ADVERTISEMENT

കണക്കെടുപ്പു കഴിഞ്ഞ പാലായിൽ ഇനി കണക്കു തീർക്കലിന്റെ കാലമാണ്. അര നൂറ്റാണ്ട് കൈവെള്ളയിലിരുന്നത് കൈവിട്ടതിന്റെയും ആദ്യമായി കൈപ്പിടിയിലാക്കിയതിന്റെയും കണക്കു തീർക്കൽ.. 

    വോട്ടിന്റെയും ചോർച്ചയുടെയും കണക്കുകൾ പറഞ്ഞ് മുന്നണികൾ പടവെട്ടുമ്പോൾ, പാലാ നൽകുന്ന കണക്കുകൾ ഏറെ വ്യത്യസ്തമാണ്. വോട്ടർമാരിലുണ്ടാക്കിയ മടുപ്പാണോ യു ഡി എഫിനോടു തോന്നിയ അവമതിപ്പാണോ  വോട്ടുപങ്കാളിത്തം കുറച്ചതെന്നു സംശയിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഏകദേശം ഇതു തന്നെയായിരുന്നു വോട്ടു ചെയ്തവരുടെ എണ്ണം.

   2016 ലെക്കാൾ വോട്ടു ചെയ്തവരുടെ എണ്ണത്തിൽ പതിനായിരത്തിലധികം കുറവുണ്ടായിട്ടും, കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും ഒപ്പം നിന്നവരെ   കൂടെ നിർത്താനായി എന്നതാണ് വിജയിയായ ഇടതുമുന്നണിയുടെ മാണി സി.കാപ്പനു കരുത്തായത്. 

  മൊത്തം 54137 വോട്ടു നേടിയ മാണി സി. കാപ്പൻ , 2011ലും 2016 ലും നേടിയതും ഇത്രയും വോട്ടു തന്നെ. പോളിങ് കുറഞ്ഞിട്ടും കാപ്പന്റെ വോട്ടിൽ ചോർച്ചയുണ്ടായില്ല. ഭൂരിപക്ഷം 2943 മാത്രമാണെങ്കിലും മുന്നിലെത്തിയ എല്ലാ ബൂത്തിലും വ്യക്തമായ മേൽക്കൈ നേടാനും കാപ്പനായി.   

    മൊത്തമുള്ള 176 ബൂത്തുകളിൽ 104 എണ്ണത്തിൽ ഒന്നാമതെത്താൻ കാപ്പനു കഴിഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം 69 ബൂത്തിലും എൻ ഡിഎ സ്ഥാനാർഥി എൻ. ഹരി മൂന്നിടത്തുമാണ് മുന്നിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയ മിക്ക ബൂത്തിലും മാണി സി. കാപ്പൻ ഇത്തവണയും വിജയം ആവർത്തിച്ചു.. പാലാ നഗരസഭാ പ്രദേശത്തെ 17 ൽ 12 ബൂത്തിലും കാപ്പനാണ് ഇത്തവണ മുന്നിൽ. 2016 ൽ 20 ൽ 15 ബൂത്തുകളിൽ  കെ.എം മാണിയും നാലിടത്ത് മാണി സി. കാപ്പനും  ഒരിടത്ത് എൻ. ഹരിയ്ക്കുമായിരുന്നു നഗരത്തിൽ ലീഡ്. ഇത്തവണ ചിത്രം തിരിച്ചായി. ഹരി പുറത്തുമായി.  മൊത്തം ബൂത്തുകൾ 170 ൽ നിന്ന് 176 ആയിട്ടുണ്ട്

     ഇത്തവണ രാമപുരം പഞ്ചായത്തിലെ 22 ൽ 14 ൽ കാപ്പനും ഏഴിടത്ത് ജോസും ഒരിടത്ത് ഹരിയും ലീഡു നേടി. 

