ചരിത്രത്തിലേക്ക് പിൻവാങ്ങി ഗഗാറിൻസ് സ്റ്റാർട്ട്; മടക്കം ‘യുഎഇ പെരുമ’യോടെ
Mail This Article
ബഹിരാകാശ ചരിത്രത്തിലെ ചരിത്രമുറങ്ങുന്ന ഗഗാറിൻസ് സ്റ്റാർട്ട് വിക്ഷേപണത്തറ ചരിത്രത്തിലേക്ക്. സെപ്റ്റംബർ 25 ന് മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി രാജ്യന്തരബഹിരാകാശ നിലയത്തിലേക്ക് സോയൂസ് എംഎസ്–15 റോക്കറ്റ് കുതിച്ചുയർന്നതോടെയാണ് ബൈക്കന്നൂർ കോസ്മോഡ്രോമിലെ ഗഗാറിൻസ് സ്റ്റാർട്ട് (ബൈക്കന്നൂർ സൈറ്റ് 1) ചരിത്രത്തിലേക്ക് പിൻവാങ്ങിയത്.
2019–ൽ സെപ്റ്റംബർ 25 ലെ അവസാന വിക്ഷേപണത്തിലും ഗഗാറിൻസ് സ്റ്റാർട്ട് പുതിയൊരു ചരിത്രം സ്വന്തമാക്കി. ഒരു യുഎഇ സ്വദേശിയുടെ ആദ്യ ബഹിരാകാശ കുതിപ്പിന് തുടക്കമിട്ടു എന്ന ചരിത്രം. റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, അമേരിക്കക്കാരി ജെസീക്ക മീർ, യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂറി എന്നിവരാണ് ഗഗാറിൻസ് സ്റ്റാർട്ടിൽ നിന്നു കുതിച്ചുയർന്ന അവസാന യാത്രികർ.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും ബഹിരാകാശ രംഗത്ത് മുൻകൈ നേടാൻ പരിശ്രമിച്ചുവന്ന കാലത്താണ് 1955 ൽ ബഹാരാകാശ വിക്ഷേപണങ്ങൾക്കായി വിക്ഷേപണത്തറയുടെ നിർമാണ പ്രവർത്തനങ്ങൾ അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായ ബൈക്കന്നൂരിൽ തുടങ്ങിയത്.
1957 മേയ് 15–ന് ആർ–7 മിസൈൽ വിജയകരമായി പരീക്ഷിച്ചതോടെ വിക്ഷേപണത്തറ ബഹിരാകാശ ദൗത്യങ്ങൾക്കു തുടക്കമിട്ടു. ആർ–7 മിസൈൽ മുതൽ സോവിയറ്റ് ബഹിരാകാശ ചരിത്രത്തിലെ ഇതിഹാസ റോക്കറ്റുകളായ വോസ്റ്റോക്ക്, വോസ്ക്ഹോഡ്, മോൾനിയ, സോയുസ് തുടങ്ങിയ റോക്കറ്റ് ഭീമന്മാർ മനുഷ്യരെയും ഉപഗ്രഹങ്ങളെയും ഈ വിക്ഷേപണത്തറയിൽ നിന്നും ബഹിരാകാശത്തെത്തിച്ചു.
ബഹിരാകാശ ചരിത്രത്തിലെ ഒട്ടേറെ നാഴികക്കല്ലുകൾക്ക് ഈ വിക്ഷേപണത്തറ സാക്ഷ്യം വഹിച്ചു. 1957 ഒക്ടോബർ നാലിന് ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്നിക് –1 ഇവിടെ നിന്നാണ് വിക്ഷേപിച്ചത്. 1961 ഏപ്രിൽ 12–ന് ബഹിരാകാശത്ത് ആദ്യമായി മനുഷ്യനെ(യൂറി ഗഗാറിൻ) എത്തിച്ച വോസ്റ്റോക്-1 റോക്കറ്റ് കുതിച്ചുയർന്നതും ഇതേ വിക്ഷേപണത്തറയിൽ നിന്ന്.
