ജയ്റ്റ്ലി – നരേന്ദ്ര മോദിയുടെ ‘അമൂല്യരത്നം’; അമിത് ഷാ മറക്കില്ല ആ ഡൽഹിക്കാലം
Mail This Article
ഭരണത്തിലെ തേരോട്ടത്തിലും നിയമത്തിലെ പോരാട്ടത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും ഒരു പോലെ വഴികാട്ടിയായ വ്യക്തിത്വം; അരുൺ ജയ്റ്റ്ലി വിട പറയുന്നതോടെ റെയ്സിന കുന്നുകളിലെ അധികാരത്തിന്റെ ഇടനാഴികളിൽ സൃഷ്ടിക്കപ്പെടുന്ന ആ വലിയ ശൂന്യത നികത്താൻ ബിജെപിയിൽ ഇനിയാരെന്ന ചോദ്യം ബാക്കി. മോദി–അമിത് ഷാ–ജയ്റ്റ്ലി ത്രയത്തിൽ ഡൽഹിയിലെ സമസ്ത മേഖലയിലും ഏറ്റവും സ്വാധീനമുണ്ടായിരുന്ന വ്യക്തിയാണു യാത്ര പറഞ്ഞിരിക്കുന്നത്.
അഗ്നിപരീക്ഷണ ഘട്ടങ്ങളിലെല്ലാം ഒരിക്കൽ പോലും മോദിയെ കൈവിട്ടിട്ടില്ല ജയ്റ്റ്ലി. സ്വന്തം തട്ടകമായ ഗുജറാത്തിലേക്ക് പ്രവേശിക്കാൻ പോലും അമിത് ഷായ്ക്കു സാധിക്കാതിരുന്ന കാലത്ത് അദ്ദേഹം സഹായം തേടിയെത്തിയത് ഡൽഹിയിൽ ജയ്റ്റ്ലിയുടെ അടുത്തേക്കായിരുന്നു. ഒരു ഫോൺവിളിക്കപ്പുറം എല്ലാവർക്കും സഹായവുമായി, പാർട്ടിക്കു കരുത്തായി നിലനിന്ന ആ നേതാവിന്റെ ഓർമകള്‍ നിറഞ്ഞ ഒട്ടേറെ കഥകൾ പറയാനുണ്ട് ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തിന്...
കൈവിടാതെ മോദി...
2014ലെ ലോക്സഭ തിരഞ്ഞെടുപ്പ്. 282 സീറ്റും സ്വന്തമാക്കി വൻ വിജയത്തോടെ ബിജെപി അധികാരത്തിലെത്തി. എന്നാൽ നരേന്ദ്രമോദി സർക്കാരിൽ രണ്ടാമനാകുമെന്നു കരുതിയിരുന്ന ജയ്റ്റ്ലിക്ക് പഞ്ചാബിലെ അമൃത്‌സറിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. മോദിപ്പടയിലെ നെടുംതൂണുകളിലൊന്നാകേണ്ടിയിരുന്ന ജയ്റ്റ്‌ലിയുടെ പരാജയം ശത്രുപാളയം ആഘോഷമാക്കി. പിന്നാലെ അഭ്യൂഹങ്ങളുടെ പ്രളയവും. ബിജെപി അധ്യക്ഷനായിരുന്ന രാജ്നാഥ് സിങ്ങിനായിരിക്കും മന്ത്രിസഭയിൽ രണ്ടാം സ്ഥാനമെന്നായിരുന്നു ഒരു റിപ്പോർട്ട്. രാജ്നാഥിന് ആഭ്യന്തരം, നിതിൻ ഗഡ്കരിക്ക് പ്രതിരോധം, സുഷമ സ്വരാജിന് വിദേശകാര്യം എന്നിങ്ങനെ വകുപ്പുകൾ സംഭവിച്ച അഭ്യൂഹങ്ങളും നിറഞ്ഞു. അപ്പോഴും ധനവകുപ്പിലേക്ക് ആരെന്ന ചോദ്യം മാത്രം ബാക്കിയായി.
