ADVERTISEMENT

കൊച്ചി∙ മരട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. നിര്‍മാണത്തിന് അനുമതി കൊടുത്ത സര്‍ക്കാരിനാണ് ഉത്തരവാദിത്തം. കക്ഷി ചേരാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.

മരട് ഫ്ലാറ്റ് പ്രശ്നത്തിലെ യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. കുറ്റക്കാരായ നിര്‍മാതാക്കള്‍, ഉദ്യോഗസ്ഥര്‍, തദ്ദേശഭരണകര്‍ത്താക്കള്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണം. കുറ്റക്കാരായവരില്‍ നിന്ന് പണം ഈടാക്കണം. മരടില്‍ ബിജെപി കേന്ദ്ര- സംസ്ഥാന നേതൃത്വത്തിന് ഒരേ നിലപാടാണെന്നും ശ്രീധരന്‍പിള്ള ഡല്‍ഹിയില്‍ പറഞ്ഞു. മരടില്‍ ഫ്ലാറ്റ് നിര്‍മാതാക്കളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പാലായില്‍ ആരോപിച്ചു.

അതേസമയം, മരട് കേസിലെ തിരുത്തല്‍ ഹര്‍ജി ഈ മാസം 23ന് മുമ്പ് സുപ്രീംകോടതി പരിഗണിച്ചേക്കില്ല. ഹര്‍ജി ലിസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സുപ്രീം കോടതി രജിസ്ട്രി വൃത്തങ്ങള്‍ അറിയിച്ചു. ഹര്‍ജിയ്ക്ക് ഇതുവരെ  ക്യൂറേറ്റീവ് നമ്പര്‍ ഉള്‍പ്പെടെ ലഭിച്ചിട്ടില്ല. ഗോള്‍ഡന്‍ കായലോരത്തിലെ താമസക്കാരുടെ അസോസിയേഷന്‍ ആണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. ഫ്ലാറ്റ് പൊളിക്കാന്‍ കോടതി നല്‍കിയ സമയം നാളെ അവസാനിക്കുകയാണ്. 23നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. 23ന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിനായി, ചീഫ് സെക്രട്ടറി ടോം ജോസ് വൈകിട്ടോടെ ഡല്‍ഹിയിലെത്തും. വരും ദിവസങ്ങളില്‍ ഉന്നത അഭിഭാഷകരുമായി ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തും.

അതിനിടെ, തീരദേശ പരിപാലനച്ചട്ടം ലംഘിച്ചതിന് സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റിൽ നിന്ന് തങ്ങളെ നിയമാനുസൃതമല്ലാതെ ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയിൽ ഹർജി. ഹോളിഫെയ്ത്ത് അപാർട്മെന്റിലെ താമസക്കാരിൽ ഒരാളായ ക്യാപ്റ്റൻ കെ.കെ. നായരാണ് നഗരസഭയുടെ ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങൾ നിയമവിരുദ്ധമാണെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.  

സിആർഇസഡ് 2ആയി വിജ്ഞാപനം ചെയ്യേണ്ട വികസിത പ്രദേശമാണ് മരട് നഗരസഭയിലെ പ്രദേശങ്ങൾ എന്നിരിക്കെ തീരപരിപാലന പദ്ധതി(സിഇസഡ്എംപി) ഭേദഗതി ചെയ്തു തരാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും അതുണ്ടായിട്ടില്ല. ഇതെന്തുകൊണ്ടാണെന്ന് പരിശോധിക്കണം. തീര മേഖല കൈകാര്യ പദ്ധതി വേണ്ടരീതിയിൽ ഭേതഗതി ചെയ്തിരുന്നെങ്കിൽ മരട് മുൻസിപ്പൽ മേഖല സിആർഇസഡ് 2വിൽ വരുമായിരുന്നു. അതിൽ സംസ്ഥാനം അലംഭാവം കാണിച്ചു.

കൊച്ചി നഗര വികസനവുമായി ബന്ധപ്പെട്ട് പാർപ്പിട ആവശ്യങ്ങൾ നിറവേറ്റുന്ന മേഖലയാണിത്. അത് പരിഗണിക്കണം. കെട്ടിട നിർമാണച്ചട്ട പ്രകാരം താമസക്കാർക്കാണ് നഗരസഭ നോട്ടീസ് നൽകേണ്ടത്. അതുണ്ടായിട്ടില്ല. വിശദീകരണം നൽകാൻ അവസരം നൽകിയിട്ടില്ല. ബിൽഡർക്കാണ് നിലവിൽ നോട്ടിസ് നൽകിയിരിക്കുന്നത്. അവർ ഫ്ലാറ്റുകൾ വിറ്റുപോയതാണ്. നിയമപരമായല്ലാതെ ഒഴിപ്പിക്കരുതെന്ന് നിർദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com