ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ 11 ഫോണുകൾ മോഷ്ടിക്കപ്പെട്ടു: കേന്ദ്രമന്ത്രി
Mail This Article
ന്യൂഡൽഹി ∙ മുൻ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ ഫോൺ മോഷണം. കേന്ദ്ര സഹമന്ത്രിമാരായ ബാബുല്‍ സുപ്രിയോ, സോം പ്രകാശ് എന്നിവരുടേതുൾപ്പെടെ 11 മൊബൈല്‍ ഫോണുകള്‍ മോഷണം പോയെന്നാണു വിവരം. ബാബുല്‍ സുപ്രിയോയും പതഞ്ജലി വക്താവ് എസ്.കെ.തിജറാവാലയും ട്വീറ്റ് ചെയ്തപ്പോഴാണു വിവരം പുറത്തറിഞ്ഞത്.
തന്റെയും സെക്രട്ടറിയുടെയും ഫോൺ നഷ്ടപ്പെട്ടതായി ബാബുൽ സുപ്രിയോ പറഞ്ഞു. ‘അവിടെ വെള്ളക്കെട്ടുള്ള സ്ഥലമായിരുന്നു. നല്ല തിരക്കുണ്ടായിരുന്നു. അപ്പോഴാണു ഫോൺ മോഷ്ടിച്ചതെന്നാണു കരുതുന്നത്. പരാതി നല്‍കിയതനുസരിച്ചു പൊലീസ് കേസെടുത്തു. ഓരോ 10–15 മിനിറ്റിനിടയിലും ഫോൺ കളവു ചെയ്യപ്പെടുന്നു. എല്ലാ കളവും പിടിക്കാൻ പൊലീസിനാകില്ല. കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചാൽ കുറ്റകൃത്യം തടയാനാവും’– അദ്ദേഹം പറഞ്ഞു.
കലാകാരനെന്ന നിലയിൽ, പോക്കറ്റടിക്കാരുടെ കരവിരുതിനെ അഭിനന്ദിക്കുന്നതായി ബാബുൽ പരിഹസിച്ചു. ഫോൺ മോഷണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ റജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു.
English Summary: Two ministers among those whose phones were stolen during Arun Jaitley’s funeral