പക്ഷേ തിരഞ്ഞെടുപ്പു പ്രചാരണ കാലത്തു തന്നെ ഇതു സംബന്ധിച്ച വ്യക്തമായ സൂചന മോദി നൽകിയിരുന്നത് അന്ന് ആരും ഓർത്തില്ല. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമ്പോൾ അതിലൊരാൾ ജയ്റ്റ്‌ലിയായിരിക്കുമെന്ന് അമൃത്‌സറിലെ പ്രചാരണത്തിനിടെയാണ് മോദി വാക്കു നൽകിയത് – തന്റെ ആദ്യ മന്ത്രിസഭയിൽ ധനകാര്യം, പ്രതിരോധം, കമ്പനി കാര്യം എന്നീ മൂന്നു സുപ്രധാന വകുപ്പുകൾ നൽകി അദ്ദേഹം വാക്കു പാലിക്കുകയും ചെയ്തു.
സാമ്പത്തിക വിദഗ്ധനും മുൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അരുൺ ഷൂറി, മുൻ റിസർവ് ബാങ്ക് ഗവർണർ ബിമൽ ജലാൻ എന്നിവരെ ഒഴിവാക്കിയായിരുന്നു ജയ്റ്റ്ലിയെ ധനമന്ത്രിയാക്കാനുള്ള മോദിയുടെ തീരുമാനം. അപ്രതീക്ഷിത തോൽവിക്കപ്പുറം ജയ്റ്റ്ലിക്കുള്ള ബിജെപിയുടെ അംഗീകാരം കൂടിയായിരുന്നു ആ സ്ഥാനം. പക്ഷേ ഒരൊറ്റ രാപ്പകലിനപ്പുറം അദ്ദേഹം ആർജിച്ചെടുത്തതായിരുന്നില്ല ഇതൊന്നും. കഴിവും കാര്യക്ഷമതയും കൂട്ടിച്ചേർത്തു വർഷങ്ങളോളം ബിജെപിക്കു വേണ്ടി പ്രയത്നിച്ചതിന്റെയും പാർട്ടിക്കൊപ്പം എന്നും ശക്തമായി നിലകൊണ്ടതിന്റെയും പ്രതിഫലമായിരുന്നു അത്.
2000ത്തിൽ നാൽപത്തിയേഴാം വയസ്സിലാണ് ആദ്യമായി ജയ്റ്റ്ലി പാർലമെന്റിലേക്ക് എത്തുന്നത്. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായിട്ടായിരുന്നു അത്. അതിനിടെ 2001ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി. പിന്നീട് 2006ലും 2012ലും ഗുജറാത്തിൽ നിന്നു തന്നെയായിരുന്നു ജയ്റ്റ്ലിയുടെ രാജ്യസഭാംഗത്വം. 2018ൽ ഉത്തർപ്രദേശിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായതാണു ജയ്റ്റ്ലിക്കു മന്ത്രിസഭയിലേക്കുള്ള വഴി തുറന്നത്. 2016ൽ കേന്ദ്രമന്ത്രിസഭ പുനഃസംഘടന വന്നപ്പോഴും ധനമന്ത്രിസ്ഥാനത്തു നിന്ന് ജയ്റ്റ്ലിയെ മാറ്റുമെന്നായിരുന്നു എതിരാളികളുടെ പ്രചാരണം. അപ്പോഴും മോദിയും പാർട്ടി അധ്യക്ഷനായിരുന്ന അമിത് ഷായും തീരുമാനത്തിൽ ഉറച്ചുതന്നെ നിന്നു. അപ്പോഴും ഒട്ടേറെ പേരുടെ മനസ്സിൽ ഒരു ചോദ്യം ബാക്കി കിടന്നു; എന്തുകൊണ്ട് ജയ്റ്റ്‌ലി?
മോദിയുടെ ‘വഴികാട്ടി’
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു പുതുജീവൻ പകരാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കൊപ്പം നിൽക്കാൻ ജയ്റ്റ്ലിയെപ്പോലൊരു കഴിവുറ്റ മുതിർന്ന നേതാവ് അനിവാര്യനായിരുന്നു. തനിക്കേറെ വിശ്വസ്തനായ ഒരാൾ ഒപ്പം വേണമെന്നു മോദിക്കും നിർബന്ധമുണ്ടായിരുന്നു. കഴിവിന്റെയും വിശ്വാസ്യതയുടെയും കാര്യത്തിൽ ജയ്റ്റ്ലിക്കപ്പുറം മോദിക്ക് മറ്റാരെയും സങ്കൽപിക്കാനുമായിരുന്നില്ല. സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു വരെ മോദിക്കു നേരെ ആക്രമണമുണ്ടായപ്പോൾ പ്രതിരോധിക്കാൻ എല്ലായിപ്പോഴും മുൻനിരയിലുണ്ടായിരുന്നു ജയ്റ്റ്ലി. 2002ൽ ഗുജറാത്ത് കലാപത്തിന്റെ പേരിൽ പാർട്ടിയിലെ ഒരു വലിയ വിഭാഗം മോദിക്കെതിരെ തിരിഞ്ഞപ്പോഴും ജയ്റ്റ്ലി ഒപ്പം നിന്നു.
മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തു നിന്നു മാറ്റണമെന്നു പലകോണുകളിൽ നിന്ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കു മേൽ സമ്മർദമുണ്ടായപ്പോൾ അതു ചെയ്യരുതെന്നു പറഞ്ഞവരുടെ കൂട്ടത്തിൽ ജയ്റ്റ്ലി മുൻനിരയിലായിരുന്നു. ‘ഡൽഹിഫോര്‍’ എന്നു പ്രശസ്തമായ ജയ്റ്റ്‌ലി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, അനന്ത് കുമാർ എന്നിവരുടെ സംഘത്തിൽ അന്നു മോദിക്കു പ്രത്യക്ഷ പിന്തുണയുമായി രംഗത്തു വന്നത് ജയ്റ്റ്ലി മാത്രവും!
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ മോദിയെ മുൻനിർത്തി നേരിടണമെന്നു ബിജെപി തീരുമാനിച്ചപ്പോൾ അതിനു പരിപൂർണ പിന്തുണ പ്രഖ്യാപിച്ചവരിലും ജയ്റ്റ്ലി ഉൾപ്പെട്ടു. പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായിരുന്ന ജയ്റ്റ്ലിയുടെ പിന്തുണയ്ക്ക് അന്നുണ്ടായിരുന്ന പ്രധാന്യമേറെ. തന്റെ ആദ്യ മന്ത്രിസഭയിൽ മറ്റു മുതിർന്ന നേതാക്കൾക്കു പോലും നൽകാത്ത പിന്തുണ മോദി ജയ്റ്റ്ലിക്കു മടക്കി നൽകാൻ ഈ വിശ്വാസ്യത മാത്രമായിരുന്നില്ല കാരണം.
ലോക്സഭ തിരഞ്ഞെടുപ്പിൽ ജയിച്ച് പ്രധാനമന്ത്രിയായെങ്കിലും ന്യൂഡൽഹിയെ അപ്പോഴും പൂർണമായി അറിഞ്ഞിരുന്നില്ല മോദി. അത്തരമൊരു ‘തുടക്കക്കാരന്’ തലസ്ഥാനനഗരിയുടെ രാഷ്ട്രീയം കൃത്യമായി അറിയാവുന്ന ഒരാൾ ഒപ്പം വേണ്ടത് അത്യാവശ്യവുമായിരുന്നു. ജയ്റ്റ്ലിയാകട്ടെ ഡൽഹിയിൽ ജനിച്ചു വളർന്ന വ്യക്തി. സുപ്രീംകോടതിയിൽ അഭിഭാഷകനായിരുന്നു. അഡിഷനൽ സോളിസിറ്റർ ജനറൽ പദവിയിലിരുന്നതിന്റെയും വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നതിന്റെയും പരിചയസമ്പത്ത്. വർഷങ്ങളോളം പാർട്ടിയുടെ വക്താവായിരുന്നു. രാജ്യസഭയിലും ലോക്സഭയിലും ഒരുപോലെ സൗഹൃദം. അധികാരത്തിന്റെ ഇടനാഴികളിലെ പരിചിത മുഖം.
കോർപറേറ്റുകൾക്കും മാധ്യമപ്രവർത്തകർക്കും സുപരിചിതൻ. ആരെയും പിണക്കാത്ത മനോഭാവം. ഒപ്പം അപാരമായ നിയമജ്ഞാനവും. ഡൽഹി രാഷ്ട്രീയത്തിലെയും നിയമ–മാധ്യമ–കോർപറേറ്റ് ലോകത്തിലെയും നെല്ലും പതിരും തിരിച്ചറിയാനാകുന്ന ജയ്റ്റ്ലിയെപ്പോലൊരു നേതാവിനെ മോദി ഒപ്പം നിർത്തിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ‘അബ്കി ബാര്‍, മോദി സർക്കാർ’ എന്ന ബിജെപി മുദ്രാവാക്യത്തെ ഇക്കാരണങ്ങളാലാണ് ഒരിക്കല്‍ കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി അൽപം തമാശ കലർത്തി മാറ്റിപ്പറഞ്ഞത്– ‘അബ്കി ബാര്‍, ജയ്റ്റ്ലി സർക്കാർ’ എന്ന്.
