കൂടത്തായിയിൽ അന്വേഷണം കോയമ്പത്തൂരിലേക്ക്; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി
Mail This Article
കോഴിക്കോട്∙ കൂടത്തായി കൊലപാതകപരമ്പരയില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി വെളളിയാഴ്ച വരെ നീട്ടി. ജോളി അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കൂട്ടുപ്രതി പ്രജികുമാറുമായി സംസാരിക്കാന്‍ ഭാര്യയ്ക്ക് 10 മിനിറ്റു സമയം കോടതി അനുവദിച്ചു. മൂന്നുദിവസം കസ്റ്റഡി നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി രണ്ടു ദിവസമാണ് അനുവദിച്ചത്. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.
തെളിവെടുപ്പ് കോയമ്പത്തൂരിലേക്ക് നീളുകയാണ്. പ്രജികുമാര്‍ സയനൈഡ് എത്തിച്ചത് കോയമ്പത്തൂരില്‍ നിന്നെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കോയമ്പത്തൂരിലടക്കം തെളിവെടുക്കാനാണ് കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെട്ടത്. കേസിൽ ജോളിക്കായി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. പൊലീസിനെതിരെ പരാതിയില്ലെന്ന് പ്രതികള്‍ താമരശേരി കോടതിയില്‍ വ്യക്തമാക്കി. രാവും പകലും ചോദ്യം ചെയ്യല്‍ നടന്നെന്ന് ജോളിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അതേസമയം ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായം നല്‍കിയ തഹസീല്‍ദാര്‍ ജയശ്രീയുടെ മൊഴിയെടുക്കുന്നത് തുടരുകയാണ്. ജയശ്രീ ഇന്നും ഡെപ്യുട്ടി കലക്ടര്‍ മുമ്പാകെ ഹാജരായി. ഷാജുവിന്റെ പിതാവ് സഖറിയാസിന്‍റെ മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് പുലിക്കയത്തെ വീട്ടിലെത്തി. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മടങ്ങി. അതിനിടെ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ പയ്യോളി ക്രൈംബ്രാഞ്ച് ഒാഫിസിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.