ADVERTISEMENT

ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടി വിമത എംഎൽഎ അൽക ലാംബ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തു നിലവിലെ രാഷ്ട്രീയ സാഹചര്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് അൽക പറഞ്ഞു. എന്നാൽ അൽക കോൺഗ്രസുമായി അടുക്കുകയാണെന്നാണ് സൂചനകൾ. ആം ആദ്മി പാർട്ടിയിൽ നിന്നു രാജിവയ്ക്കാൻ തീരുമാനിച്ചതായും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മൽസരിക്കുമെന്നും ഓഗസ്റ്റിൽ അൽക പ്രഖ്യാപിച്ചിരുന്നു.

ഏറെ നാളുകളായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായും എഎപി നേതൃത്വവുമായി ഭിന്നതയിലായ അൽക ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കു നൽകിയ ഭാരത രത്‍ന പുരസ്കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനുള്ള എഎപി നീക്കത്തെ അൽക എതിർത്തതോടെ എംഎൽഎ കോൺഗ്രസിലേക്കു മടങ്ങിപ്പോകുമെന്ന പ്രചാരണം എഎപി നേതാക്കൾ തന്നെ നടത്തിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ വിമർശിച്ച് അൽക ലാംബ പരസ്യപ്രസ്താവന നടത്തിയതു ഭിന്നത കൂടുതൽ രൂക്ഷമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം സംബന്ധിച്ച് നേതൃത്വം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ എഎപി എംഎൽഎമാരുടെ വാട്സാപ് ഗ്രൂപ്പിൽ നിന്ന് അൽകയെ നീക്കിയിരുന്നു. കേജ്‍രിവാളിനു പകരം സഞ്ജയ് സിങ് എംപിയെ എഎപിയുടെ ദേശീയ കൺവീനറാക്കണമെന്നും അൽക ആവശ്യപ്പെട്ടിരുന്നു.

മുൻപ് കോൺഗ്രസിൽ സജീവമായിരുന്ന അൽക 2014 ഡിസംബറിലാണ് എഎപിയിൽ എത്തിയത്. രണ്ടു മാസത്തിനു ശേഷം നടന്ന നിയമസഭാ തിര​​ഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. എൻഎസ്‍യുഐ ദേശീയ പ്രസിഡന്റ്, ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റ് (1995), ഡിപിസിസി ജനറൽ സെക്രട്ടറി, എഐസിസി സെക്രട്ടറി, ദേശീയ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ അൽക നേരത്തെ പ്രവർത്തിച്ചിരുന്നു. 2003 ൽ കോൺഗ്രസ് ടിക്കറ്റിൽ മോതി നഗറിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 

English Summary: AAP's Alka Lamba Meets Sonia Gandhi, Fuels Speculation Of Joining Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com