ADVERTISEMENT

കൊച്ചി ∙ നായകനായും പ്രതിനായകനായും മലയാള ചലച്ചിത്രങ്ങളിൽ നിരവധി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന നടൻ സത്താർ (67) അന്തരിച്ചു. കരൾരോഗത്തിന് ചികിൽസയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്‌ജിദിൽ.

തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. ബെൻസ് വാസു, ഈനാട്, ശരപഞ്ജരം, അവളുടെ രാവുകൾ തുടങ്ങി 80 കളിലെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. 1976–ൽ പുറത്തിറങ്ങിയ ‘അനാവരണ’മാണ് നായകനായി എത്തിയ ആദ്യ ചിത്രം. 2014– ൽ പുറത്തിറങ്ങിയ ‘പറയാൻ ബാക്കിവച്ചത്’ ആണ് അവസാന ചിത്രം.

എറണാകുളം കടുങ്ങല്ലൂരിലെ ഖാദർ പിള്ളൈയുടെയും ഫാത്തിമയുടെയും പത്തു മക്കളിൽ ഒൻപതാമനായാണ് ജനനം.ആലുവ യുസി കോളജിൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദത്തിനുള്ള പഠനത്തിനിടെ തോന്നിയ കൗതുകമാണ് കടുങ്ങല്ലൂരുകാരൻ സത്താറിനെ സിനിമയിൽ താരമാക്കിയത്. പ്രേംനസീർ അഭിനയിക്കുന്ന സിനിമയിലേക്ക് പുതുമുഖത്തെ ആവശ്യമുണ്ട് എന്ന പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റി മറിച്ചത്. 1975 ൽ എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി.

1976 ൽ വിൻസെന്റ് സംവിധാനം ചെയ്ത ‘അനാവരണ’ത്തിലൂടെ നായകവേഷങ്ങളിൽ. എഴുപതുകളുടെ മധ്യത്തിലെത്തിയ ഈ ചിത്രത്തിന്റെ വിജയം സത്താറിന്റെ മുന്നേറ്റത്തിന്റെ തുടക്കമായി. ‘അനാവരണ’ത്തിനു പിന്നാലെയെത്തിയ ‘യത്തീമി’ലെ അസീസിലൂടെ പ്രേക്ഷകരെ ഒപ്പം നിർത്തി. തുടർന്ന് നായകനായും പ്രേംനസീർ ഉൾപ്പെടെയുള്ളവരുടെ സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളിലൂടെയും സത്താർ നിറഞ്ഞു.

നായകനായും വില്ലനായും സിനിമയിൽ നിന്നതു നാലു പതിറ്റാണ്ടുകാലം. ഉയർച്ചതാഴ്ചകൾക്കിടയിലും പരാതികളില്ലാതെ സിനിമയ്ക്കൊപ്പം സഞ്ചരിച്ച സത്താറിനെ ഓർമപ്പെടുത്തുന്ന നിരവധി കരുത്തുറ്റ വേഷങ്ങളുണ്ട്. ജയനും സോമനും സുകുമാരനും വെള്ളിത്തിര വാണ ഏഴുപതുകളിലും നായകനിരയിലെ സജീവസാന്നിധ്യമായി. ‘ശരപഞ്ജര’ത്തിൽ നായകവേഷം പങ്കിട്ട ജയൻ സൂപ്പർതാര മായി മാറിയതോടെ ഇരുവരും ഒന്നിച്ച് ഒട്ടേറെ സിനിമകളുണ്ടായി. അതിനിടെയാണ് ‘ബീന’യിൽ കൂടെ അഭിനയിച്ച മുൻനിര നായിക ജയഭാരതി ജീവിതസഖിയാകുന്നത്. ഇരുവരും പിന്നീട് വേർപിരിഞ്ഞു. സത്താർ–ജയഭാരതി ദമ്പതികളുടെ മകൻ ക്രിഷ് ജെ സത്താറും നടനാണ്.

മോഹൻലാലിന്റെ ആദ്യ ചിത്രമായ ‘തിരനോട്ട’ത്തിൽ സത്താറും അഭിനയിച്ചു. എന്നാൽ ചിത്രം പുറത്തിറങ്ങിയില്ല. എൺപതുകളിൽ മമ്മൂട്ടി – മോഹൻലാൽ ദ്വയങ്ങൾ മലയാള ചലച്ചിത്രരംഗം വാണതോടെ സത്താർ വില്ലൻ വേഷങ്ങളിലേക്ക് കൂടുമാറി. തൊണ്ണൂറുകളുടെ മധ്യത്തിലെത്തിയ നിരവധി ലോ ബഡ്ജറ്റ് സിനിമകളിൽ സത്താർ സ്ഥിരം സാന്നിധ്യമായി.2012 ൽ ആഷിക് അബു സംവിധാനം ചെയ്ത ‘22 ഫീമെയിൽ കോട്ടയം’ എന്ന ചിത്രത്തിലെ ‘ഡി.കെ.’ എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിൽ ശക്തമായ സാന്നിധ്യം വീണ്ടും അറിയിച്ചു. ഇടയ്ക്ക് സീരിയലുകളിലും സജീവമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com