ഒടുങ്ങാത്ത വാഹന ഭ്രമം, തട്ടിയത് കോടികൾ; ജോളിയുടെ ആഢംബര ജീവിതം
Mail This Article
കോഴിക്കോട്∙ കൂടത്തായി കൊലക്കേസില്‍ പിടിയിലായ ജോളി റിയല്‍ എസ്റ്റേറ്റിനെന്ന പേരില്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി. പണം നല്കിയ തിരുവമ്പാടിയിലെ വ്യാപാരി കിടപ്പാടം വരെ വിറ്റ് ഒരുകോടിയിലധികം രൂപ നല്‍കിയാണു ബാധ്യത തീര്‍ത്തത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനും പണമിടപാടില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളോട് വല്ലാത്ത ഭ്രമമുണ്ടായിരുന്ന ജോളി പലപ്പോഴും സുഹൃത്തുക്കളുടെ വിലകൂടിയ കാറുകളാണു സ്വന്തമെന്ന് പറഞ്ഞ് ഓടിച്ചിരുന്നത്.
നിരവധിയാളുകളില്‍ നിന്നു പണം വാങ്ങിയിട്ടുണ്ടെന്നാണു ജോളിയുടെ മൊഴി. തിരുവമ്പാടിയിലെ വ്യാപാരി, കോടഞ്ചേരിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, കൂടത്തായിയിലെ വാഹന ഇടപാടുകാരന് എന്നിവരുമായി ലക്ഷങ്ങളുടെ കൈമാറ്റമുണ്ടായി. റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനെന്നാണു വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു പണം ഉപയോഗിച്ചിരുന്നതിനൊപ്പം ജോളി ചില ബിസിനസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.
പണം തിരികെ കിട്ടുന്നതിനു പലപ്പോഴായി ഇടനിലക്കാര്‍ വഴി സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു കോടിയോടടുത്ത് മൂല്യമുള്ള വസ്തുവും, വീടും, കടമുറികളും വിറ്റാണ് തിരുവമ്പാടിയിലെ വ്യവസായി ജോളിക്ക് നല്കിയ പണത്തിന്റെ ബാധ്യത തീര്‍ത്തത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പലരില്‍ നിന്നായി പണം വാങ്ങി ജോളിക്ക് കൈമാറിയിയിട്ടുണ്ടെന്നും വ്യക്തമായി.
ജോളിയുടെയുടെയും ബന്ധുക്കളുടെയും മൊഴിക്കൊപ്പം സുഹൃത്തുക്കളില്‍ നിന്നുള്ള വിവരങ്ങളും ലക്ഷങ്ങളുടെ ഇടപാട് നടന്നുവെന്നു തെളിയിക്കുന്നതാണ്. പണം നഷ്ടപ്പെട്ട പലരെയും ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടെങ്കിലും മാനഹാനി ഭയന്നു പരാതിയില്ലെന്ന നിലപാടാണു സ്വീകരിച്ചത്. കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ക്കു വേണ്ടിയാണു കൂടുതല്‍ പണം ഉപയോഗിച്ചതെന്ന ജോളിയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
English Summary: Koodathai Serial Murder Case accused Jolly's luxurious life