ആ 648 വോട്ടുകളിലാണ് യുഡിഎഫ് പ്രതീക്ഷ; 11–ാം വിജയം തേടി അരൂരിൽ എൽഡിഎഫും
Mail This Article
കൊച്ചി∙ മൂന്നു വശത്തും നീണ്ടു പരന്നു കിടക്കുന്ന കായൽ. നാലു പാലങ്ങൾ കൊണ്ട് സമീപ ജില്ലകളിലേക്കു പ്രവേശനം ഒരുങ്ങിയതോടെ വികസനത്തിൽ അതിവേഗമാർജിച്ച പ്രദേശം. ഒരുകാലത്ത് ചതുപ്പുനിറഞ്ഞു കിടന്ന അരൂർ ഇപ്പോൾ ആലപ്പുഴയുടെ വ്യവസായ തലസ്ഥാനമായാണ് അറിയപ്പെടുന്നത്. തിരുവതാംകൂർ രാജാവിന്റെ വള്ളം തുഴഞ്ഞിരുന്ന അരയൻമാരുടെ ഊര് ആയിരുന്നതിനാലാണത്രേ ഇവിടം അരൂർ ആയത്. കാർത്യായനീ ദേവിയുടെ ആത്മാവിനെ (ഊര്) പ്രതിഷ്ഠിച്ചതുകൊണ്ടാണെന്നും പറയപ്പെന്നു. ആലപ്പുഴ ജില്ലയിലാണെങ്കിലും കൊച്ചിക്കൊപ്പമാണ് അരൂരിന്റെ വളർച്ചയും ഉയർച്ചയുമെല്ലാം. കൊച്ചി നഗരത്തോടു ചേർന്നു കിടക്കുന്നതു കൊണ്ടുതന്നെ നഗരത്തിന്റെ വളർച്ചയുടെ ആനുകൂല്യങ്ങളെല്ലാം അരൂരിനും സ്വന്തമാകുന്നുണ്ട്.
നഗരത്തിൽ ജോലി ലഭിച്ച് എത്തിയവരിൽ തിരക്കുകളിൽനിന്ന് മാറി ജീവിക്കാൻ ആഗ്രഹിക്കുന്നവർ അരൂരിലേക്കു ചേക്കേറുന്നു, ഒപ്പം ചെറുതും വലുതുമായ നിരവധി വ്യവസായ സ്ഥാപനങ്ങളും. അതുകൊണ്ടുതന്നെ അതിവേഗമാണ് അരൂരിന്റെ വളർച്ച. ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ ഇടതു മുന്നണിയുടെ ഏക സിറ്റിങ് സീറ്റാണ് അരൂർ.
പഞ്ചായത്തുകളിൽ യുഡിഎഫിന് ഭൂരിപക്ഷം
അരൂക്കുറ്റി, അരൂർ, ചേന്നംപള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശേരി, തുറവൂർ എന്നിങ്ങനെ പത്തു പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ മണ്ഡലം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ, ഇതിൽ ഏഴും ഒപ്പം നിന്നു എന്നതാണ് എൽഡിഎഫിന്റെ പ്രതീക്ഷ. പെരുമ്പളം, കുത്തിയതോട്, എഴുപുന്ന പഞ്ചായത്തുകൾ മാത്രമാണ് യുഡിഎഫിനെ തുണച്ചത്. ഇതിൽ പള്ളിപ്പുറം, തൈക്കാട്ടുശേരി, പെരുമ്പളം, പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തുകൾ നേരത്തേ ചേർത്തല മണ്ഡലത്തിന്റെ ഭാഗമായിരുന്നു. മുൻപ് അരൂരിൽ ഉണ്ടായിരുന്ന പട്ടണക്കാട്, വയലാർ, കടകരപ്പള്ളി പഞ്ചായത്തുകൾ ഇപ്പോൾ ചേർത്തല മണ്ഡലത്തിന്റെ ഭാഗമായി.