അമൃത്‌സറിലെ തിരഞ്ഞെടുപ്പു റാലിക്കിടെ മോദി തന്നെ ജയ്റ്റ്ലിയെ ഒരിക്കൽ വിശേഷിപ്പിച്ചത് ‘അമൂല്യ രത്നം’ എന്നായിരുന്നു. അമിത് ഷായ്ക്കൊപ്പം മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തൻ എന്ന സ്ഥാനത്തേക്കും വൈകാതെ ജയ്റ്റ്ലി എത്തിച്ചേർന്നു. മോദി–ഷാ–ജയ്റ്റ്ലിയെന്ന ത്രിമൂർത്തികളായി പിന്നെ എൻഡിഎ സർക്കാരിലെ ഏറ്റവും നിർണായക ശക്തികൾ.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിട്ടു ബാധിക്കുന്ന വൻ തീരുമാനങ്ങളെടുക്കുമ്പോൾ തനിക്കൊപ്പമുള്ള വിശ്വസ്തരിൽ ജയ്റ്റ്ലിയും പങ്കാളിയായിരിക്കണമെന്നു മോദിക്കു നേരത്തേതന്നെ നിശ്ചയമുണ്ടായിരുന്നുവെന്നതു കാലം തെളിയിച്ചു. റെയിൽവേ ബജറ്റ് പൊതുബജറ്റുമായി ചേർക്കൽ, ജിഎസ്ടി, നോട്ടുനിരോധനം തുടങ്ങിയവ അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളുമായി. ഏറ്റവും രഹസ്യസ്വഭാവമുള്ള, ഏറെ പ്രാധാന്യമുള്ള നോട്ടുനിരോധനം പോലൊരു തീരുമാനമെടുക്കുമ്പോൾ മോദി മന്ത്രിസഭയിലെ ധനമന്ത്രിയായി ജയ്റ്റ്ലിയെയല്ലാതെ വേറെ ആരെ പ്രതീക്ഷിക്കാനാകുമെന്നും പ്രതിപക്ഷത്തെ നേതാക്കൾ ഉൾപ്പെടെ അന്നു ചോദിച്ചിരുന്നു.
അമിത് ഷായുടെ ഡൽഹിക്കാലം
മോദിയെപ്പോലെ അമിത് ഷായ്ക്കും വിശ്വസ്തനും വഴികാട്ടിയുമായിരുന്നു ജയ്റ്റ്ലി. ഷായെ സംബന്ധിച്ച് ജയ്റ്റ്ലിയോടുള്ള കടപ്പാട് കുറച്ചൊന്നുമല്ല താനും. 2010ൽ രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ഷായ്ക്ക് ഗുജറാത്തിൽ പ്രവേശിക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് ഡൽഹിയിലെ ഗുജറാത്ത് ഭവനിലായിരുന്നു അദ്ദേഹവും ഭാര്യയും താമസിച്ചത്. അക്കാലത്തു ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്താത്ത ഒരു ദിവസം പോലും അമിത് ഷായുടെ ജീവിതത്തിലുണ്ടായിരുന്നില്ലെന്നാണ് പാർട്ടി അണികൾ പറയുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമല്ല രാഷ്ട്രീയപരമായും ഉപദേശങ്ങൾ നൽകി അമിത് ഷായുടെ മുന്നോട്ടുള്ള യാത്ര സുഗമമാക്കാൻ വഴിയൊരുക്കിയത് ജയ്റ്റ്ലിയാണ്.
കഴിഞ്ഞ മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകളിൽ പാർട്ടി ഒറ്റയ്ക്കു മത്സരിക്കണമെന്ന നിര്‍ദേശം അമിത് ഷാ മുന്നോട്ടു വച്ചപ്പോൾ ജയ്റ്റ്ലി അതിനു സമ്പൂർണ പിന്തുണയറിയിച്ചിരുന്നു. ഏറ്റവുമൊടുവിൽ തന്റെ ബ്ലോഗിൽ കുറിച്ച ലേഖനത്തിന്റെ തലക്കെട്ടിലും ജയ്റ്റ്ലി ഏഴുതിച്ചേർത്തത് മോദിയുടെയും അമിത് ഷായുടെയും പേരുകളായിരുന്നു. ‘അസാധ്യമായതു നേടിയെടുത്തവർ’ എന്നാണു കശ്മീരിലെ നടപടികളെപ്പറ്റിയുള്ള ലേഖനത്തിൽ ഇരുവരെയും അദ്ദേഹം വിശേഷിപ്പിച്ചത്.