2016ൽ  പത്തിടത്ത് കെ.എം. മാണിക്കായിരുന്നു ലീഡ്. തലനാട് പഞ്ചായത്തിലെ മൊത്ത മുള്ള ഏഴ് ബൂത്തിലും കാപ്പനാണ് ഭൂരിപക്ഷം. മൂന്നിലവിൽ ഒൻപതിൽ എട്ടിലും മേലുകാവിൽ എട്ടിൽ ആറിടത്തും കാപ്പൻ ലീഡ് നേടി. തലപ്പലത്തെ 10 ൽ ഏഴിലും കാപ്പനായിരുന്നു മുന്നിൽ . കാപ്പൻ വോട്ടു ചെയ്ത കാനാട്ടുപാറ 119 ാം ബൂത്തിൽ 143 വോട്ട് ലീഡുണ്ട്. അതേസമയം,  കരൂരിൽ തൊട്ടടുത്ത മുണ്ടാങ്കലിലെ ലിറ്റിൽ ഫ്ലവർ സ്കൂൾ ബൂത്തിൽ ടോം ജോസിനാണ് മുൻതൂക്കം. ടോമിന് 396 വോട്ട് കിട്ടിയപ്പോൾ കാപ്പന് 331.  എന്നാൽ, കരൂർ പഞ്ചായത്തിൽ  18 ൽ 11ലും കാപ്പന്  ലീഡ് നേടാനായി. കെ.എം മാണിയുടെ കുടുംബം വോട്ടു ചെയ്ത 128-" നമ്പർ ബൂത്തിൽ കാപ്പന് 371 വോട്ടും ടോമിന് 361 വോട്ടുമാണ്. 

   കടനാട് 14 ൽ 12 ലും കാപ്പൻ ലീഡ് നേടി. ജോസ് ടോമിനെ കൈവിടാതെ നിന്നത് മീനച്ചിലിൽ ആണ് . 14 ൽ ഒന്നിൽ മാത്രമാണ് കാപ്പൻ മുന്നിലെത്തിയത്.

    മുത്തോലിയിൽ 14 ൽ 12 ലും ജോസ് ടോമിനാണ് ലീഡ്. കൊഴുവനാലിൽ 10 ൽ ആറിടത്തും ടോം മുന്നിലെത്തി. 

  അതേ സമയം , പഞ്ചായത്തിൽ മൊത്തത്തിൽ എൽ ഡി എഫ് ലീഡ് നേടിയെങ്കിലും എലിക്കുളം പഞ്ചായത്തിലെ 18 ൽ ഒൻപത് ബൂത്തിലും ഒന്നാമതെത്തിയത് ജോസ് ടോമാണ്. കാപ്പൻ ഏഴിലും ഹരി രണ്ടിടത്തും ഒന്നാമതായി.

  വോട്ടർമാർ കൂടുതലുള്ള ബൂത്തുകളിൽ മിക്കതിലും നല്ല ലീഡ് നേടാനായതതാണ്  കാപ്പന് എറെ സഹായമായത്.

   ബൂത്തു കണക്കു നോക്കുമ്പോൾ, മാണി സി കാപ്പന് ഏറ്റവും കൂടുതൽ വോട്ട് നേടാനായത് പാലാ നഗര സഭയിലെ ളാലം വടക്ക് 118 ാം ബൂത്തിലാണ് ; 628  വോട്ട് . ഇവിടെ ജോസ് ടോമിന് 315. എലിക്കുളം പനമറ്റം 170–  ാം ബൂത്തിൽ കാപ്പൻ നേടിയ 508 വോട്ടും കൂടിയ വോട്ടിന്റെ പട്ടികയിലാണ്. യു ഡി എഫിന്റെ കേരള കോൺ. ജോസ് പക്ഷത്തെ നഗരസഭാധ്യക്ഷ എതിരില്ലാതെ വിജയിച്ച വാർഡിലാണ് കാപ്പന് ചരിത്രനേട്ടമുണ്ടായത്. ഇവിടത്തെ രണ്ട് ബൂത്തിലായി 940 വോട്ട് കാപ്പന് കിട്ടി. ടോമിനാകട്ടെ 582 വോട്ടും . 2016 ൽ കെ.എം.മാണിക്കു തന്നെയായിരുന്നു ഈ ബൂത്തുകളിൽ ഭൂരിപക്ഷം. കഴിഞ്ഞ ദിവസം ജോസഫ് പക്ഷത്തേയ്ക്ക് ചേക്കേറിയ നഗരസഭാ ഉപാധ്യക്ഷന്റെ മൂന്നാനിയിലെ ബൂത്തിലും കാപ്പന് മികച്ച ലീഡാണ്. കൊഴുവനാൽ പഞ്ചായത്തിലെ 151–  ാം ബൂത്താണ് ജോസ് ടോമിന് ഏറ്റവും കൂടുതൽ വോട്ടു നൽകിയത്; 602. ഇവിടെ കാപ്പന് 262 വോട്ടുണ്ട്. 