ഗൗരിയമ്മയുടെ സ്വന്തം അരൂർ
അരൂർ എന്നാൽ ഗൗരിയമ്മയുടെ മണ്ഡലം എന്നായിരുന്നു ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. സിപിഎം സ്ഥാനാർഥിയായി 1965 മുതൽ 91 വരെ അരൂരിൽ മൽസരിച്ച ഗൗരിയമ്മയ്ക്ക്, 1977ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തോടൊപ്പം മൽസരിച്ച സിപിഐ നേതാവ് പി.എസ്. ശ്രീനിവാസനിൽ നിന്നു മാത്രമേ പരാജയം നേരിടേണ്ടി വന്നിട്ടുള്ളൂ. 1996 ൽ ജെഎസ്എസ് രൂപീകരിച്ച്, യുഡിഎഫിന്റെ ഭാഗമായി മൽസര രംഗത്തെത്തിയ ഗൗരിയമ്മ അത്തവണയും 2001ലും അരൂരിന്റെ എംഎൽഎയായി തുടർന്നു. 2006ൽ മണ്ഡലത്തിലെ ഗൗരിയമ്മയുടെ കുത്തക പൊളിച്ച സിപിഎം പ്രതിനിധി എ.എം. ആരിഫ് 2011ൽ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറിനെയും തോൽപിച്ചു.
ചരിത്രം ഇടതു മുന്നണിക്കൊപ്പം
അരൂർ മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷം ഇവിടെ നടന്ന 15 തിരഞ്ഞെടുപ്പുകളിൽനിന്ന് ആകെ നാലു പേർ മാത്രമേ നിയമസഭയിലെത്തിയിട്ടുള്ളു. പി.എസ്.കാർത്തികേയൻ, പി.എസ്. ശ്രീനിവാസൻ, എ.എം.ആരിഫ്, ഗൗരിയമ്മ എന്നിവർ. പത്തു തവണയും ഇടതു മുന്നണിക്കു ജയം ലഭിച്ച നിയമസഭാ മണ്ഡലം. രണ്ടു തവണ യുഡിഎഫ് ഭരണം പിടിച്ചത് ഗൗരിയമ്മയെ ഒപ്പം നിർത്തിയായിരുന്നു. അരൂരിൽനിന്നു നിയമസഭയിലേക്കു പോകുന്ന അഞ്ചാമത്തെ ആൾ ആരായിരിക്കും എന്നാണ് ഈ തിരഞ്ഞെടുപ്പ് ഉറ്റുനോക്കുന്നത്.
1957, 60 തിരഞ്ഞെടുപ്പുകളിൽ വിജയിച്ച പി.എസ്. കാർത്തികേയൻ കഴിഞ്ഞാൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ആരും ഇതുവരെ ഈ മണ്ഡലത്തിൽനിന്നു നിയമസഭയിലേക്കെത്തിയിട്ടില്ല. അതിനു മാറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു കഴിഞ്ഞ തവണ ആരിഫിനെതിരെ മുൻ ഡിസിസി പ്രസിഡന്റ് സി.ആർ. ജയപ്രകാശിനെ കളത്തിലിറക്കിയത്. എന്നാൽ 38,519 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ആരിഫ് വീണ്ടും അരൂർ പിടിച്ചെടുത്തു. 2011ലെ 16,886 വോട്ട് എന്ന സ്വന്തം ഭൂരിപക്ഷമാണ് ആരിഫ് തകർത്തത്.
