ജോളിയുടെ ഉറ്റസുഹൃത്ത് റാണി ഹാജരായി; അന്വേഷണം കൂടുതൽ തലങ്ങളിലേക്ക്
Mail This Article
കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് റാണി അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായി. വടകര റൂറൽ എസ്പി ഓഫിസിലാണ് ഹാജരായത്. അന്വേഷണസംഘം ഇവരുടെ മൊഴി രേഖപ്പെടുത്തും.
ജോളിയുടെ എൻഐടി ജീവിതത്തെ പറ്റി കൂടുതൽ വിവരങ്ങൾ നൽകാൻ യുവതിക്കു കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ജോളിയുടെ മൊബൈൽ ഫോണിൽ നിന്നും യുവതിയുമൊത്തുള്ള നിരവധി ചിത്രങ്ങൾ പൊലിസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിക്കായി അന്വേഷണ സംഘം തിരച്ചിൽ നടത്തി. ഒളിവിൽ പോയ യുവതി ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങി.
എൻഐടി പരിസരത്ത് യുവതി തയ്യൽക്കട നടത്തിയിരുന്നു. ഈ തയ്യൽക്കട ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോൽസവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എൻഐടി തിരിച്ചറിയൽ കാർഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോൽസവവേദിയിൽ നിൽക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ചു.
എൻഐടി പരിസരത്തെ ബ്യൂട്ടി പാർലർ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാരിയർ എന്നിവരാണു ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണു യുവതിയുമൊത്തുള്ള ചിത്രങ്ങൾ ലഭിച്ചത്.എന്നാൽ ഇവരെ കുറിച്ചുള്ള ഒരു വിവരവും കൈമാറാൻ ജോളി തയ്യാറായിരുന്നില്ല.
English Summary: Koodathai Serial Murder Case Accused Jolly's Friend Surrendered