വോട്ടു ചോർച്ചയിലും വോട്ടു കച്ചവട ആരോപണത്തിലും ഉഴലുന്ന എൻ ഡിഎ സ്ഥാനാർഥി എൻ ഹരിക്ക് മൂന്ന് ബൂത്തുകളിൽ മാത്രമാണ് ഒന്നാം സ്ഥാനാത്തെത്തിയത്. രാമപുരം കൂടപ്പുലം 12 ാം ബൂത്തിൽ 363 വോട്ടു നേടിയപ്പോൾ, എലിക്കുളം പഞ്ചായത്തിലെ 171 ാം ബൂത്തിൽ 319 വോട്ടും 172 ൽ 300  വോട്ടും നേടി ഒന്നാമതായി.  സംഘപരിവാറിന്  ശക്തമായ അടിത്തറയുള്ള പാലായിൽ കൊഴുവനാൽ, എലിക്കുളം, മുത്തോലി, മീനച്ചിൽ, രാമപുരം പഞ്ചായത്തുകളിലായി 15 ൽ പരം പഞ്ചായത്ത് മെമ്പർമാർവരെ ഉണ്ടായിട്ടും വോട്ടുചോരുന്നതു തടയാൻ എൻ ഡിഎക്ക് കഴിഞ്ഞില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറിടത്ത് ഒന്നാം സ്ഥാനത്തായിരുന്നു എൻഡിഎ. കഴിഞ്ഞ തവണ നേടിയതിനക്കാൾ 6777 വോട്ടിന്റെ കുറവുണ്ടായ ഇത്തവണ 11 ബൂത്തുകളിൽ മാത്രമാണ് എൻ ഡി എക്ക്. 200 ൽ പരം വോട്ട് നേടാനായത്. 2016 ൽ ഒരിടത്ത് 400ൽ അധികവും 9 ൽ 300 ൽ കൂടുതലും 38 ബൂത്തുകളിൽ 200 ൽ അധികം വോട്ടു നേടിയിടത്താണ് ഈ ചോർച്ച.  ഇത്തവണ300 ൽ പരം വോട്ട് കിട്ടിയത് മൂന്നിടത്തു മാത്രം. 2016ൽ 438 വോട്ട് നേടിയ 62-ാം ബൂത്തിൽ ഇത്തവണ ലഭിച്ചത് 192 വോട്ട് മാത്രം. തലനാട്ടെ ഒരു ബൂത്തിൽ ആറ് വോട്ടും മുത്തോലിയിൽ നെല്ലിയാനി ബൂത്തിൽ 8 വോട്ടുമാത്രമാണ് എൻഡിഎക്ക് കിട്ടിയ കുറഞ്ഞ വോട്ടു വിഹിതം.  അതേ സമയം, രാമപുരത്തെ പന്ത്രണ്ടാം ബൂത്തിൽ വോട്ട് 322 ൽ നിന്ന് 363 ആക്കി ഉയർത്താനും കഴിഞ്ഞു. നാല് പഞ്ചായത്തംഗങ്ങളുള്ള മീനച്ചിലിലും മറ്റിടങ്ങളിലും 2016ലെയും 2019 ലെയും നേട്ടമുണ്ടാക്കാൻ എൻ ഡി എയ്ക്ക് കഴിയാതെ പോയത് ഏറെ വിവാദത്തിത് വഴിവയ്ക്കും. 

  ഒരു മുന്നണിയിലുമില്ലാതെയാണ് ആദ്യ മൂന്ന് തിരഞ്ഞെടുപ്പുകളിലും പാലായിൽ കെ.എം.'മാണി ജയിച്ചു കയറി കേരളാ കോൺഗ്രസിന് അടിത്തറയിട്ടത്. കേരള കോൺഗ്രസിന്റെ പിറവിക്കു തൊട്ടുപിന്നാലെ 1965 ലും 1967 ലും 1970 ലും ഇടതു ,വലതു മുന്നണികളെ തോൽപിച്ചാണ് മാണി മണ്ഡലം സ്വന്തമാക്കിയത്.1970 സംഘടനാ കോൺഗ്രസും സ്വതന്ത്ര പാർട്ടിയും ജനസംഘവും ചേർന്ന മുന്നണിയായിരുന്നു. മാണി ഉൾപ്പെടെ ഏതാനും പേർ വിജയിച്ചു.  1980 ൽ കേരള കോൺഗ്രസ് ഇടതു മുന്നണിയിലായതു വഴി പാലായിൽ ആദ്യ ഇടതുമുന്നണി എം എൽ എ എന്ന ബഹുമതിയും കെ.എം മാണിക്കു സ്വന്തമായി. മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ അര നൂറ്റാണ്ടിന്റെ കുത്തക അവസാനിപ്പിച്ച് മാണി സി. കാപ്പനിലൂടെ വീണ്ടും പാലാ ഇടതു വശം ചേർന്നൊഴുകുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com