വിജയ പ്രതീക്ഷയിൽ ഷാനിമോളും മനുവും
ലോക്സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ പരാജയം നേരിട്ടെങ്കിലും ഷാനിമോൾ ഉസ്മാനു മുൻതൂക്കം ലഭിച്ച നിയമസഭാ മണ്ഡലമാണ് അരൂർ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ആരിഫിനൊപ്പം വോട്ടുപിടിച്ച ഷാനിമോൾ, ഒരുവേള വിജയത്തിലെത്തുമെന്ന പ്രതീക്ഷയും ഉയർത്തിയിരുന്നു. 2016ൽ സ്വന്തം റെക്കോർഡ് തിരുത്തി വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിയ ആരിഫിനെതിരെ, ഇത്തവണ അരൂരിൽ ഷാനിമോൾ മികച്ച പ്രകടനം കാഴ്ചവച്ചു. 648 വോട്ടുകളുടെ ഭൂരിപക്ഷമാണ് അരൂർ മണ്ഡലത്തിൽ ഷാനിമോൾ സ്വന്തമാക്കിയത്. ഈ നേട്ടം കൂടി പരിഗണിച്ചാണ് അരൂരിൽ ഷാനിമോളെ സ്ഥാനാർഥിയാക്കാൻ തീരുമാനമുണ്ടായത്.
അതേസമയം മണ്ഡലത്തിൽ ഇടതു മുന്നണി തേടിയത് ആരിഫിനെപ്പോലെ ജനകീയനായ ഒരു നേതാവിനെ. അങ്ങനെയാണ് ഡിവൈഎഫ്ഐ നേതാവായ മനു സി. പുളിക്കലിനെ പാർട്ടി തീരുമാനിച്ചത്. മണ്ഡലത്തിൽ വീണ്ടുമൊരു ഇടതു വിജയക്കൊടി പാറിക്കാനാകുമെന്ന വിശ്വാസത്തിലാണ് മനു കളത്തിലിറങ്ങിയിരിക്കുന്നത്.
വിജയ ചരിത്രം നൽകുന്ന ആത്മവിശ്വാസത്തിനൊപ്പം 2016ലെ ആരിഫിന്റെ ഭൂരിപക്ഷവും ഇടതു മുന്നണിക്കു പ്രതീക്ഷ നൽകുന്നു. അവസാന നിമിഷം ബിഡിജെഎസ് സ്ഥാനാർഥിയെ നിർത്താതെ പിൻമാറിയതോടെയാണ് അരൂരിൽ എൻഡിഎ സ്ഥാനാർഥിയായി ബിജെപിയുടെ കെ.പി.പ്രകാശ്ബാബുവിന് ഇവിടെ നറുക്കു വീണത്.
ഇതുവരെ അരൂരിൽ നിന്ന് നിയമസഭയിലെത്തിയവർ:
1957 – പി.എസ്.കാർത്തികേയൻ (കോൺ)
1960 – പി.എസ്.കാർത്തികേയൻ (കോൺ)
1965 – കെ.ആർ.ഗൗരിയമ്മ (സിപിഎം)
1967 – കെ.ആർ.ഗൗരിയമ്മ (സിപിഎം)
1970 – കെ.ആർ.ഗൗരിയമ്മ (സിപിഎം)
1977 – പി.എസ്.ശ്രീനിവാസൻ (കോൺഗ്രസ് പിന്തുണയോടെ സിപിഐ)
1980 – കെ.ആർ.ഗൗരിയമ്മ (സിപിഎം)
1982 – കെ.ആർ.ഗൗരിയമ്മ (സിപിഎം)
1987 – കെ.ആർ.ഗൗരിയമ്മ (സിപിഎം)
1991 – കെ.ആർ.ഗൗരിയമ്മ (സിപിഎം)
1996 – കെ.ആർ.ഗൗരിയമ്മ (കോൺഗ്രസ് പിന്തുണയോടെ ജെഎസ്എസ്)
2001 – കെ.ആർ.ഗൗരിയമ്മ (കോൺഗ്രസ് പിന്തുണയോടെ ജെഎസ്എസ്)
2006 – എ.എം.ആരിഫ് (സിപിഎം)
2011 – എ.എം.ആരിഫ് (സിപിഎം)
English Summary: Aroor Legislative Assembly byelection, kerala 2019