‘സിലിയെ കൊലപ്പെടുത്തിയത് ഷാജുവിന്റെ അറിവോടെ’: വെളിപ്പെടുത്തി ജോളി
Mail This Article
കോഴിക്കോട്∙ കൂടത്തായി കൊലക്കേസില്‍ ഭർത്താവ് ഷാജുവിനെ പ്രതികൂട്ടിലാക്കി ജോളി ജോസഫ്. സിലി കൊല്ലപ്പെടുമെന്ന വിവരം ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി. സിലിയെ കൊലപ്പെടുത്തിയ ശേഷം ഷാജുവിനു മൊബൈൽ ഫോണിൽ മെസേജ് അയച്ചിരുന്നു. ‘എവരിതിങ് ക്ലിയർ’ എന്നാണു സന്ദേശമയച്ചത്. ഷാജുവിനെ സ്വന്തമാക്കാനാണ് സിലിയെ കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നൽകി.
സിലി വധക്കേസിൽ ജോളി ജോസഫിനെ നേരത്തേ ആറു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി 26ന് വൈകിട്ടു നാലു മണിവരെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ജോളിയുടെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യയായ സിലിയെ താമരശ്ശേരിയിലെ ദന്താശുപത്രിയിൽ വച്ച് ഗുളികയിൽ സയനൈഡ് പുരട്ടി നൽകി കൊലപ്പെടുത്തിയെന്നാണു കേസ്. 2016 ജനുവരി 11നാണു സംഭവം.
സിലി മരണദിവസം അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ആശുപത്രിയിൽനിന്ന് ഒപ്പിട്ടു വാങ്ങിയത് ജോളിയാണ്. ഈ ആഭരണങ്ങൾ കണ്ടെത്തണമന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ജോളിയെ സ്വദേശമായ കട്ടപ്പനയിൽ കൊണ്ടുപോയി തെളിവെടുപ്പു നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
English Summary: Koodathai Serial Murder Case accused Jolly against husband Shaju