സമുദ്രാതിർത്തി കടന്നെത്തിയ ശ്രീലങ്കൻ ബോട്ട് പിടിയിൽ
Mail This Article
കൊല്ലം ∙ ഇന്ത്യൻ സമുദ്രാതിർത്തി കടന്നു മൽസ്യബന്ധനം നടത്തിയ ശ്രീലങ്കൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. കോസ്റ്റ് ഗാർഡ് കപ്പൽ സമർ നടത്തിയ പട്രോളിങ്ങിനിടെയാണു 6 പേരുള്ള സമദി എന്ന ശ്രീലങ്കൻ ബോട്ട് സമുദ്രാതിർത്തി ലംഘിച്ചതായി കണ്ടെത്തിയത്. പരിശോധനയിൽ 600 കിലോയോളം മൽസ്യവും കണ്ടെത്തി. ബോട്ടും അതിലുണ്ടായിരുന്നവരെയും കൊച്ചി ഹാർബറിലെത്തിച്ച ശേഷം കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യും. തുടർന്നു കോസ്റ്റൽ പൊലീസിനു കൈമാറും.
പാക്കിസ്ഥാൻ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയാണ് തീരദേശത്ത് ഒരുക്കിയിരിക്കുന്നത്. സമുദ്രാതിർത്തി കടുത്ത നിരീക്ഷണത്തിലാണ്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തെ പിൻതുടർന്ന് കേരളത്തിലും ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുണ്ടായിരുന്നു. സാധ്യത മുൻനിർത്തി കർശന പരിശോധനകൾ നടത്തിവരുന്നതിനിടെയാണ് സമുദ്രാതിർത്തി ലംഘിച്ചെത്തിയ ശ്രീലങ്കൻ ബോട്ട് പിടികൂടിയത്.