കരിമ്പട്ടിക, ഒപ്പം വീസാ നിയന്ത്രണവും; ‘ഉയിഗുറിൽ’ ചൈനയുടെ നടുവൊടിച്ച് യുഎസ്
Mail This Article
സിൻജിയാങ്∙ ചൈനയുടെ ‘പൊലീസ് സ്റ്റേറ്റാണ്’ വടക്കു പടിഞ്ഞാറൻ മേഖലയിലുള്ള സിൻജിയാങ്. ഇന്ത്യയും പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സിൻജിയാങ്ങിലെ ഇസ്‌ലാം മതവിശ്വാസികളായ ഉയിഗുറുകൾ രാജ്യത്തിനു ഭീഷണിയാണെന്നാണ് ചൈനയുടെ പ്രഖ്യാപിത നിലപാട്. ചാരക്കണ്ണുകളുമായി ഉയിഗുറുകളെ പിന്തുടരുകയാണ് ചൈനീസ് ഭരണകൂടം.
സിൻജിയാങ്ങിൽ നിന്ന് ഉയിഗുർ വിഭാഗക്കാർ അടക്കമുള്ള ന്യൂനപക്ഷ തടവുകാരെ കുത്തിനിറച്ചതെന്നു കരുതുന്ന ട്രെയിനിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഇതിനെതിരെ യുഎസ് ഉൾപ്പെടെ രംഗത്തു വന്നത്. നീലയും വെള്ളയും വസ്ത്രം ധരിച്ച തടവുകാർ തല മുണ്ഡനം ചെയ്ത്, കണ്ണുകൾ മൂടിക്കെട്ടി, കയ്യിൽ വിലങ്ങ് അണിയിച്ച നിലയിലായിരുന്നു. തടവുകാരെ പൊലീസ് കൂട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ വൈറലായതോടെ രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ ചൈനയ്ക്കെതിരെ രംഗത്തെത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം ചൈനീസ് സര്‍ക്കാര്‍ ഉയിഗുറുകളെ പീഡിപ്പിക്കുന്നുവെന്നും മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും ആരോപിച്ച് 28 ചൈനീസ് സംഘടനകളെയും കമ്പനികളെയും യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായിരിക്കുകയാണ്. യുഎസിന്റെ നിരീക്ഷണത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ സംഘടനകളെയും കമ്പനികളെയുമാണ് കരിമ്പട്ടികയിൽപെടുത്തിയത്. യുഎസിനോടുള്ള വ്യാപാരയുദ്ധത്തിൽ അടിതെറ്റി വ്യവസായിക വളർച്ച ഉൾപ്പെടെ രാജ്യത്തിന്റെ വികസന സൂചികകളിൽ പിന്നിലായ ചൈനീസ് സർക്കാർ വീണ്ടും യുഎസിനെതിരെ കൊമ്പുകോർക്കുന്നതും ഈ സാഹചര്യത്തിലാണ്.
സിൻജിയാങ് മേഖലയിലെ പൊതുസുരക്ഷ വിഭാഗമടക്കം 19 സര്‍ക്കാര്‍ ഏജന്‍സികളും ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ ക്യാമറ നിർമാതാക്കളായ ഹിക്‌വിഷൻ, ദഹുവ ടെക്നോളജി, മെഗ്‍വില്‍ ടെക്നോളജി തുടങ്ങിയ ടെക് കമ്പനികളും കരിമ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയിലെ ചൈനയുടെ വളര്‍ച്ച തടയുന്നതിന്‍റെ ഭാഗമായാണ് ഉയിഗുറുകളെ ചാരി ഈ കമ്പനികളെ യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് ചൈനയുടെ ആരോപണം. തൊട്ടുപിന്നാലെ ചൈനീസ് സര്‍ക്കാരിനും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികൃതര്‍ക്കും വീസ നിയന്ത്രണം കൂടി യുഎസ് ഏർപ്പെടുത്തിയതോടെ ചൈന പ്രതിരോധത്തിലായി. സിൻജിയാങ് പ്രവിശ്യയിലെ ഉയിഗുറുകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ചൈനയുടെ പങ്ക് വ്യക്തമായതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയെന്നതായിരുന്നു യുഎസ് നിലപാട്.
