അരുണ്‍ ജയ്റ്റ്ലിക്ക് വിട; അന്ത്യനിദ്ര യമുനാതീരത്തെ നിഗംബോധ് ഘട്ടില്‍
Mail This Article
ന്യൂഡൽഹി∙ അന്തരിച്ച മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലിയുടെ ഭൗതീകശരീരം യമുനാതീരത്തെ നിഗംബോധ്ഘട്ടിൽ സംസ്കരിച്ചു. ജയ്റ്റ്ലിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ അമിതാ ഷാ, രാജ്നാഥ് സിങ് അടക്കമുള്ള പ്രമുഖ നേതാക്കൾ യമുനാതീരത്ത് എത്തി.
കൈലാഷ് കോളനിയിലെ വസതിയിൽ പൊതു ദർശനത്തിന് വച്ച ഭൗതികശരീരം ഇന്ന് രാവിലെ പത്തരയോടെ ബിജെപി ആസ്ഥാനത്ത് എത്തിച്ചിരുന്നു. രണ്ടു മണിവരെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരും നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. യമുനാതീരത്തേക്ക് വിലാപയാത്രയായാണ് ജയ്റ്റ്ലിയുടെ ഭൗതീകശരീരം എത്തിച്ചത്.
നിരവധി രാഷ്ട്രീയ നേതാക്കൾ ഇന്നലെ ജയ്റ്റ്ലിയുടെ ഡൽഹിയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി വർക്കിങ് പ്രസിഡന്റ് ജെ. പി. നഡ്ഡ തുടങ്ങിയവർ ഇന്നലെ അന്തിമോപചാരം അർപ്പിക്കാൻ ജയ്റ്റ്ലിയുടെ വീട്ടിൽ എത്തിയിരുന്നു. വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് റീത്ത് സമർപ്പിച്ചു.