോന്നിരുന്നു. രാജ്യത്ത് ധാന്യങ്ങൾക്കു വിലക്കയറ്റമുണ്ടായ സമയത്ത് നടത്തിയ ഇടപെടൽ ഒരുദാഹരണം. പ്രശ്നം രൂക്ഷമായ സമയത്ത് ഭക്ഷ്യവകുപ്പ് മന്ത്രിയും എൽജെപി നേതാവുമായ റാം വിലാസ് പസ്വാന്റെ ഒപ്പമിരുന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു ജയ്റ്റ്ലി ചെയ്തത്. ആഭ്യന്തര വിപണിയിലേക്ക് 100 ലക്ഷം ടൺ ഗോതമ്പും 50 ലക്ഷം ടൺ അരിയും എത്തിക്കാൻ നിർദേശവും നൽകി. അതു ഫലം കാണുകയും ചെയ്തു.

ജെഡി(യു)വിന്റെ ഓഫിസ് പാർലമെന്റിന്റെ ഏറ്റവും താഴത്തെ നിലയിൽ നിന്ന് മൂന്നാം നിലയിലേക്കു മാറ്റാനുള്ള ശ്രമവും ഒരിക്കൽ നടന്നു. ഈ പ്രശ്നം പാർട്ടി തലവൻ ശരത് യാദവ് ജയ്റ്റ്ലിയെ അറിയിച്ചു. വൈകാതെ തന്നെ സഭയുടെ ഡെപ്യൂട്ടി ചെയർമാനോടു സംസാരിച്ച് വിഷയത്തിൽ അനുകൂല തീരുമാനമുണ്ടാക്കുകയും ചെയ്തു.

അകാലിദളിനൊപ്പം...

എൻഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്  2014ൽ നിർണായക പ്രതിസന്ധി നേരിടേണ്ടി വന്നപ്പോഴും ഇടപെട്ടു പരിഹാരം നിർദേശിച്ചത് ജയ്റ്റ്ലിയായിരുന്നു. 44 ഗുരുദ്വാരകളുടെ ഭരണം നടത്തുന്നതിന് ഒരു സ്വതന്ത്ര സംസ്ഥാന സമിതി രൂപീകരിക്കാൻ ഹരിയാനയിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ നീക്കം നടത്തിയതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ‌‌ആ വർഷം ജൂലൈയിൽ ഹരിയാന സിഖ് ഗുരുദ്വാര മാനേജ്മെന്റ് ആക്ടുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചു. 

INDIA-ECONOMY-AIRTEL
അരുൺ ജയ്റ്റ്ലി

അതുവരെ 44 ഗുരുദ്വാരകളും അമൃത്‌സർ ആസ്ഥാനമായുള്ള ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ (എസ്ജിപിസി) കീഴിലായിരുന്നു. 1925 മുതലുള്ള ആ അധികാരം എസ്ജിപിസിക്കു നഷ്ടപ്പെട്ടു പോകുന്നതിന്റെ ആശങ്ക ശിരോമണി അകാലിദൾ നേതാക്കൾ ജയ്റ്റ്ലിയെ അറിയിച്ചു. അകാലിദളിനോ ഗുരുദ്വാരയ്ക്കോ പ്രശ്നം വരുത്തുന്ന ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്. എന്നിട്ടും ഹൂഡ മുന്നോട്ടു പോയപ്പോൾ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അറ്റോണി ജനറൽ മുകുൾ റോഹത്കിയോട് ജയ്റ്റ്ലി അഭ്യർഥിച്ചു. വൈകാതെ തന്നെ ഹരിയാന സർക്കാരിന്റെ നീക്കത്തിനു സുപ്രീംകോടതി സ്റ്റേ വന്നു.

നിയമവൃത്തങ്ങളിലെ ജയ്റ്റ്ലിയുടെ സൗഹൃദം ഇത്തരം ഘട്ടങ്ങളിൽ ബിജെപിക്ക് ഏറെ ഉപകാരപ്രദമായിരുന്നു. സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ, അഡിഷനൽ സോളിസിറ്റർ ജനറൽമാരായ പിങ്കി ആനന്ദ്, മനീന്ദർ സിങ്, നീരജ് കിഷൻ കൗൾ, പി.എസ്.നരസിംഹ തുടങ്ങിയവരെല്ലാം ജയ്റ്റ്ലിക്ക് ഏറെ അടുപ്പമുള്ളവരും സഹപ്രവർത്തകരുമായിരുന്നു. സുപ്രീംകോടതി ജഡ്ജി റോഹിന്റന്‍ നരിമാൻ ഡല്‍ഹി ശ്രീംറാം കോളജ് ഓഫ് കൊമേഴ്സിൽ ജയ്റ്റ്ലിയുടെ സഹപാഠിയുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com