സിൻജിയാങ് പാർട്ടി സെക്രട്ടറി ചെന്‍ ക്വാങ്ഗ്വോ ഉൾപ്പെടെയുള്ള നേതാക്കൾ വീസാ നിയന്ത്രണം ഏർപ്പെടുത്തിയവരിൽ ഉൾപ്പെടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ്-ചൈന വ്യാപാര യുദ്ധം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും കരാരിൽ ഏർപ്പെടാനിരിക്കെ യുഎസ് കർശന നടപടികൾ സ്വീകരിക്കില്ലെന്നായിരുന്നു ചൈനയുടെ പ്രതീക്ഷ.
ഉയിഗുറുകൾ ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും പുറത്തു നിന്നുള്ളവർ ഇടപെടേണ്ടതില്ലെന്നും ചൈന പ്രതികരിച്ചു. ‘ആദ്യം നിങ്ങളുടെ തെറ്റുകൾ തിരുത്തൂ, ഉയിഗുറുകൾ പീഡിപ്പിക്കപ്പെടുന്നുവെന്നത് പ്രചാരണം മാത്രമാണ്’– യുഎസിന് മറുപടിയായി ചൈനീസ് ഭരണകൂടം പ്രതികരിച്ചു. അതിനിടെ, ഉയിഗുറുകളുടെ പേരിൽ രാജ്യാന്തര സമൂഹം നിലപാട് കടുപ്പിക്കുമ്പോൾ കശ്മീർ വിഷയത്തിൽ ചൈന സ്വീകരിച്ച നിലപാടുകളിൽ മലക്കം മറിഞ്ഞതും ശ്രദ്ധേയമായി. കശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നും, യുഎന്‍ ചാര്‍ട്ടറും യുഎന്‍ രക്ഷാ സമിതി പ്രമേയവും ഉഭയകക്ഷി കരാറുകളും അടിസ്ഥാനമാക്കി പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഇന്നലെ വ്യക്തമാക്കിയത് ഉയിഗുറുകളെ െചാല്ലി ഉയർന്നു വന്നേക്കാമെന്ന രാജ്യാന്തര പ്രതിഷേധത്തിനു തടയിടുന്നതിനു വേണ്ടിയാണെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
യുഎസിനെതിരെ വ്യാപാരയുദ്ധം പ്രഖ്യാപിച്ചതോടെ കൈപൊള്ളിയത് ചൈനയ്ക്കാണ്. ചൈന–യുഎസ് വ്യാപാരയുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി മാറാൻ പോകുന്നത് ഇന്ത്യയാണെന്നും ചൈനയ്ക്കും നല്ല ബോധ്യമുണ്ട്. യുഎസുമായുള്ള വ്യാപാരയുദ്ധത്തിന്റെ പേരിൽ ഒരു ട്രില്യൻ ഡോളർ ആഗോള വിൽപനയുള്ള കമ്പനികൾ ചൈനയിൽ നിന്നു പുറത്തുകടക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. യുഎസും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയും രംഗത്തെത്തിയതോടെയാണ് വ്യാപാരയുദ്ധം മയപ്പെടുത്താൻ ചൈന നിർബന്ധിതമായത്. െതാട്ടുപിന്നാലെ ഉയിഗുറുകളെ ചൊല്ലി യുഎസുമായി ഇടയുകയും ചെയ്തു.