കോളജ് കാലവും ആർഎസ്എസും
ആർഎസ്എസുമായുള്ള അടുപ്പവും മോദി– ജയ്റ്റ്ലി സൗഹൃദത്തിനു പിന്നിലുണ്ട്. എഴുപതുകളിൽ ആർഎസ്എസിന്റെ യുവജന വിഭാഗത്തിലൂടെയാണ് ജയ്റ്റ്ലി മുഖ്യധാര രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് എംബിവിപി പ്രവർത്തകനായിരുന്നു. 1974ൽ സർവകലാശാല സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. അതിനിടെയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. സർവകലാശാല ക്യാംപസിൽ പ്രകടനം നടത്തിയതിന്റെ പേരിൽ അദ്ദേഹത്തെ 1975ൽ അറസ്റ്റ് ചെയ്തു.
മാപ്പ് എഴുതിക്കൊടുത്തു ജയിലിൽ നിന്നിറങ്ങിപ്പോരാമായിരുന്നെങ്കിലും തയാറായില്ല. പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനാൽ ഒരു വര്‍ഷം നഷ്ടമാവുകയും ചെയ്തു. 19 മാസമായിരുന്നു ജയിൽവാസം. പിന്നീട് അദ്ദേഹം ഡൽഹി എബിവിപിയുടെ അധ്യക്ഷനായി, പിന്നാലെ എബിവിപിയുടെ അഖിലേന്ത്യാ സെക്രട്ടറിയും. അപ്പോഴെല്ലാം ആർഎസ്എസിനോട് തുടർന്നുപോന്ന അനുഭാവം പിന്നീടങ്ങോട്ട് എല്ലായ്പ്പോഴും ജയ്റ്റ്ലിക്കൊപ്പമുണ്ടായിരുന്നു; ആർഎസ്എസിനു തിരിച്ചും.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം ജയ്റ്റ്ലിയെ കാണാൻ ആർഎസ്എസ് ജോയിന്റ് സെക്രട്ടറിയായിരുന്ന സുരേഷ് സോനി വന്നു. പരാജയപ്പെട്ടെങ്കിലും ബിജെപിയിൽ ജയ്റ്റ്ലിക്കുള്ള പ്രാധാന്യം ഒട്ടും കുറയില്ലെന്ന ഉറപ്പാണ് അദ്ദേഹം അന്നു നൽകിയത്. ദിവസങ്ങൾക്കകം കേന്ദ്രമന്ത്രിസ്ഥാനത്തിലൂടെ അതു തെളിയുകയും ചെയ്തു. ആർഎസ്എസിലൂടെയാണു വളർച്ചയെങ്കിലും തീവ്ര ഹിന്ദുത്വ നിലപാടുകളോട് അത്രയേറെ അടുപ്പം കാണിച്ചിരുന്നില്ല ജയ്റ്റ്ലി. മാത്രവുമല്ല അത്തരം നിലപാടുകൾ വഴി കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായയ്ക്കു കോട്ടം തട്ടാതിരിക്കാനും അദ്ദേഹം കരുതൽകാട്ടി.
ഉത്തർപ്രദേശിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ലവ് ജിഹാദ് വിവാദം ആളിപ്പടർന്ന സമയം. മോദിയോ ജയ്റ്റ്ലിയോ ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടിയിരുന്നില്ല. മികച്ച ഭരണവും വികസനവും ലക്ഷ്യമിട്ടു സർക്കാർ പ്രവർത്തിക്കുമ്പോൾ അതിൽ നിന്നു ശ്രദ്ധ തിരിക്കുന്ന ഒന്നിനെക്കുറിച്ചും പ്രതികരിക്കാനില്ലെന്നതായിരുന്നു ജയ്റ്റ്ലിയുടെ നയം. ഇത് ആർഎസ്എസിലെ ഒരു വിഭാഗത്തിന്റെ അതൃപ്തി വിളിച്ചുവരുത്തിയെങ്കിലും ജയ്റ്റ്ലിയുടെ അതേ നിലപാട് തന്നെയായിരുന്നു മോദിയും സ്വീകരിച്ചത്.