വിമാനത്താവളം വഴി സ്വർണക്കടത്ത്: മൂന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ കൂടി അറസ്റ്റിൽ
Mail This Article
കൊച്ചി∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കള്ളക്കടത്തു നടത്തിയ 5.5 കോടി രൂപ വിലവരുന്ന 15 കിലോ സ്വർണം പിടികൂടിയ കേസിൽ മൂന്ന് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർമാരെ കൂടി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. മൂന്നു പേരും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ എയർ കസ്റ്റംസ് വിഭാഗത്തിൽ ഇൻസ്പെക്ടർമാരായി ജോലി ചെയ്യുന്നവരാണ്.
മൂന്നു പേരെയും സസ്പെൻഡ് ചെയ്തതായും കസ്റ്റംസ് വിജിലൻസ് അന്വേഷണം ആരംഭിച്ചതായും കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ അറിയിച്ചു. ഡൽഹി സ്വദേശികളായ രോഹിത് കുമാർ ശർമ, കൃഷൻ കുമാർ, സത്യേന്ദ്ര പസ്വാൻ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ, കേസിൽ അറസ്റ്റിലാകുന്ന കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥരുടെ എണ്ണം നാലായി.
കള്ളക്കടത്തു സംഘത്തിനു സഹായം നൽകുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഇൻസ്പെക്ടറും ഡൽഹി സ്വദേശിയുമായ രാഹുൽ പണ്ഡിറ്റിനെ കേസിൽ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.