ബഹിരാകാശത്തെത്തിയ ആദ്യ വനിതയായ വാലന്റീന തെരഷ്കോവയും ഇവിടെനിന്നുതന്നെയാണ് ബാഹ്യാകാശത്തെത്തിയത്. ചന്ദ്രോപരിതലത്തിലെത്തുന്ന ആദ്യ മനുഷ്യനിർമിത വസ്തുവായ ലൂണായുമായി റോക്കറ്റുയർന്നതും ഇവിടെ നിന്നു തന്നെ. സോവിയറ്റ് ബഹിരാകാശനിലയമായ മിറിലേക്ക് സഞ്ചാരികളുമായും ചൊവ്വാദൗത്യങ്ങളും കുതിച്ചുയരുന്നതിനും ഇവിടം വിക്ഷേപണത്തറയായി.
ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായ യൂറി ഗഗാറിനോടുള്ള ബഹുമാനാർഥം സോവിയറ്റ് യൂണിയൻ സൈറ്റ് 1 വിക്ഷേപണത്തറയ്ക്ക് ‘ഗഗാറിൻസ് സ്റ്റാർട്ട്’ എന്ന പേരു നൽകി. ലോകത്ത് ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതും ഈ വിക്ഷേപണത്തറയിൽ നിന്നാണ്. 1957–66 കാലഘട്ടത്തിൽ ശീതയുദ്ധം കനത്തപ്പോൾ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണത്തിന് ഗഗാറിൻസ് സ്റ്റാർട്ട് സജ്ജമാക്കിയിരുന്നു. 2015–ൽ സോയൂസ് ടിഎംഎ–18എം റോക്കറ്റ് ഇവിടെ നിന്നും കുതിച്ചുയർന്നതോടെ പുതിയൊരു ചരിത്രം കൂടി ഗഗാറിൻസ് സ്റ്റാർട്ട് രചിച്ചു; 500 –മത്തെ വിക്ഷേപണം.
ബൈക്കന്നൂർ കോസ്മോഡ്രോമിൽ കൂടുതൽ വിക്ഷേപണത്തറകൾ പിന്നീട് നിർമിക്കപ്പെട്ടെങ്കിലും ബഹിരാകാശസഞ്ചാരികളുമായുള്ള ദൗത്യങ്ങള്‍ക്കെല്ലാം മുൻഗണന ഗഗാറിൻസ് സ്റ്റാർട്ടിനു തന്നെയായിരുന്നു. പലതവണ റോക്കറ്റ് ബൂസ്റ്ററുകളുടെ പൊട്ടിത്തെറിയിൽ ഗഗാറിൻസ് സ്റ്റാർട്ടിന് നാശനഷ്ടമുണ്ടായിട്ടുണ്ട്. 1983–ൽ റോക്കറ്റ് ബൂസ്റ്റർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ ഒരു വർഷത്തോളമാണ് അറ്റകുറ്റപ്പണികൾക്കായി മാറ്റിവച്ചത്.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ബൈക്കന്നൂർ കോസ്മോഡ്രോം കസഖ്സ്ഥാനിൽ ഉൾപ്പെട്ടെങ്കിലും ബഹിരാകാശ ദൗത്യങ്ങൾക്കായി റഷ്യ ഈ കേന്ദ്രം പാട്ടത്തിനെടുത്തു. ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ വിക്ഷേപണ കേന്ദ്രമാണ് ബൈക്കന്നൂർ കോസ്മോഡ്രോം. 2050 വരെയാണ് റഷ്യ ഈ കേന്ദ്രം പാട്ടത്തിനെടുത്തിരിക്കുന്നത്. റോസ്കോസ്മോസും റഷ്യൻ എയ്റോസ്പേസ് ഫോഴ്സസും സംയുക്തമായിട്ടാണ് ഇതിന്റെ മേൽനോട്ടം വഹിച്ചുവന്നത്. അറ്റകുറ്റപ്പണികൾക്കായി ഓരോ വർഷവും ഭാരിച്ച തുക ആവശ്യമായിരുന്ന ഗഗാറിൻസ് സ്റ്റാർട്ടിനെ 2019 – ൽ ബഹിരാകാശ ദൗത്യങ്ങളുടെ വിക്ഷേപണത്തിൽ നിന്നും ഒഴിവാക്കുന്നതിന് റഷ്യ തീരുമാനിച്ചതോടെയാണ് ചരിത്രവഴികളിലേക്ക് ഗഗാറിൻസ് സ്റ്റാർട്ടിന്റെ പിൻമാറ്റം.