യുഎസിന്റെ സമ്മർദതന്ത്രം ചൈന നേരത്തേ തന്നെ പ്രതീക്ഷിച്ചതുമാണ്. ഭീകരവാദത്തിനെതിരെ ചൈന എടുക്കുന്ന ഫലപ്രദമായ നടപടിയാണ് ഉയിഗുറുകൾക്കെതിരെ നടപ്പാക്കുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം. രാജ്യത്ത് ഒരിടത്തും കോൺസൻട്രേഷൻ ക്യാംപ് ഇല്ലെന്നും തൊഴിൽ വിദ്യാഭ്യാസ കേന്ദ്രങ്ങളാണുള്ളതെന്നും യുഎസിനു മറുപടിയായി ചൈന വ്യക്തമാക്കി. ഭീകരതയിലേക്കു തിരിയാതിരിക്കാൻ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവുമാണ് ഈ കേന്ദ്രങ്ങളിൽ നൽകുന്നതെന്നാണു ചൈനയുടെ വാദം. എന്നാൽ ചൈനയിലെ ലക്ഷക്കണക്കിനു മുസ്‌ലിംകൾ സർക്കാരിന്റെ കൊടും പീഡനങ്ങൾക്കു വിധേയരാവുകയാണെന്ന ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെയും മറ്റു സ്വതന്ത്ര സന്നദ്ധ സംഘടനകളുടെയും റിപ്പോർട്ടിനു ചുവടു പിടിച്ചു യുഎസ് വാളെടുക്കുന്നത് ചൈനയെ വല്ലാതെ പ്രതിരോധത്തിലാക്കുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ മുസ്‌ലിം വിഭാഗങ്ങൾക്കു ശക്തമായ നിയന്ത്രണങ്ങളാണ് ചൈനയിലുള്ളത്. സുരക്ഷാസൈനികരെ ഉപയോഗിച്ചാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ ‘കോൺസൻട്രേഷൻ ക്യാംപു’കളിൽ എത്തിക്കുന്നതെന്നാണ് ആരോപണം. ഉയിഗുർ അടക്കമുള്ള മുസ്‌ലിം വിഭാഗങ്ങൾ ചൈനയിൽ അതിക്രൂരമായ പീഡനങ്ങൾക്കാണു വിധേയമാകുന്നതെന്നു യുഎസ് അടക്കമുള്ള രാജ്യങ്ങൾ പലവട്ടം ആരോപണം ഉയർത്തിയിരുന്നു. 2001 സെപ്‌റ്റംബർ 11ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണവും അതിനെ തുടർന്ന് ആരംഭിച്ച ‘ഭീകരവിരുദ്ധ പോരാട്ട’വും ഉയിഗുറുകളെ അടിച്ചമർത്താനുള്ള ചൈനീസ് പദ്ധതികൾക്ക് പുതിയ സാധ്യതകൾ നൽകുകയായിരുന്നു.
ഉയിഗുറുകൾക്കു പുറമേ വിഗേറുകൾ, ടർകിക്ക് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു പേരെ ചൈന ‘കോൺസൻട്രേഷൻ ക്യാംപു’കളിൽ അടച്ചിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയിലെ ബഹുഭൂരിപക്ഷം ആളുകളും ഹാൻ വംശത്തിൽ പെട്ടവരാണ്. വടക്കുകിഴക്കൻ ഭാഗത്ത് മംഗോളിയയുമായും ഇടതു ഭാഗത്ത് നിരവധി മുസ്‍ലിം രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിലാണ് ഉയിഗുർ മുസ്‍ലികൾ തിങ്ങിപ്പാർക്കുന്നത്.
വേറിട്ടു നിൽക്കുന്ന തങ്ങളുടെ സംസ്കാരവും ചൈനീസ് ഭരണകൂടത്തിൽ നിന്ന് നേരിടുന്ന അതിക്രമങ്ങളും ചൂണ്ടിക്കാണിച്ച് സ്വതന്ത്രരാജ്യമായി നിലനിൽക്കാൻ ഈ പ്രവിശ്യയിലുള്ളവർ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് ഹാൻ വിഭാഗക്കാരെ ഈ മേഖലയിൽ കൂടുതലായി വിന്യസിക്കുകയും ഈ മേഖലയിൽ നിന്ന് ഉയിഗുറുകളെ നാടുകടത്തുകയും ചെയ്തു. ഭീകരവാദം തുരത്തുക എന്നതല്ല, ഉയിഗുർ മുസ്‍ലിംകളെ രാജ്യത്തുനിന്നു തുരത്തുക എന്നതാണ് ചൈനീസ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യമെന്നും യുഎസ് ആരോപിച്ചിരുന്നു.
English Summary: US ‘Interfering In Internal Affairs’: China On Visa Curbs Over Treatment Of Muslims In Xinjiang